രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്ത് ധനുഷ് നായകനാകുന്ന പുതിയ ആക്ഷൻ ഡ്രാമ ചിത്രം 'ഓമി'ൽ (Om) ബോളിവുഡ് ഇതിഹാസ താരം നസറുദ്ദീൻ ഷായും. കമലഹാസൻ നായകനായ 'ഹേ റാം' എന്ന ചിത്രത്തിൽ മഹാത്മാഗാന്ധിയുടെ വേഷത്തിൽ അഭിനയിച്ചതിന് ശേഷം, നീണ്ട 26 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം വീണ്ടും തമിഴ് സിനിമയിലേക്ക് വരുന്നത്.
രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ഈ ആക്ഷൻ ചിത്രത്തിന്റെ ആദ്യഭാഗത്തിന് 'ഓം ചാപ്റ്റർ 1 - ഉതിരം: ദി ബ്ലഡ് വുഡ്' (Om Chapter 1 - Udhiram: The Blood Wood) എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിൽ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട് എന്നത് ഏറെ ശ്രദ്ധേയമാണ്. സായ് പല്ലവി, ശ്രീലീല എന്നിവരാണ് ചിത്രത്തിലെ നായികമാർ.
"ഓം എന്ന ലോകത്തേക്ക് ശക്തമായ മറ്റൊരു സാന്നിധ്യം കൂടി. മുതിർന്ന ഇതിഹാസ താരം നസറുദ്ദീൻ ഷാ ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഭാഗമാകുന്നു." -എന്ന് കുറിച്ചുകൊണ്ട് നിർമ്മാതാക്കൾ സമൂഹമാധ്യമങ്ങളിലൂടെയാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. കുറച്ചുനാളുകൾക്കു മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്സ് വീഡിയോ വലിയ ശ്രദ്ധ നേടിയിരുന്നു. ഒരു കൂട്ടം ആളുകൾ അപകടത്തിൽപ്പെടുന്നതും, പ്രതീക്ഷകൾ നഷ്ടപ്പെട്ട സമയത്ത് അവരെ രക്ഷിക്കാൻ ധനുഷിന്റെ കഥാപാത്രം എത്തുന്നതുമാണ് ടീസറിൽ കാണിച്ചിരുന്നത്.
ചിത്രത്തിൽ നസറുദ്ദീൻ ഷാ എത്തുന്നതോടെ മറ്റൊരു സുപ്രധാന നാഴികക്കല്ലിന് കൂടി വേദിയൊരുങ്ങുകയാണ്, മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുമായുള്ള അദ്ദേഹത്തിന്റെ പുനസ്സമാഗമം. 32 വർഷങ്ങൾക്ക് ശേഷമാണ് ഈ രണ്ട് അതുല്യ പ്രതിഭകളും വീണ്ടും ഒരേ സ്ക്രീനിൽ ഒന്നിക്കുന്നത്. 1994-ൽ പുറത്തിറങ്ങിയ ദേശീയ അവാർഡ് നേടിയ 'പൊന്തൻമാട' എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി പ്രധാന വേഷങ്ങളിൽ ഒരുമിച്ചഭിനയിച്ചത്.
2024-ലെ വമ്പൻ ഹിറ്റായ 'അമരൻ' എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ഈ ബ്രഹ്മാണ്ഡ ആക്ഷൻ ഡ്രാമ, ധനുഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ മുതൽമുടക്കുള്ള ചിത്രങ്ങളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.
സിനിമയിലെ മറ്റ് ചില ശ്രദ്ധേയമായ കൂട്ടുകെട്ടുകൾക്കും 'ഓം' സാക്ഷ്യം വഹിക്കുന്നുണ്ട്. അമരന് ശേഷം സംവിധായകൻ രാജ്‌കുമാർ പെരിയസാമിയും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. അതുപോലെ തന്നെ 2018-ൽ പുറത്തിറങ്ങിയ 'മാരി 2'-വിലെ ഗംഭീര കെമിസ്ട്രിക്ക് ശേഷം ധനുഷും സായ് പല്ലവിയും ഈ ചിത്രത്തിലൂടെ വീണ്ടും ജോഡികളായി എത്തുന്നു.
നവരാത്രി-പൂജ അവധിക്കാലം ലക്ഷ്യമിട്ട്, ഈ വർഷം ഒക്ടോബർ 16-നാണ് 'ഓം: ചാപ്റ്റർ 1' ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ വമ്പൻ റിലീസായി എത്താൻ ഒരുങ്ങുന്നത്. ബഡ്ജറ്റ് കൊണ്ടും താരനിര കൊണ്ടും ബോക്സ് ഓഫീസിൽ ഒരു വലിയ ചലനം സൃഷ്ടിക്കാൻ തന്നെയാണ് ചിത്രം ലക്ഷ്യമിടുന്നത്.
Veteran actor Naseeruddin Shah is set to make his return to Tamil cinema after 26 years, joining the star-studded cast of Dhanush's highly anticipated action drama, Om: Chapter 1 - Udhiram: The Blood Wood. Directed by Rajkumar Periasamy, who is fresh off the massive success of his recent blockbuster Amaran, the movie is touted as one of the highest-budget projects in Dhanush's career. Shah's inclusion also marks a historic onscreen reunion with Malayalam megastar Mammootty, 32 years after they last shared the screen in the 1994 acclaimed film Ponthan Mada.