സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം 'സ്പിരിറ്റില്‍' നിന്ന് നടി ദീപിക പദുകോണ്‍ പുറത്തുപോയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വീണ്ടും പുകയുന്നു. പ്രതിഫലത്തെച്ചൊല്ലിയും ചിത്രത്തിന്റെ ലാഭവിഹിതത്തെച്ചൊല്ലിയുമുള്ള തര്‍ക്കങ്ങളാണ് ദീപികയുടെ പിന്മാറ്റത്തിന് പിന്നിലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്റെ സഹോദരനും നിര്‍മ്മാതാവുമായ പ്രണയ് റെഡ്ഡി വംഗ. എട്ടു മണിക്കൂര്‍ ജോലി സമയം ആവശ്യപ്പെട്ടതാണ് ദീപികയെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കാന്‍ കാരണമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.
പ്രതിഫല തര്‍ക്കവും 10 ശതമാനം ലാഭവിഹിതവും
'എന്‍ടിവി'ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രണയ് റെഡ്ഡി വംഗ സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്. പ്രതിഫലം, ചിത്രീകരണ സമയം എന്നിവയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ദീപികയെ മാറ്റാന്‍ സന്ദീപ് തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 'ദീപികയ്ക്ക് എത്ര വേണമെങ്കിലും ചോദിക്കാം, അത് നല്‍കാന്‍ തയ്യാറാണെങ്കില്‍ നല്‍കാം. എന്നാല്‍ സിനിമയുടെ നിര്‍മ്മാണച്ചെലവ് നമുക്ക് അനുയോജ്യമാകണം. ഈ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കണ്ടതോടെയാണ് മറ്റു വഴികള്‍ നോക്കിയത്. മറ്റ് നടികളെ പരിഗണിക്കാന്‍ തുടങ്ങിയതോടെ അവര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ തുടങ്ങി', പ്രണയ് പറഞ്ഞു. കേവലം 5-6 കോടി രൂപയുടെ അധിക പ്രതിഫലം മാത്രമല്ല പ്രശ്‌നമെന്നും സിനിമയുടെ ലാഭത്തില്‍ നിന്ന് 10 ശതമാനം വിഹിതം ദീപിക ആവശ്യപ്പെട്ടതോടെയാണ് കാര്യങ്ങള്‍ കൈവിട്ടുപോയതെന്നും പ്രണയ് വ്യക്തമാക്കി.
കഥയും വിവരങ്ങളും ചോര്‍ത്തിയെന്ന് ആരോപണം
ഒരു വര്‍ഷത്തിലേറെയായി സിനിമയുടെ കഥയും കഥാപാത്രത്തെക്കുറിച്ചും ദീപികയുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും പ്രണയ് പറഞ്ഞു. എന്നാല്‍ ഈ ആഭ്യന്തര ചര്‍ച്ചകള്‍ ദീപിക പരസ്യമായി ചോര്‍ത്തിയത് അണിയറപ്രവര്‍ത്തകരെ ചൊടിപ്പിച്ചു. നടി ചിത്രത്തില്‍ നിന്ന് മാറിയതിനെ തുടര്‍ന്ന് തൃപ്തി ദിമ്രിയെ നായികയായി പ്രഖ്യാപിച്ചു. എന്നാല്‍ സ്പിരിറ്റ് ഒരു 'എ-റേറ്റഡ് ആക്ഷന്‍' ചിത്രമാണെന്ന വിവരങ്ങള്‍ പുറത്തുവന്നതോടെ സന്ദീപ് റെഡ്ഡി വംഗ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെ കടുത്ത ഭാഷയില്‍ പ്രതികരിച്ചു. പേര് പരാമര്‍ശിക്കാതെ, ഒരു യുവനടിയെ താഴ്ത്തിക്കെട്ടാനും തന്റെ കഥ ചോര്‍ത്താനും ദീപിക ശ്രമിച്ചുവെന്നും 'വൃത്തികെട്ട പി.ആര്‍ ഗെയിംസ്' കളിക്കുകയാണെന്നും സന്ദീപ് ആരോപിച്ചു.
എട്ടു മണിക്കൂര്‍ ഷിഫ്റ്റില്‍ ദീപികയുടെ വിശദീകരണം
തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ മുന്‍പ് ദീപിക പ്രതികരിച്ചിരുന്നു. താന്‍ മാന്യമായ രീതിയില്‍ നിശബ്ദമായി പോരാടുന്ന വ്യക്തിയാണെന്നാണ് ദീപിക പറഞ്ഞത്. എട്ടു മണിക്കൂര്‍ ജോലി സമയം ആവശ്യപ്പെട്ടതിനെ ന്യായീകരിച്ച ദീപിക, താന്‍ ആവശ്യപ്പെട്ടത് അന്യായമായ കാര്യമല്ലെന്ന് വ്യക്തമാക്കി. 'വര്‍ഷങ്ങളായി ഇവിടുത്തെ സിനിമാ മേഖലയിലെ ജോലി സാഹചര്യങ്ങള്‍ അനുഭവിക്കുന്ന ഒരാള്‍ക്ക് മാത്രമേ ഇത് മനസ്സിലാകൂ. മുന്‍നിരയിലുള്ള ഒരു നടി എന്ന നിലയിലാണ് ഞാന്‍ ഇത് ചോദിക്കുന്നത്, അങ്ങനെയാണെങ്കില്‍ ബാക്കിയുള്ള അണിയറപ്രവര്‍ത്തകരുടെ സ്ഥിതി എന്തായിരിക്കും? പല മുന്‍നിര പുരുഷ താരങ്ങളും വര്‍ഷങ്ങളായി എട്ട് മണിക്കൂര്‍ ഷിഫ്റ്റിലാണ് ജോലി ചെയ്യുന്നത്, അതെപ്പറ്റിയൊന്നും വാര്‍ത്തകള്‍ വരാറില്ല', ദീപിക ചൂണ്ടിക്കാട്ടി. പ്രഭാസും തൃപ്തി ദിമ്രിയും പ്രധാന വേഷങ്ങളിലെത്തുന്ന 'സ്പിരിറ്റ്' 2027 മാര്‍ച്ചില്‍ തിയറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
The controversy surrounding Deepika Padukone’s exit from Spirit, directed by Sandeep Reddy Vanga and starring Prabhas, has resurfaced. Producer Pranay Reddy Vanga has claimed that disagreements over remuneration and profit-sharing were behind Deepika's departure. According to him, the actress sought not only additional remuneration but also a 10% share of the film's profits, making the demands difficult for the producers to accept. The filmmakers also accused Deepika of leaking internal discussions about the story and the project after other actresses were considered for the role. Following her exit, Triptii Dimri was announced as the female lead.