കിങ് ഖാൻ ഷാരൂഖിനോട് ആരാധന തോന്നാത്തവർ കുറവായിരിക്കും. കൂടെ അഭിനയിക്കുന്നവരെ പോലും ആകർഷിക്കുന്ന ആ 'ഓറയെ' കുറിച്ച് മിക്കവരും പറഞ്ഞ് നാം കേട്ടിട്ടുമുണ്ട്.
ഇപ്പോഴിതാ അത്തരത്തിൽ ഷാരൂഖിനോട് തനിക്കുണ്ടായിരുന്ന ആരാധന തുറന്നുപറഞ്ഞിരിക്കുകയാണ് സാദിയ സിദ്ദിഖി. 1994ൽ കഭീ ഹാ കഭീ നാ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ ഈ ആരാധന വില്ലനായ കഥയും സാദിയ അടുത്തിടെ പങ്കുവച്ചു.
ഷാരൂഖിനോട് തനിക്ക് കടുത്ത പ്രേമമായിരുന്നുവെന്നാണ് സാദിയ പറയുന്നത്. അതുകൊണ്ടുതന്നെ ചിത്രത്തിൽ ഷാരൂഖിന്റെ അനുജത്തിയായി അഭിനയിക്കാൻ താൻ വിസമ്മതിച്ചിരുന്നുവെന്നും ഒടുവിൽ ഷാരൂഖ് തന്നെ ഇടപെട്ടാണ് തന്നെ അനുനയിപ്പിച്ചതെന്നും അവർ ഓർക്കുന്നു. ഒരു ഇന്റർവ്യൂവിൽ സാദിയ പങ്കുവച്ച ആ കഥ ഇങ്ങനെ: '
'കഭീ ഹാ കഭീ നാ യിലേക്ക് സംവിധായകൻ കുന്ദൻ ഷാ തന്നെയാണ് എന്നെ വിളിക്കുന്നത്. ആ സമയത്തൊക്കെ ഷാരൂഖിനോടെനിക്ക് കടുത്ത പ്രേമമായിരുന്നു. ഷാരൂഖിന്റെ പടമാണെന്ന് കേട്ട് തുള്ളിച്ചാടിയാണ് സെറ്റിലേക്ക് പോയതെങ്കിലും അനുജത്തിയുടെ റോൾ ആണെന്നറിഞ്ഞ് ഞാൻ തകർന്നുപോയി. സെറ്റിൽ വെച്ച് ഞാൻ പരസ്യമായി കുന്ദനോട് വഴക്കടിച്ചു.
എന്റെ കണ്ണിലുള്ള പ്രണയം സ്ക്രീനിൽ കാണുമെന്നും അതുകൊണ്ട് ആ റോൾ മാറ്റി നൽകണമെന്നുമൊക്കെ എന്തൊക്കെയോ ഞാൻ പറഞ്ഞു. ആ ധൈര്യം എവിടെ നിന്ന് വന്നുവെന്ന് ഇപ്പോഴും എനിക്കറിയില്ല. കാരണം അത്രയധികം തീഷ്ണമായിരുന്നു എന്റെ പ്രണയം. പക്ഷേ എന്തൊക്കെ പറഞ്ഞിട്ടും കാര്യമുണ്ടായില്ല. ഞാൻ ചെറുപ്പമാണെന്ന് പറഞ്ഞ് അദ്ദേഹം എന്നെ നിരാശപ്പെടുത്തി.
പിറ്റേന്ന് മുതൽ, ഞാൻ ചെറിയ ആളല്ല, ഷാരൂഖിനെ പ്രണയിക്കാനൊക്കെ ഞാനായി എന്ന് കാണിക്കാനുള്ള ശ്രമങ്ങളായിരുന്നു. എന്റെ കയ്യിലുള്ള ഏറ്റവും നല്ല ഉടുപ്പുകൾ മാത്രം ധരിച്ചായി സെറ്റിൽ എന്റെ നടപ്പ്. കുറച്ച് കൂടുതൽ മേക്കപ്പ് ഇട്ട്, മുടിയൊക്കെ ചുരുട്ടി, മുതിർന്ന നടിമാർ എങ്ങനെയൊക്കെ ചെയ്യുമോ അതൊക്കെ ഞാനും ചെയ്തു. പക്ഷേ ഒരു കാര്യവുമുണ്ടായില്ല. ഒരു കാർട്ടൂൺ പോലെയാണ് ഞാനുണ്ടായിരുന്നത്.
അത് കണ്ടിട്ട് കുന്ദൻ പൊട്ടിച്ചിരിച്ചു. എന്നിട്ട് പറഞ്ഞു, നീ അനിയത്തി ആയാൽ മതി എന്ന്. ആ റോൾ എന്നിൽ നിന്ന് മാറ്റാൻ പോലും അദ്ദേഹം തയ്യാറായില്ല. എനിക്ക് ഭയങ്കര വിഷമമായിരുന്നു ആ സിനിമയിലൂടനീളം. മനസ്സിൽ പ്രണയമുണ്ടായിരുന്നെങ്കിലും കണ്ണിൽ സഹോദരസ്നേഹം വെച്ച് ഷാരൂഖിനൊപ്പം ഞാൻ അഭിനയിക്കും.
ഞാനൊരിക്കലും ഷാരൂഖിനോട് ഈ കാര്യത്തെ കുറിച്ച് പറഞ്ഞിട്ടേ ഇല്ല. പക്ഷേ അദ്ദേഹത്തിനത് അറിയാമായിരുന്നു എന്നെനിക്ക് തോന്നുന്നു. കാരണം അത്രയും കരുതലോടെയാണ് അദ്ദേഹമെന്നോട് സെറ്റിൽ പെരുമാറിയിരുന്നത്. ഞാനിപ്പോഴും ഓർക്കുന്നു. നല്ല ചൂടുള്ള ഒരു ദിവസം ബീച്ചിൽ ഷൂട്ട് ചെയ്യാൻ പോയപ്പോൾ, കാറിൽ നിന്നിറങ്ങാൻ അദ്ദേഹമെന്നെ അനുവദിച്ചില്ല. എനിക്ക് വെയിലേൽക്കുമെന്നും സ്കിൻ ചീത്തയാകുമെന്നുമൊക്കെ പറഞ്ഞു.
വർഷങ്ങൾക്ക് ശേഷവും ഷാറുഖ് ഖാൻ തന്നെ മറന്നിരുന്നില്ലെന്ന് സാദിയ പറയുന്നു. ഒരു ഡബ്ബിങ് സ്റ്റുഡിയോയിൽ വച്ച് അപ്രതീക്ഷിതമായി കണ്ടുമുട്ടിയപ്പോൾ ഷാറുഖ് സാദിയയെ അടുത്തേക്ക് വിളിച്ച് ആലിംഗനം ചെയ്തു. ആ കൂടിക്കാഴ്ചയിൽ അദ്ദേഹത്തിന്റെ ചില ശീലങ്ങളെ താൻ വഴക്കുപറഞ്ഞതായും സാദിയ വെളിപ്പെടുത്തി.
'അദ്ദേഹം അമിതമായി ഡയറ്റ് കോക്ക് കുടിക്കുന്നതിനും തുടർച്ചയായി സിഗരറ്റ് വലിക്കുന്നതിനും ഞാൻ അദ്ദേഹത്തെ ശകാരിച്ചു. അത്രയേറെ ആത്മബന്ധം ഇപ്പോഴും ഞങ്ങൾക്കിടയിലുണ്ട്'
1993ൽ ദൂരദർശനിലെ ‘ഹുംരാഹി’ എന്ന ജനപ്രിയ പരമ്പരയിൽ ബാലതാരമായി തിളങ്ങിയ സാദിയയെ കണ്ടാണ് കുന്ദൻ ഷാ ‘കഭി ഹാൻ കഭി നാ’യിലെ ഷാറുഖിന്റെ ഇളയ സഹോദരിയായ ‘നിക്കി’ എന്ന കഥാപാത്രത്തിനായി സമീപിക്കുന്നത്.
ചിത്ര കൃഷ്ണമൂർത്തി, ദീപക് തിജോരി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രം സുനിൽ എന്ന ഒരു സാധാരണ സംഗീതജ്ഞന്റെ കഥയാണ് പറയുന്നത്. അന്ന എന്ന പെൺകുട്ടിയോടുള്ള സുനിലിന്റെ പ്രണയവും, എന്നാൽ അന്നയ്ക്ക് ക്രിസിനോടുള്ള ഇഷ്ടവും, അവരെ സ്വന്തമാക്കാൻ സുനിൽ നടത്തുന്ന കള്ളത്തരങ്ങളും ഒടുവിൽ പരാജയപ്പെടുമ്പോൾ പ്രണയമെന്നാൽ വിട്ടുകൊടുക്കലാണെന്ന് തിരിച്ചറിയുന്നതുമാണ് സിനിമയുടെ പ്രമേയം. മികച്ച ചിത്രത്തിനുള്ള ഫിലിംഫെയർ ക്രിട്ടിക്സ് അവാർഡ് ചിത്രം നേടി.
There would be very few people who haven't felt an admiration for King Khan, Shah Rukh. Most of us have heard others talk about that 'aura' of his, which captivates even his co-stars. Now, Sadiya Siddiqui has opened up about the admiration she had for Shah Rukh. Recently, Sadiya also shared a story about how this admiration turned into a villain (became a hurdle) while they were acting together in the 1994 film Kabhi Haan Kabhi Naa.