Entertainment News

വര്‍ഷങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചു; തന്റെ ആദ്യ ഇന്ത്യന്‍ പ്രീമിയറുമായി ക്രിസ്റ്റഫര്‍ നോളന്‍ മുംബൈയില്‍, ഒപ്പം ടോം ഹോളണ്ടും മാറ്റ് ഡാമണും

2019-ല്‍ ജോണ്‍ ഡേവിഡ് വാഷിങ്ടണ്‍, റോബര്‍ട്ട് പാറ്റിന്‍സണ്‍ എന്നിവര്‍ക്കൊപ്പമുള്ള 'ടെനെറ്റ്' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായാണ് നോളന്‍ ഒടുവില്‍ ഇന്ത്യയിലെത്തിയത്

Entertainment Desk

'ദി ഒഡീസി'യുടെ ഇന്ത്യയിലെ പ്രീമിയര്‍ പ്രദര്‍ശനത്തിനായി സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍ മുംബൈയിലെത്തി. സംവിധായകനൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും സഹനിര്‍മ്മാതാവുമായ എമ്മ തോമസും പ്രധാന അഭിനേതാക്കളായ ടോം ഹോളണ്ട്, മാറ്റ് ഡാമണ്‍ എന്നിവരുമുണ്ടായിരുന്നു. തന്റെ ചിത്രങ്ങളില്‍ ഏതെങ്കിലും ഒന്ന് ഇന്ത്യയില്‍ റിലീസ് ചെയ്യണമെന്ന് വര്‍ഷങ്ങളായി ആഗ്രഹിച്ചിരുന്നതായി നോളന്‍ പറഞ്ഞു. ഇന്ത്യന്‍ സിനിമാപ്രേമികളുടെ ഊര്‍ജ്ജത്തെ ടോം ഹോളണ്ട് പ്രശംസിച്ചപ്പോള്‍, കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി നടത്തിയ ആദ്യ പ്രദര്‍ശനത്തിന് ശേഷം യഥാര്‍ത്ഥ കാണികള്‍ സിനിമ കാണുന്നത് ഇതാദ്യമാണെന്നും അതുകൊണ്ടുതന്നെ ഈ നിമിഷങ്ങള്‍ തങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണെന്നും മാറ്റ് ഡാമണ്‍ വ്യക്തമാക്കി.

ജൂലൈ 17-ന് ചിത്രം തിയറ്ററുകളില്‍ എത്തുന്നതിന് മുന്നോടിയായാണ് ഇന്ത്യന്‍ പ്രീമിയര്‍ നടക്കുന്നത്. യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ തങ്ങളുടെ ആഗോള പ്രീമിയര്‍ ടൂറിന്റെ ഔദ്യോഗിക വേദികളിലൊന്നായാണ് മുംബൈയെയും തിരഞ്ഞെടുത്തത്. ലണ്ടന്‍, പാരീസ്, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലാണ് മറ്റു പ്രീമിയര്‍ ഷോകള്‍. ദി ഇന്റര്‍സ്റ്റെല്ലര്‍, പ്രസ്റ്റീജ്, ദി ബാറ്റ്മാന്‍ സീരീസ്, ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ഓപ്പണ്‍ഹൈമര്‍ എന്നിവയിലൂടെ രാജ്യത്ത് വന്‍ ആരാധകവൃന്ദമുള്ള സംവിധായകനൊപ്പം സംവദിക്കാന്‍ ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്ക് അവസരം ലഭിക്കുന്നത് വളരെ അപൂര്‍വമാണ്.

ദി ഡാര്‍ക്ക് നൈറ്റ് റൈസസ്, ടെനെറ്റ് എന്നീ ചിത്രങ്ങളുടെ ചിത്രീകരണം ഇന്ത്യയില്‍ നടത്തിയിട്ടുള്ള സംവിധായകന്‍, ദി ഒഡീസിയുടെ പ്രത്യേക പ്രദര്‍ശനത്തിന് ശേഷം ആരധകരോടായി പറഞ്ഞു, 'ഞാന്‍ മുംബൈയില്‍ വരുന്നത് ഇത് ആദ്യമായല്ല, പക്ഷേ ഇവിടെ ഒരു സിനിമ റിലീസ് ചെയ്യാന്‍ അവസരം ലഭിക്കുന്നത് ഇതാദ്യമായാണ്. അതിനാല്‍ ലോകത്തില്‍ തന്നെ ഈ സിനിമ കാണുന്ന ആദ്യ പ്രേക്ഷകരില്‍ ചിലരാണ് നിങ്ങള്‍'. തുടര്‍ന്ന് അദ്ദേഹം തമാശയായി ചോദിച്ചു, 'ഒരു കാര്യം പറയൂ, ആരാണ് കൂടുതല്‍ നന്നായി അഭിനയിച്ചത്, മാറ്റ് ആണോ ടോം ആണോ? രണ്ടുപേരും മികച്ചതായിരുന്നു'.

ചിത്രം കാണാനെത്തിയ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ നോളന്‍, ഇന്ത്യയിലെത്തുന്നത് എപ്പോഴും ആവേശകരമായ അനുഭവമാണെന്ന് കൂട്ടിച്ചേര്‍ത്തു. താന്‍ ഇതിനുമുമ്പ് രണ്ടുതവണ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ടെന്നും ആ യാത്രകളെല്ലാം സവിശേഷമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലോകത്തില്‍ തന്നെ സിനിമയെക്കുറിച്ച് ആഴത്തില്‍ അറിവുള്ള പ്രേക്ഷകരാണ് ഇന്ത്യയിലേതെന്നും അവര്‍ക്കൊപ്പം ഇരുന്ന് തന്റെ സിനിമ കാണാന്‍ താന്‍ ഏറെ നാളായി ആഗ്രഹിച്ചിരുന്നുവെന്നും നോളന്‍ വ്യക്തമാക്കി.

2019-ല്‍ ജോണ്‍ ഡേവിഡ് വാഷിങ്ടണ്‍, റോബര്‍ട്ട് പാറ്റിന്‍സണ്‍ എന്നിവര്‍ക്കൊപ്പമുള്ള 'ടെനെറ്റ്' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായാണ് നോളന്‍ ഒടുവില്‍ ഇന്ത്യയിലെത്തിയത്. അതിനുമുമ്പ് 2011-ല്‍ 'ദി ഡാര്‍ക്ക് നൈറ്റ് റൈസസ്' എന്ന ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ ജോധ്പൂരിലെ മെഹ്റാന്‍ഗഡ് കോട്ടയില്‍ ചിത്രീകരിക്കുന്നതിനായി അദ്ദേഹം ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.

ഇന്ത്യന്‍ പ്രേക്ഷകര്‍ എപ്പോഴും തങ്ങളെ ഊഷ്മളതയോടും സന്തോഷത്തോടും ആവേശത്തോടും സ്‌നേഹത്തോടും കൂടിയാണ് സ്വീകരിക്കുന്നതെന്ന് ഹോളണ്ട് പറഞ്ഞു. ഇന്ത്യന്‍ പ്രേക്ഷകരെപ്പോലെ തിയറ്ററുകളില്‍ മറ്റാര്‍ക്കും ഇത്രയും ഊര്‍ജ്ജം കൊണ്ടുവരാന്‍ കഴിയില്ലെന്ന് പറഞ്ഞ അദ്ദേഹം, നോളന്റെ സിനിമകളെ പിന്തുണയ്ക്കുന്നതിന് നന്ദി അറിയിക്കുകയും ചെയ്തു. 'ഈ സിനിമയ്‌ക്കൊരു രണ്ടാം ഭാഗം ഉണ്ടാകാന്‍ എനിക്ക് ഇനി കാത്തിരിക്കാനാവില്ല', ഹോളണ്ട് കൂട്ടിച്ചേര്‍ത്തു. ഈ നിമിഷം അതിശയകരമാണെന്ന് വിശേഷിപ്പിച്ച മാറ്റ് ഡാമണ്‍ ആയിരക്കണക്കിന് ആളുകള്‍ കഠിനാധ്വാനം ചെയ്താണ് ഈ സിനിമ നിര്‍മ്മിച്ചതെന്നും ചിത്രം പൂര്‍ണമായും ഐമാക്‌സില്‍ ആണ് ചിത്രീകരിച്ചിരിക്കുന്നത് എന്നും കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനില്‍ നിന്ന് യാതൊരുവിധ കട്ടുകളും കൂടാതെ ചിത്രത്തിന് 'എ' സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് ചിത്രത്തിന്റെ ദൈര്‍ഘ്യം രണ്ട് മണിക്കൂര്‍ 52 മിനിറ്റ് 33 സെക്കന്‍ഡാണ്. ഹോമറിന്റെ പ്രശസ്തമായ ഗ്രീക്ക് ഇതിഹാസത്തെ ആസ്പദമാക്കി നോളന്‍ തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ട്രോജന്‍ യുദ്ധത്തിന് ശേഷം ഒഡീസിയസ് (മാറ്റ് ഡാമന്‍ അവതരിപ്പിക്കുന്ന കഥാപാത്രം) ഇതാക്കയിലേക്കുള്ള തന്റെ അപകടം നിറഞ്ഞ മടക്കയാത്ര നടത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ടോം ഹോളണ്ട്, സെന്‍ഡയ, റോബര്‍ട്ട് പാറ്റിന്‍സണ്‍, ചാര്‍ലിസ് തെറോണ്‍, ലുപിത ന്യൂയോംഗോ, സാമന്ത മോര്‍ട്ടന്‍ എന്നിവരടങ്ങുന്ന വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. നോളനും എമ്മ തോമസും ചേര്‍ന്ന് തങ്ങളുടെ 'സിന്‍കോപ്പി' ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Acclaimed filmmaker Christopher Nolan attended the Indian premiere of The Odyssey in Mumbai alongside producer Emma Thomas and actors Tom Holland and Matt Damon. Nolan said he had long wished to release one of his films in India and thanked Indian audiences for their love of cinema. Tom Holland praised the unmatched energy of Indian moviegoers, while Matt Damon described the premiere as a special moment before the film's worldwide release. The film is set to hit theatres on July 17