ക്രിസ്റ്റഫർ നോളന്റെ കരിയറിലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയമായി മാറി ‘ദി ഒഡീസി’. നോളന്റെ മുൻ ചിത്രങ്ങളുടെയെല്ലാം കളക്ഷൻ റെക്കോർഡുകൾ മറികടന്നാണ് ഈ നേട്ടം ‘ദി ഒഡീസി’ സ്വന്തമാക്കിയിരിക്കുന്നത്. റിലീസിന് പിന്നാലെ ആഗോളതലത്തിൽ മികച്ച പ്രതികരണവും ബോക്‌സ് ഓഫീസ് പ്രകടനവും നേടിയ ചിത്രം നോളന്റെ കരിയറിലെ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. ജൂലൈ 17നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോൾ ‘ദി ഒഡീസി’ ആഗോള ബോക്‌സ് ഓഫീസിൽ 1.104 ബില്യൺ ഡോള, ഏകദേശം 9,300 കോടി രൂപ നേടിയതായി സ്റ്റുഡിയോ സ്ഥിരീകരിച്ചു. ഇതോടെ നോളന്റെ തന്നെ സംവിധാനത്തിൽ 2012ൽ പുറത്തിറങ്ങിയ ‘ദി ഡാർക്ക് നൈറ്റ് റൈസസ്’ നേടിയ 1.085 ബില്യൺ ഡോളറിന്റെ കളക്ഷനും, 2008ലെ ‘ദി ഡാർക്ക് നൈറ്റ്’ നേടിയ 1.005 ബില്യൺ ഡോളർ കളക്ഷനും ദി ഒഡിസി മറികടന്നു. ഇതുവരെ നോളന്റെ ഏറ്റവും വലിയ ആഗോള വിജയങ്ങളെന്ന റെക്കോർഡ് കൈവശം വച്ചിരുന്നത് ഈ രണ്ട് ബാറ്റ്മാൻ ചിത്രങ്ങളായിരുന്നു.
ഞായറാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം ‘ദി ഒഡീസി’ അമേരിക്കൻ ബോക്‌സ് ഓഫീസിൽ 461.1 മില്യൺ ഡോളറാണ് വാരിക്കൂട്ടിയത്. വാരാന്ത്യ കളക്ഷനിൽ ‘സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ’യ്ക്ക് തൊട്ടുപിന്നിലാണ് ചിത്രം. ട്രോജൻ യുദ്ധത്തിന് ശേഷം സ്വന്തം നാടായ എത്തിക്കയിലേക്ക് മടങ്ങുന്ന ഒഡീസ്യസിന്റെ ദുർഘടമായ യാത്രയാണ് മാറ്റ് ഡാമൺ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ പ്രമേയം. ടോം ഹോളണ്ട്, ആൻ ഹാതവേ, റോബർട്ട് പാറ്റിൻസൺ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ഹോമറിന്റെ ഇതിഹാസ കാവ്യത്തെ ആസ്പദമാക്കിയ ചിത്രം, 2024ലെ ‘ഡെഡ്‌പൂൾ & വോൾവറിൻ’ കഴിഞ്ഞാൽ ആഭ്യന്തര, ആഗോള ബോക്‌സ് ഓഫീസുകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ R-റേറ്റഡ് ചിത്രമെന്ന നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്. മാറ്റ് ഡാമൺ, ആൻ ഹാതവേ, റോബർട്ട് പാറ്റിൻസൺ എന്നിവരുടെ കരിയറിലെ ഏറ്റവും വലിയ വിജയ സിനിമ കൂടിയാണ് ‘ദി ഒഡീസി’.
ഇതുവരെ ചിത്രത്തിന്റെ ആഗോള ഐമാക്സ് കളക്ഷൻ 289.3 മില്യൺ ഡോളറിന് മുകളിലാണ്. ഇതോടെ എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഐമാക്സ് റിലീസായി ദി ഒഡിസി മാറിയിട്ടുണ്ട്. പൂർണമായും ഐമാക്സ് ഫിലിം ക്യാമറകളിൽ ചിത്രീകരിച്ച ആദ്യ നരേറ്റീവ് ഫീച്ചർ ഫിലിം എന്ന പ്രത്യേകതയും ‘ദി ഒഡീസി’ക്കുണ്ട്.
ക്രിസ്റ്റഫർ നോളന്റെ 2023ലെ ‘ഓപ്പൺഹൈമറും’ വിതരണത്തിനെത്തിച്ചത് യൂണിവേഴ്സൽ പിക്ചേഴ്സാണ്. ആഗോള ബോക്‌സ് ഓഫീസിൽ 975.8 മില്യൺ ഡോളർ നേടിയ ‘ഓപ്പൺഹൈമ’റാണ് നോളന്റെ കരിയറിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ നാലാമത്തെ ചിത്രമാണ്. മികച്ച ചിത്രം, മികച്ച സംവിധായകൻ ഉൾപ്പെടെ ഏഴ് ഓസ്കർ പുരസ്കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. ഇനി വരുന്ന അക്കാദമി അവാർഡുകൾ ദി ഒഡിസി വാരിക്കൂട്ടും എന്ന കാര്യത്തിൽ സംശയമില്ല.
ക്രിസ്റ്റഫർ നോളന്റെ ചിത്രങ്ങൾ ആഗോള ബോക്‌സ് ഓഫീസിൽ നേടിയ ആകെ കളക്ഷനും ഇക്കൊല്ലം 7 ബില്യൺ ഡോളർ പിന്നിട്ടു. ഈ വർഷം ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ അഞ്ച് ചിത്രങ്ങളുടെ പട്ടികയിലും ‘ദി ഒഡീസി’ ഇടംപിടിച്ചിട്ടുണ്ട്. ദി സൂപ്പർ മാരിയോ ഗാലക്സി മൂവി’, ‘മൈക്കിൾ’, ‘ടോയ് സ്റ്റോറി 5’, ‘സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ’ എന്നീ ചിത്രങ്ങൾക്ക് പിന്നാലെയാണ് ‘ദി ഒഡീസി’യും ഒരു ബില്യൺ ഡോളർ ക്ലബ്ബിലെത്തിയത്. ‘ദി സൂപ്പർ മാരിയോ ഗാലക്സി മൂവി’യുടെ വിതരണവും ‘മൈക്കിൾ’ സിനിമയുടെ അന്താരാഷ്ട്ര വിതരണവും യൂണിവേഴ്സൽ പിക്ചേഴ്സ് തന്നെയാണ് നിർവഹിച്ചത്.
‘The Odyssey’ has become Christopher Nolan’s highest-grossing film, earning $1.104 billion worldwide. The Matt Damon starrer surpassed ‘The Dark Knight Rises’ and ‘The Dark Knight’, setting new box-office records. The film also became the highest-grossing IMAX release ever, while crossing $289.3 million in global IMAX collections.