എഐ സാങ്കേതികവിദ്യയുടെ ദുരുപയോഗത്തിനും ഡിജിറ്റൽ ആൾമാറാട്ടത്തിനുമെതിരെ ശക്തമായ നിയമനടപടികൾ ആവശ്യപ്പെട്ട് നടൻ ചിരഞ്ജീവി. ഡീപ്ഫേക്ക് വീഡിയോകൾ, ശബ്ദം അനുകരിക്കൽ, താരങ്ങളുടെ വ്യക്തിത്വവും ചിത്രങ്ങളും അനുമതിയില്ലാതെ ഉപയോഗിക്കൽ തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കണമെന്നാണ് ചിരഞ്ജീവിയുടെ ആവശ്യം. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും സമർപ്പിക്കുന്നതിനായി കേന്ദ്രമന്ത്രി കിഷൻ റെഡ്ഡിക്ക് താരം നിവേദനം കൈമാറി.
നേരത്തെ മകൻ രാം ചരണിനൊപ്പം ഹൈദരാബാദിലെ വസതിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചിരഞ്ജീവി കൂടിക്കാഴ്ച നടത്തിയിരുന്നു. നവംബർ രണ്ടിന് നടന്ന കൂടിക്കാഴ്ചയിൽ സിനിമാ, ടെലിവിഷൻ മേഖലകളിൽ എഐ ദുരുപയോഗം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചായിരുന്നു പ്രധാനമായും ചർച്ച ചെയ്തത്. വിഷയം ഗൗരവമായി പരിഗണിക്കണമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കൂടിക്കാഴ്ചയിൽ ചിരഞ്ജീവി ചൂണ്ടിക്കാട്ടിയിരുന്നു. അമിത് ഷായുടെ നിർദേശത്തെ തുടർന്നാണ് കിഷൻ റെഡ്ഡിക്ക് നിവേദനം സമർപ്പിച്ചത്.
ശനിയാഴ്ച നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം തിങ്കളാഴ്ച എക്സിലൂടെ ഇക്കാര്യം ചിരഞ്ജീവി പങ്കുവച്ചു. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് കിഷൻ റെഡ്ഡിക്ക് നിവേദനം കൈമാറിയതെന്ന് താരം കുറിച്ചു. ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായി ചർച്ച നടത്തി വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കാമെന്ന് കിഷൻ റെഡ്ഡി ഉറപ്പുനൽകിയതായും ചിരഞ്ജീവി വ്യക്തമാക്കി.
കലാകാരന്മാരുടെ വ്യക്തിത്വം, അന്തസ്സ്, സ്വകാര്യത, സർഗാത്മക അവകാശങ്ങൾ എന്നിവ സംരക്ഷിക്കേണ്ടത് പ്രധാനമാണെന്നും താരം കുറിപ്പിൽ പറഞ്ഞു. സർഗാത്മകത വളർത്താനാണ് സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടതെന്നും അത് വ്യക്തികളുടെ അന്തസ്സ് തകർക്കാനുള്ള ഉപാധിയായി മാറരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഐ ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യാജ വീഡിയോകളും ശബ്ദങ്ങളും വ്യക്തികളുടെ അനുമതിയില്ലാതെ അവരുടെ രൂപവും ശബ്ദവും ഉപയോഗിക്കുന്ന രീതികളും ഗുരുതരമായ ആശങ്കയുണ്ടാക്കുന്നതായി ചിരഞ്ജീവി നിവേദനത്തിൽ ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യയുടെ വളർച്ച സർഗാത്മകതയ്ക്കും പുതിയ സാധ്യതകൾക്കും വഴിയൊരുക്കുന്നുണ്ടെങ്കിലും അതിന്റെ ദുരുപയോഗം വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്.
വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത് സ്വന്തം പേരും വ്യക്തിത്വവും കരിയറും കെട്ടിപ്പടുത്ത കലാകാരന്മാരുടെ മുഖവും ശബ്ദവും പ്രകടനങ്ങളും അവരുടെ അറിവോ സമ്മതമോ ഇല്ലാതെ ഡിജിറ്റലായി പുനഃസൃഷ്ടിക്കപ്പെടുകയോ മാറ്റം വരുത്തുകയോ ചെയ്യുന്ന സാഹചര്യമാണുള്ളത്. ഇത് വ്യക്തികളുടെ പ്രശസ്തിക്ക് കോട്ടം വരുത്തുന്നതിനൊപ്പം മാനസിക ബുദ്ധിമുട്ടുകൾക്കും സാമ്പത്തിക ചൂഷണത്തിനും പൊതുസമൂഹത്തിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതിനും കാരണമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി
എഐ ദുരുപയോഗം തടയുന്നതിനായി കേന്ദ്രമന്ത്രാലയത്തിന്റെ പരിഗണനയ്ക്കായി ചിരഞ്ജീവി മൂന്ന് പ്രധാന നിർദേശങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്. ഒരാളുടെ മുഖം, ശബ്ദം, ചിത്രം, വ്യക്തിത്വം എന്നിവ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് അനുമതിയില്ലാതെ വാണിജ്യപരമായോ ദുരുദ്ദേശ്യത്തോടെയോ ഉപയോഗിക്കുന്നത് തടയാൻ വ്യക്തമായ നിയമസംരക്ഷണം ഉറപ്പാക്കണമെന്നാണ് ആദ്യ നിർദേശം. ഡിജിറ്റലായി ഒരാളുടെ രൂപമോ ശബ്ദമോ പ്രകടനമോ പുനഃസൃഷ്ടിക്കുന്നതിനും മാറ്റം വരുത്തുന്നതിനും മുൻപ് വ്യക്തമായ സമ്മതം നിർബന്ധമാക്കണമെന്നും താരം ആവശ്യപ്പെടുന്നു. നിയമപരമായി അനുവദനീയമായ പ്രത്യേക സാഹചര്യങ്ങൾ ഇതിൽ പരിഗണിക്കാമെന്നും നിവേദനത്തിൽ പറയുന്നു.
ഡീപ്ഫേക്ക് നിർമ്മാണം, പ്രചാരണം, ഡിജിറ്റൽ ആൾമാറാട്ടം, വ്യക്തികളുടെ തിരിച്ചറിയൽ വിവരങ്ങളുടെ ദുരുപയോഗം, അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വ്യാജ ഉള്ളടക്കങ്ങളുടെ പ്രചരണം എന്നിവയ്ക്കെതിരെ കർശനമായ സിവിൽ, ക്രിമിനൽ നടപടികളും പിഴകളും ഉറപ്പാക്കണമെന്നതാണ് മറ്റൊരു നിർദേശം.
നേരത്തെയും കീർത്തി സുരേഷ്, രശ്മിക മന്ദാന, രുക്മിണി വസന്ത്, ശ്രീലീല, ജാൻവി കപൂർ, സുനൈന തുടങ്ങിയ താരങ്ങൾ എഐ ദുരുപയോഗത്തിനെതിരെ രംഗത്തെത്തിയിരുന്നു. തങ്ങളുടെ ചിത്രങ്ങളും രൂപവും ഉപയോഗിച്ച് നിർമ്മിച്ച വ്യാജ ദൃശ്യങ്ങൾക്കെതിരെ ഇവർ സമൂഹമാധ്യമങ്ങളിലൂടെ ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു. താരങ്ങളുടെ ഡിജിറ്റൽ വ്യക്തിത്വവും സർഗാത്മക അവകാശങ്ങളും സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ചിരഞ്ജീവിയുടെ പുതിയ നീക്കം.
Actor Chiranjeevi has urged the Union government to introduce stronger legal safeguards against AI misuse and digital impersonation. Following his meeting with Home Minister Amit Shah, he submitted a memorandum through Union Minister G Kishan Reddy, seeking protection for artists' faces, voices, identities and creative rights against deepfakes.