മോഹൻലാലിനെ നായകനാക്കി രഞ്ജിത്ത് രചനയും സംവിധാനവും നിർവഹിച്ച് 2005ൽ റിലീസ് ചെയ്ത ‘ചന്ദ്രോത്സവം’ 4K മികവിൽ വീണ്ടും തിയേറ്ററുകളിലേക്ക്. ദാമർ സിനിമയുടെ ബാനറിൽ സന്തോഷ് ദാമോദരൻ നിർമ്മിച്ച ചിത്രത്തിന്റെ 4K റീ-റിലീസ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിട്ടുണ്ട്.
2005 ഏപ്രിൽ 14ന് വിഷു റിലീസായാണ് ‘ചന്ദ്രോത്സവം’ തിയറ്ററുകളിലെത്തിയത്. മോഹൻലാലിനൊപ്പം മീന, രഞ്ജിത്ത്, ജഗദീഷ്, കൊച്ചിൻ ഹനീഫ, സംവൃത സുനിൽ, വി. ദക്ഷിണാമൂർത്തി, ഖുശ്ബു, ജയകൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. വർഷങ്ങൾക്കിപ്പുറം ‘ചന്ദ്രോത്സവം’ വീണ്ടും ബിഗ് സ്ക്രീനിലെത്തുമ്പോൾ ചിത്രത്തിന്റെ ആരാധകരിലും ഏറെ പ്രതീക്ഷയാണ് ഉയരുന്നത്.
തന്റെ കാമുകിയായ ഇന്ദുവിന്റെ വിവാഹദിനത്തിൽ നടന്ന ഒരു സംഭവത്തെ തുടർന്ന് വധശ്രമക്കേസിൽ അറസ്റ്റിലാകുന്ന ചിറയ്ക്കൽ ശ്രീഹരി ജയിൽവാസത്തിന് ശേഷം വിദേശത്തേക്ക് പോകുന്നു. ആറ് വർഷങ്ങൾക്ക് ശേഷം നാട്ടിൽ തിരിച്ചെത്തുമ്പോൾ, ഇന്ദു കിടപ്പിലായ ഭർത്താവിനെ ശുശ്രൂഷിച്ച് കഴിയുകയാണ്.
പഴയ സൗഹൃദങ്ങളും മനോഹരമായ ഓർമകളും ഒരിക്കൽ കൂടി തിരിച്ചുപിടിക്കാനും, പഴയ ശത്രുക്കളെ നേരിടാനും, ഇന്ദുവിനുണ്ടായിരുന്ന തെറ്റിദ്ധാരണകൾ മാറ്റാനുമാണ് ശ്രീഹരി തിരിച്ചെത്തുന്നത്. എന്നാൽ അധികം സമയം അവശേഷിക്കുന്നില്ല. ഉടൻ തന്നെ വിദേശത്തേക്ക് മടങ്ങേണ്ടതിനാൽ, മടക്കയാത്രയ്ക്ക് മുമ്പ് ചെയ്തു തീർക്കാനുള്ള പല കാര്യങ്ങളുമായാണ് ശ്രീഹരിയുടെ തിരിച്ചുവരവ്. ഈ സംഭവവികാസങ്ങളിലൂടെയാണ് ‘ചന്ദ്രോത്സവം’ മുന്നോട്ടുപോകുന്നത്.
മാസ് സിനിമകളിലൂടെ ശ്രദ്ധേയമായ മോഹൻലാൽ-രഞ്ജിത്ത് കൂട്ടുകെട്ടിൽ പിറന്ന വേറിട്ട ചിത്രമായിരുന്നു ‘ചന്ദ്രോത്സവം’. പതിവ് മാസ് ചിത്രങ്ങളിൽനിന്ന് വ്യത്യസ്തമായി, പതിഞ്ഞ താളത്തിൽ കഥ പറഞ്ഞ ഫീൽ ഗുഡ് സ്വഭാവമുള്ള ചിത്രമായിരുന്നു ഇത്. ചിത്രത്തിലെ നിരവധി ഡയലോഗുകളും അന്നും ഇന്നും പ്രേക്ഷകർക്കിടയിൽ ഏറെ ജനപ്രിയമാണ്. വിദ്യാസാഗർ-ഗിരീഷ് പുത്തഞ്ചേരി കൂട്ടുകെട്ടിൽ പിറന്ന പ്രണയഗാനങ്ങളും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു. ‘മുറ്റത്തെത്തും തെന്നലേ’, ‘ആരാരും കാണാതെ’, ‘പൊൻമുളം തണ്ടിൽ’ തുടങ്ങിയ ഗാനങ്ങൾ പുറത്തിറങ്ങി വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.
ഇന്ദുലേഖയും ശ്രീഹരിയും തമ്മിലുള്ള സംഭാഷണങ്ങളും ഏറെ ശ്രദ്ധേയമാണ്. “ഒരു ദിവസം തിരിച്ചുവരുമെന്നറിയാമായിരുന്നു. അന്നു പക്ഷേ, കൂടെയൊരു പെൺകുട്ടിയും കൂടി ഉണ്ടാവുമെന്നു കരുതി” എന്ന ഇന്ദുലേഖയുടെ വാക്കുകൾക്ക് ശ്രീഹരി നൽകുന്ന മറുപടി “ഒരാളെ പോലെ ഒരാൾ മാത്രമേ ഉള്ളൂ” എന്നാണ്. കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ ആഴവും സിനിമയുടെ വൈകാരികതയും ഒരുപോലെ അടയാളപ്പെടുത്തുന്ന ഈ സംഭാഷണം ഇന്നും പ്രേക്ഷകരുടെ മനസിൽ ‘ചന്ദ്രോത്സവ’ത്തെ നിത്യഹരിതമായി നിലനിർത്തുന്നു.
ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സിന്റെ നേതൃത്വത്തിലാണ് ‘ചന്ദ്രോത്സവം’ വീണ്ടും തിയറ്ററുകളിലെത്തുന്നത്. മലയാളത്തിലെ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ ആധുനിക സാങ്കേതിക മികവോടെ പ്രേക്ഷകരിലേക്ക് എത്തിച്ച ഹൈ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ 4K റീമാസ്റ്ററിംഗ് നിർവഹിച്ചിരിക്കുന്നത്. 4K ദൃശ്യ മികവിനൊപ്പം Dolby Atmos ശബ്ദ സാങ്കേതികവിദ്യയിലും ചിത്രം റീമാസ്റ്റർ ചെയ്തിട്ടുണ്ട്.
Mohanlal’s 2005 feel-good film Chandrolsavam, directed by Ranjith, is set for a 4K re-release with Dolby Atmos sound. The film, starring Meena, Ranjith and Jagadish, remains popular for its memorable dialogues and Vidyasagar-Gireesh Puthenchery songs. The first-look poster for the re-release has been released, bringing the nostalgic classic back to theatres.