Entertainment News

ദിൽജീത്തിന്റെ സംഗീത പരിപാടിക്ക് നിയന്ത്രണം; മദ്യവും ആയുധങ്ങളും പരാമർശിക്കുന്ന പാട്ടുകൾ പാടരുതെന്ന് നിർദേശം

നവംബർ 21ന് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന സംഗീത പരിപാടിക്ക് മുന്നോടിയായി ജില്ലാ ശിശുസംരക്ഷണ വിഭാഗം പൊലീസ് കമ്മീഷണർക്ക് കത്തയച്ചു.

Entertainment Desk

ദിൽജീത് ദോസഞ്ചിന്റെ 'ഓറ ഇന്ത്യ ടൂർ' സംഗീത പരിപാടിക്ക് മുന്നോടിയായി പുതിയ നിയന്ത്രണങ്ങളുമായി അഹമ്മദാബാദ് അധികൃതർ. മദ്യം, ലഹരിവസ്തുക്കൾ, ആയുധങ്ങൾ എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന ഗാനങ്ങൾ പരിപാടിയിൽ അവതരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ജില്ലാ ശിശുസംരക്ഷണ വിഭാഗം പൊലീസ് കമ്മീഷണർക്ക് കത്തയച്ചു. നവംബർ 21ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ദിൽജിത്തിന്റെ സംഗീത പരിപാടി നടക്കുന്നത്. സമാനമായ നിയന്ത്രണം കഴിഞ്ഞയാഴ്ച ഇൻഡോറിലും ഏർപ്പെടുത്തിയിരുന്നു. നവംബർ 15ലെ പരിപാടിയിൽ നാല് ഗാനങ്ങൾ അവതരിപ്പിക്കുന്നത് അധികൃതർ വിലക്കിയിരുന്നു.

നവംബർ ആറിന് അയച്ച കത്തിൽ ദിൽജീത് മദ്യത്തെയും ലഹരിവസ്തുക്കളെയും ആയുധങ്ങളെയും മഹത്വവത്കരിക്കുന്ന ഗാനങ്ങൾ ഒഴിവാക്കണമെന്ന് ജില്ലാ ശിശുസംരക്ഷണ വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളെ സ്റ്റേജിലേക്ക് ക്ഷണിക്കരുതെന്നും പ്രകടനത്തിന്റെ ഭാഗമായി വെടിയുണ്ടകൾ സൂക്ഷിക്കുന്ന ബെൽറ്റുകൾ അഥവാ ബുള്ളറ്റ് ബെൽറ്റുകൾ ധരിക്കരുതെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്. പൊലീസ് കമ്മീഷണർ അനുപം സിങ് ഗഹ്ലൗട്ടിനാണ് ജില്ലാ ശിശുസംരക്ഷണ ഓഫീസർ തൻവിക പർമാർ കത്തയച്ചത്.

ചണ്ഡീഗഢിൽ നിന്നുള്ള ഡോ. പണ്ഡിത്രാവു ധരെന്നാവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 'പട്ടിയാല പെഗ്', '5 താരാ തേക്കെ', 'ജീബ് വിചോ ഫീം ലബ്ബിയ', 'ജാട്ട് ഉത്തേ ഫയർ കർദാ ജിത്തേ പാബന്ദി ഹത്തിയാരാ ദി' തുടങ്ങിയ ഗാനങ്ങളാണ് കത്തിൽ പ്രത്യേകം പരാമർശിച്ചിരിക്കുന്നത്. മദ്യപാനം, കറുപ്പ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം, ആയുധങ്ങൾ, അക്രമം എന്നിവയെ ഈ ഗാനങ്ങൾ മഹത്വവത്കരിക്കുന്നുവെന്നാണ് ശിശുസംരക്ഷണ വിഭാഗത്തിന്റെ ആരോപണം. വരികളിൽ മാറ്റം വരുത്തി അവതരിപ്പിച്ചാലും കുട്ടികളുടെയും യുവാക്കളുടെയും മനസ്സിനെ പ്രതികൂലമായി ബാധിക്കാമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

സംഗീത പരിപാടിയിലെ ശബ്ദത്തിന്റെയും ലൈറ്റുകളുടെയും തീവ്രത സംബന്ധിച്ച ആശങ്കകളും അധികൃതർ ഉന്നയിച്ചിട്ടുണ്ട്. 120 ഡെസിബെല്ലിൽ കൂടുതലുള്ള ശബ്ദവും അതിവേഗം മാറുന്ന ഫ്ലാഷ് ലൈറ്റുകളും ബീം ലൈറ്റുകളും ചെറിയ കുട്ടികളുടെ ആരോഗ്യത്തെ ബാധിച്ചേക്കാമെന്നാണ് വിലയിരുത്തൽ. അതിനാൽ കുട്ടികളെ വേദിയിലേക്ക് ക്ഷണിക്കുന്നത് ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്

ദിൽജീത്തിന്റെ സ്റ്റേജ് വസ്ത്രങ്ങളുടെ ഭാഗമായുള്ള കാർട്രിഡ്ജ് ബെൽറ്റുകൾ അഥവാ ബുള്ളറ്റ് ബെൽറ്റുകൾ ഉപയോഗിക്കുന്നതും ശിശുസംരക്ഷണ വിഭാഗം ചൂണ്ടിക്കാട്ടി. ഇത്തരം വസ്തുക്കൾ കുട്ടികൾക്കിടയിൽ തോക്ക് സംസ്കാരത്തെയും അക്രമത്തെയും പ്രോത്സാഹിപ്പിക്കുമെന്നാണ് കത്തിലെ മറ്റൊരു ആശങ്ക. ലഹരിയെയും അക്രമത്തെയും പ്രോത്സാഹിപ്പിക്കുന്ന ഗാനങ്ങൾ കുട്ടികളിലുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് 2019 ജൂലൈ 22ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി പുറപ്പെടുവിച്ച വിധിയും കത്തിൽ പരാമർശിച്ചിട്ടുണ്ട്. വിഷയത്തിൽ പൊതുതാൽപര്യം മുൻനിർത്തി ഉചിതമായ തീരുമാനം സ്വീകരിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

അഹമ്മദാബാദിലെ പരിപാടിക്ക് മുൻപാണ് സമാനമായ വിഷയത്തിൽ ഇൻഡോറിലും ദിൽജീത്തിന് നിയന്ത്രണങ്ങൾ നേരിടേണ്ടിവന്നത്. ഓറ ഇന്ത്യ ടൂറിന്റെ ഭാഗമായി രാജ്യത്തെ ഏഴ് നഗരങ്ങളിലാണ് സംഗീത പരിപാടികൾ സംഘടിപ്പിക്കുന്നത്. ഒക്ടോബർ 30ന് ഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഹൗസ്ഫുൾ പരിപാടിയോടെയായിരുന്നു ഇന്ത്യയിലെ ടൂർ ആരംഭിച്ചത്.

Diljit Dosanjh faces fresh restrictions ahead of his November 21 Ahmedabad concert at Narendra Modi Stadium. The District Child Protection Unit has asked police to prevent songs promoting alcohol, drugs and weapons, avoid inviting children on stage and restrict bullet-belt costumes, citing concerns about their impact on children.