Entertainment News

‘നടന്മാർക്ക് ലാഭവിഹിതം ചോദിക്കാമെങ്കിൽ നടിമാർക്കും ആയിക്കൂടേ?’; പോസ്റ്റ് പിന്തുണച്ച് ദീപിക പദുക്കോൺ

പ്രണയ് റെഡ്ഡി വാംഗയുടെ പ്രസ്താവനകളെ വിമർശിച്ച് മാധ്യമപ്രവർത്തക ജാൻവി മഞ്ചന്ദ പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റാണ് ദീപിക ലൈക്ക് ചെയ്തത്

Entertainment Desk

പ്രഭാസ് നായകനാകുന്ന ‘സ്പിരിറ്റ്’ ചിത്രത്തിൽ നിന്ന് ദീപിക പദുക്കോൺ പിന്മാറിയ സംഭവം വീണ്ടും ചർച്ചയാകുന്നു. പിന്മാറ്റവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വാദങ്ങളെ വിമർശിച്ചുകൊണ്ടുള്ള ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് ദീപിക ലൈക്ക് ചെയ്തതാണ് പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിർമാതാവ് പ്രണയ് റെഡ്ഡി വാംഗ നടത്തിയ ചില വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് ദീപികയുടെ സോഷ്യൽ മീഡിയ ഇടപെടൽ ശ്രദ്ധ നേടുന്നത്. പിന്മാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ദീപിക നേരിട്ട് പ്രതികരിച്ചിട്ടില്ലെങ്കിലും, പോസ്റ്റിന് നൽകിയ ലൈക്ക് അവരുടെ നിലപാട് തന്നെയാണ് എന്ന തരത്തിലുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

പ്രതിഫലത്തെച്ചൊല്ലിയും ചിത്രത്തിന്റെ ലാഭവിഹിതത്തെച്ചൊല്ലിയുമുള്ള തര്‍ക്കങ്ങളാണ് ദീപികയുടെ പിന്മാറ്റത്തിന് പിന്നിലെന്നായിരുന്നു സംവിധായകന്റെ സഹോദരനും നിര്‍മ്മാതാവുമായ പ്രണയ് റെഡ്ഡി വംഗ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. കേവലം 5-6 കോടി രൂപയുടെ അധിക പ്രതിഫലം മാത്രമല്ല, സിനിമയുടെ ലാഭത്തില്‍ നിന്ന് 10 ശതമാനം വിഹിതം ദീപിക ആവശ്യപ്പെട്ടതോടെയാണ് കാര്യങ്ങള്‍ കൈവിട്ടുപോയതെന്ന് പ്രണയ് വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ, പ്രണയ് റെഡ്ഡി വാംഗയുടെ പ്രസ്താവനകളെ വിമർശിച്ച് മാധ്യമപ്രവർത്തക ജാൻവി മഞ്ചന്ദ പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റ് ദീപിക ലൈക്ക് ചെയ്തതാണ് വിഷയം വീണ്ടും ചർച്ചയിൽ വരാൻ കാരണമായിരിക്കുന്നത്. പുരുഷ താരങ്ങൾ വർഷങ്ങളായി സിനിമകളിൽ ലാഭവിഹിതം ആവശ്യപ്പെടുന്നുണ്ടെന്നും, എന്നാൽ ഒരു സ്ത്രീ അതേ ആവശ്യം ഉന്നയിക്കുമ്പോൾ മാത്രം അത് വലിയ വാർത്തയാകുന്നത് എന്തുകൊണ്ടാണെന്നും ജാൻവി പോസ്റ്റിലൂടെ ചോദിച്ചിരുന്നു. ഈ പോസ്റ്റിനാണ് ദീപിക ലൈക്ക് നൽകിയത്.

ജാൻവി മഞ്ചന്ദയുടെ കുറിപ്പ്:

"'സ്പിരിറ്റ്’ സിനിമയുടെ ലാഭവിഹിതത്തിൽ 10 ശതമാനം ദീപിക പദുക്കോൺ ആവശ്യപ്പെട്ടെന്നാണ് നിലവിലെ ആരോപണം. എന്നാൽ, ഈ വിഷയത്തിലെ പ്രതികരണങ്ങൾ കണ്ടാൽ സിനിമ മുഴുവനായും, സംവിധായകൻ സന്ദീപ് റെഡ്ഡി വാംഗയുടെ സ്വത്തുക്കളും ദീപിക ആവശ്യപ്പെട്ടതുപോലെയാണ് തോന്നുക. ഒരു സ്ത്രീ ഒരു കരാറിനോട് ‘നോ’ പറഞ്ഞതാണ് ഇത്രയും വലിയ ചർച്ചകൾക്ക് കാരണമാകുന്നതെന്നും, അതിന് പിന്നിൽ പുരുഷാധിപത്യ മനോഭാവവും പുരുഷൻമാരുടെ അഹങ്കാരവുമാണെന്ന് എടുത്ത് പറയേണ്ടതില്ലല്ലോ.

സന്ദീപ് റെഡ്ഡി വാംഗയുടെ സഹോദരനും ചിത്രത്തിന്റെ നിർമാതാവുമായ പ്രണയ് റെഡ്ഡി വാംഗയുടെ ആരോപണം അനുസരിച്ച്, ദീപിക ചിത്രത്തിന്റെ ലാഭത്തിന്റെ 10 ശതമാനത്തിനൊപ്പം പ്രതിഫലവും ദിവസത്തിൽ എട്ട് മണിക്കൂർ മാത്രം ജോലി ചെയ്യണമെന്ന നിബന്ധനയും മുന്നോട്ടുവെച്ചിരുന്നു. എന്നാൽ, ഇത്തരം ആവശ്യങ്ങൾ സിനിമാരംഗത്ത് അസാധാരണമല്ല. പുരുഷ താരങ്ങൾ വർഷങ്ങളായി സിനിമകളിൽ ലാഭവിഹിതവും നിശ്ചിത ജോലി സമയവും മറ്റ് അനുകൂല തൊഴിൽ നിബന്ധനകളും ആവശ്യപ്പെട്ടുവരുന്നുണ്ട്. പുരുഷൻ ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ അത് അച്ചടക്കമായും പ്രൊഫഷണലിസമായും വിലയിരുത്തപ്പെടുന്നു. എന്നാൽ, ഒരു സ്ത്രീ സമാനമായ ആവശ്യം ഉന്നയിക്കുമ്പോൾ അവർ ‘പ്രശ്നക്കാരി’യായി ചിത്രീകരിക്കപ്പെടുന്നു. ഇതാണ് ഇരട്ടത്താപ്പ്.

ദീപിക ഈ വിഷയത്തിൽ കാര്യമായി പ്രതികരിക്കാതെ മൗനം പാലിച്ചിട്ടും, മാസങ്ങൾക്കിപ്പുറവും വാംഗ ക്യാമ്പ് ഈ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നത് എന്തിനാണ്. നിബന്ധനകൾ അംഗീകരിക്കാൻ കഴിയാത്തതാണെങ്കിൽ ചർച്ചകൾ അവസാനിപ്പിച്ച് മുന്നോട്ടുപോകാമായിരുന്നില്ലെ?. ഒരു പുരുഷൻ ആഗ്രഹിക്കുന്ന കരാർ ഒരു സ്ത്രീ നിർബന്ധമായും അംഗീകരിക്കണമെന്നില്ല. തനിക്ക് അനുയോജ്യമല്ലാത്ത കരാറിനോട് ‘നോ’ പറയാനുള്ള അവകാശം സ്ത്രീകൾക്കുണ്ട്.

തനിക്ക് അനുയോജ്യമല്ലാത്ത ഒരു കരാറിനോട് ‘നോ’ പറഞ്ഞതാണ് ദീപിക ഇവിടെ ചെയ്ത തെറ്റ്. പൊതുവേ സ്ത്രീകൾ ‘നോ’ പറയുന്നത് പുരുഷാധിപത്യത്തിന് ഇഷ്ടമില്ലാത്ത കാര്യമാണ്. ‘അവൾ എന്നെ നിരസിച്ചോ? എന്തൊരു അഹങ്കാരം’, ‘അവൾ നോ പറഞ്ഞോ? എന്തൊരു മോശം പെണ്ണ്’, ‘അവൾ പിന്മാറിയോ? അവൾക്ക് എങ്ങനെ ധൈര്യം വന്നു’ എന്നിങ്ങനെയുള്ള വ്യക്തിപരമായ പ്രതികരണങ്ങളുടെ അതേ മാതൃകയാണ് ഇവിടെ കാണുന്നത്. സാഹചര്യങ്ങൾ വ്യത്യസ്തമാണെങ്കിലും മനോഭാവം ഒന്നുതന്നെയാണ്.

പ്രശ്നം ദീപിക ‘അമിതമായി ആവശ്യപ്പെടുന്നു’ എന്നതല്ല, മറിച്ച് തനിക്ക് ഇഷ്ടപ്പെടാത്ത ഒരു കരാറിനോട് ‘നോ’ പറയാനുള്ള അധികാരം കാണിച്ചതാണ്. ഇത് പ്രൊഫഷണലിസവുമായി ബന്ധപ്പെട്ട വിഷയമല്ല. സ്ത്രീ വിരുദ്ധതയും ലിംഗവിവേചനവും പുരുഷാധിപത്യ മനോഭാവവുമാണ്."

Deepika Padukone’s reported exit from Prabhas-starrer Spirit has sparked renewed debate after she liked a post criticizing the controversy. The post questioned why profit-sharing demands, fixed working hours and favorable terms are accepted from male stars but scrutinized when women ask for similar conditions, highlighting alleged sexism and misogyny.