2025 ഡിസംബറിൽ പുറത്തിറങ്ങിയ 'ധുരന്ധർ', 2026 മാർച്ചിൽ റിലീസ് ചെയ്ത 'ധുരന്ധർ: ദി റിവഞ്ച്' എന്നീ ചിത്രങ്ങൾ ബോളിവുഡിന് വമ്പൻ കുതിപ്പാണ് നൽകിയത്. രൺവീർ സിങ്, അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, ആർ. മാധവൻ തുടങ്ങിയ വൻ താരനിര അണിനിരന്ന ഈ സിനിമകളും അവയുടെ സീക്വലും ബോക്സ് ഓഫീസിൽ വലിയ വിജയമാണ് കൈവരിച്ചത്.
രാജ്യത്തിന്റെ സുരക്ഷ, ഭീകരാക്രമണങ്ങൾ, റോ ഏജന്റിന്റെ അണ്ടർകവർ മിഷൻ, ഇന്ത്യ-പാക് പിരിമുറുക്കം എല്ലാം ഒരുമിച്ച് ചേർത്ത ആക്ഷൻ ത്രില്ലറായിരുന്നു ധുരന്ധർ. ചിത്രത്തെ ചിലർ ശുദ്ധമായ വിനോദചിത്രമായി ആഘോഷിച്ചപ്പോൾ, മറ്റുചിലർ ഇതൊരു രാഷ്ട്രീയ പ്രൊപ്പഗണ്ട സിനിമയാണെന്ന് കടുത്ത വിമർശനം ഉന്നയിച്ചു. എന്നാൽ ഇത്തരം വിവാദങ്ങൾക്കിടയിലും ആദ്യ ഭാഗത്തെ മറികടക്കുന്ന പ്രകടനമാണ് രണ്ടാം ഭാഗം ബോക്സ് ഓഫീസിൽ കാഴ്ചവെച്ചത്. ചിത്രത്തിന്റെ മേക്കിങ്, ആക്ഷൻ രംഗങ്ങൾ, രൺവീർ സിങ്ങിന്റെ തകർപ്പൻ പ്രകടനം എന്നിവ വലിയ പ്രശംസയോടെ സ്വീകരിക്കപ്പെട്ടു.
ജനുവരി 31-ന് ഒടിടി റിലീസ് ആയതോടെ സോഷ്യൽ മീഡിയ പൂർണമായും ധുരന്ധറിന്റേതായി മാറി. പക്ഷേ ഈ വിവാദങ്ങളുടെയെല്ലാം നടുക്ക് ഒരു ദൃശ്യം മാത്രം നിശ്ശബ്ദമായി നിന്ന് എല്ലാവരുടെയും ഹൃദയം കീഴടക്കി. ഒന്നും രണ്ടുമല്ല... 11 വെടിയുണ്ടകൾ നെഞ്ചിൽ തറച്ചിട്ടും ഭീകരരെ തടഞ്ഞു നിർത്തിയ ഒരു വനിതാ കോൺസ്റ്റബിൾ. ഇന്ത്യയുടെ ജനാധിപത്യത്തെ സ്വന്തം ജീവനു വിലയായി കാത്ത ധീരയുടെ കഥ.
ഡൽഹിയിലെ തണുപ്പുള്ള പ്രഭാതം. ഇന്ത്യൻ പാർലമെന്റിൽ ശീതകാല സമ്മേളനം നടക്കുകയായിരുന്നു. ഏകദേശം 200 എംപിമാരും മന്ത്രിമാരും ആ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നു. പുറത്ത് ഒന്നാം നമ്പർ ഗേറ്റിന് കാവൽ നിന്നിരുന്നത് സി.ആർ.പി.എഫ് കോൺസ്റ്റബിൾ കമലേഷ് കുമാരി യാദവ് ആയിരുന്നു. പ്രായം 32 വയസ്സ് മാത്രം. ബിഹാറിലെ വികാസ് പൂരിലെ വീട്ടിൽനിന്ന് രണ്ടു കൊച്ചു പെൺമക്കൾക്ക് പ്രഭാതഭക്ഷണം നൽകി, “വൈകുന്നേരം നേരത്തെ വരാം” എന്ന് വാക്കു നൽകിയാണ് അന്ന് കമലേഷ് ജോലിക്ക് ഇറങ്ങിയത്.
രാവിലെ 11:40-ന് ഒരു വെളുത്ത അംബാസിഡർ കാർ പാർലമെന്റ് ഗേറ്റിനു നേരെ അമിതവേഗത്തിൽ വന്നു. പാർലമെന്റ് സ്റ്റിക്കറും ചുവന്ന ബീക്കണും ഉണ്ടായിരുന്നു. പക്ഷേ കമലേഷിന്റെ ഉള്ളിലെ പോലീസുകാരിക്ക് എന്തോ പന്തികേട് തോന്നി. അവർ മുന്നോട്ടുനീങ്ങി കാർ തടയാൻ ശ്രമിച്ചു. കാർ നിന്നു. അതിൽനിന്ന് തോക്കുകളും ഗ്രനേഡുകളുമായി അഞ്ച് ഭീകരർ പുറത്തേക്ക് ചാടി.
അവർ പാർലമെന്റിനുള്ളിൽ കയറിയാൽ നൂറുകണക്കിന് ജീവനുകൾക്ക് ഭീഷണിയാണെന്ന് അറിഞ്ഞ കമലേഷ് ഒരു നിമിഷം പോലും മടിച്ചില്ല. വാക്കി-ടോക്കിയിൽ ഭീകരർ കയറിയത് അറിയിച്ചു. തങ്ങളെ തിരിച്ചറിഞ്ഞത് മനസിലാക്കിയ ഭീകരർ കമലേഷിന് നേരെ വെടിയുതിർത്തു. 11 ബുള്ളറ്റുകൾ കമലേഷിന്റെ നെഞ്ചിലൂടെ തുളച്ചു കയറി. രക്തം കിനിഞ്ഞൊഴുകിയിട്ടും അവസാന നിമിഷവും ഗേറ്റ് അടക്കാൻ ആണ് കമലേഷ് ആവശ്യപ്പെട്ടത്.
കമലേഷിന്റെ നിലവിളി കേട്ട മറ്റു സുരക്ഷാ ഉദ്യോഗസ്ഥർ പാർലമെന്റിന്റെ പ്രധാന ഗേറ്റുകൾ അടച്ചു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരെയും സൈന്യം വധിച്ചു. അന്ന് ആ മുന്നറിയിപ്പ് കമലേഷ് നൽകിയില്ലായിരുന്നെങ്കിൽ, ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരാക്രമണവും കൂട്ടക്കൊലയും അവിടെ നടന്നേനേ. സ്വന്തം ജീവൻ നൽകി ഒരു അമ്മ, ഒരു ഭാര്യ, ഒരു പോലീസുകാരി ഇന്ത്യയെയും ജനാധിപത്യത്തെയും കാത്തു.
2002 റിപ്പബ്ലിക് ദിനത്തിൽ രാഷ്ട്രപതി അശോകചക്ര നൽകി ആദരിച്ചു. അശോകചക്ര ലഭിച്ച ആദ്യത്തെ വനിതാ പോലീസ് ഉദ്യോഗസ്ഥ എന്ന അഭിമാനം കമലേഷ് കുമാരി യാദവിന് സ്വന്തമായി.
English Summary: A patriotic action thriller, Dhurandhar and its sequel sparked debate while dominating the box office. Amid the hype, the real-life heroism of CRPF constable Kamlesh Kumari who sacrificed her life during the 2001 Parliament attack deeply moved audiences.