ബോളിവുഡ് നടി കങ്കണ റണാവത് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച പുതിയ ചിത്രം 'ഭാരത് ഭാഗ്യ വിധാതാ' ബോക്സ് ഓഫീസിൽ വലിയ പ്രതിസന്ധി നേരിടുന്നു. തിയേറ്ററുകളിൽ എത്തി രണ്ടാം ദിനമായ ശനിയാഴ്ച 1.40 കോടി രൂപ മാത്രമാണ് ചിത്രത്തിന് നേടാനായത്. ആദ്യദിനത്തെ അപേക്ഷിച്ച് കളക്ഷനിൽ 75-80 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ടെങ്കിലും, സിനിമയെ ഒരു സുരക്ഷിത തീരത്ത് എത്തിക്കാൻ ഈ തുക ഒട്ടും പര്യാപ്തമല്ലെന്നാണ് സിനിമാ ലോകത്ത് നിന്നുള്ള റിപ്പോർട്ടുകൾ. ഇതോടെ രണ്ട് ദിവസം കൊണ്ട് ചിത്രത്തിന് ആകെ നേടാനായത് വെറും 2.20 കോടി രൂപ മാത്രമാണ്.
മനോജ് തപാഡിയ സംവിധാനം ചെയ്ത മെഡിക്കൽ ഡ്രാമ ആദ്യ വീക്കെൻഡ് പിന്നിടുമ്പോൾ 4 മുതൽ 4.50 കോടി രൂപ വരെ മാത്രമേ നേടൂ എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. 2008-ലെ മുംബൈ ഭീകരാക്രമണത്തിനിടയിൽ കാമ ഹോസ്പിറ്റലിലെ നഴ്സുമാരും ആരോഗ്യപ്രവർത്തകരും കാട്ടിയ സമാനതകളില്ലാത്ത ധീരതയുടെ കഥ പറയുന്ന ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് സിനിമാ ആസ്വാദകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിക്കുന്നത്. എങ്കിലും തിയേറ്ററുകളിലേക്ക് ആളുകളെ ആകർഷിക്കാൻ ചിത്രത്തിന് സാധിക്കുന്നില്ല. വരും ദിവസങ്ങളിൽ കളക്ഷനിൽ വൻ കുതിച്ചുചാട്ടം ഉണ്ടായാൽ മാത്രമേ സിനിമയ്ക്ക് ബോക്സ് ഓഫീസിൽ പിടിച്ചുനിൽക്കാൻ സാധിക്കൂ
നിലവിലെ പോക്ക് തുടരുകയാണെങ്കിൽ കങ്കണയുടെ മുൻ ചിത്രമായ 'എമർജൻസി'യേക്കാൾ കുറഞ്ഞ കളക്ഷനിലേക്ക് ചിത്രം ഒതുങ്ങാനാണ് സാധ്യത. ഇത് ചിത്രത്തെ സംബന്ധിച്ച് വലിയൊരു പരാജയമായിരിക്കും. ഒപ്പം കങ്കണയ്ക്ക് ബോക്സ് ഓഫീസിൽ ഒരു ക്ലീൻ ഹിറ്റ് ചിത്രത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും. 'മെയിൻ വാപസ് ആഊംഗാ', 'ഹോണ്ടഡ് 3ഡി: എക്കോസ് ഓഫ് ദി പാസ്റ്റ്' തുടങ്ങിയ മറ്റ് ചിത്രങ്ങളുമായുള്ള നേരിട്ടുള്ള മത്സരവും 'ഭാരത് ഭാഗ്യ വിധാതാ'യുടെ കളക്ഷനെ ബാധിച്ചിട്ടുണ്ട്.
Bollywood actress Kangana Ranaut's latest film Bharat Bhagya Vidhata is struggling at the box office despite receiving positive reviews. The medical drama has collected only ₹2.2 crore in its first two days, raising concerns about its commercial prospects.