Entertainment News

"വിമർശനങ്ങളാണ് എന്നെ മുന്നോട്ട് നയിക്കുന്നത്"; മനസ് തുറന്ന് ദുൽഖർ സൽമാൻ

നെഗറ്റീവ് കമന്റുകൾ തന്നെ ബാധിക്കാറില്ലെന്നും വിമർശനങ്ങളെ പുതിയ പരീക്ഷണങ്ങൾക്കുള്ള പ്രചോദനമായി കാണുന്നുവെന്നും ദുൽഖർ.

Entertainment Desk

ഓൺലൈൻ വിമർശനങ്ങളും നെഗറ്റീവ് കമന്റുകളും ഇപ്പോൾ പഴയതുപോലെ തന്നെ ബാധിക്കാറില്ലെന്ന് നടൻ ദുൽഖർ സൽമാൻ. ഇത്തരം വിമർശനങ്ങൾ പലപ്പോഴും തന്നെ കൂടുതൽ വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാനും അഭിനയത്തിൽ പുതിയ പരീക്ഷണങ്ങൾ നടത്താനും പ്രേരിപ്പിക്കാറുണ്ടെന്നും താരം പറഞ്ഞു. കാലക്രമേണ വിമർശനങ്ങളെ നോക്കിക്കാണുന്ന രീതിയിൽ മാറ്റം വന്നിട്ടുണ്ടെന്നും അടുത്തിടെ നൽകിയ അഭിമുഖത്തിൽ ദുൽഖർ വ്യക്തമാക്കി.

മുൻപ് ഒരു അഭിമുഖത്തിൽ തനിക്കെതിരെയുള്ള മോശം പരാമർശങ്ങളും വിമർശനങ്ങളും മനസിൽ സൂക്ഷിക്കുന്നതിനെക്കുറിച്ചും അതിലൂടെ ഉണ്ടാകുന്ന ദേഷ്യത്തെക്കുറിച്ചും താരം സംസാരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

''വിമർശനങ്ങൾ എന്നെ ഇപ്പോൾ കുറച്ചുമാത്രമേ ബാധിക്കുന്നുള്ളൂ. ഇത്തരം അഭിപ്രായങ്ങൾക്ക് പലപ്പോഴും യുക്തിപരമായ കാരണങ്ങളുണ്ടാകണമെന്നില്ലെന്ന് മനസിലാക്കുന്നു. നല്ല സിനിമകളുടെ ഭാഗമാകാനും മികച്ച കഥാപാത്രങ്ങൾ അവതരിപ്പിക്കാനുമാണ് എപ്പോഴും ശ്രമിച്ചിട്ടുള്ളത്. സിനിമയുടെ വിജയപരാജയങ്ങൾക്കപ്പുറം ഒരു നടനെന്ന നിലയിൽ എന്റെ ജോലിയോട് ആത്മാർത്ഥത പുലർത്തിയിട്ടുണ്ട്. എന്നിട്ടും പലപ്പോഴും നെഗറ്റീവ് കമന്റുകൾ നേരിടേണ്ടിവരുന്നുണ്ട്. എന്നാൽ സിനിമാ മേഖലയിൽ എല്ലാ അഭിനേതാക്കളും ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകുന്നുണ്ടെന്ന് ഇപ്പോൾ മനസിലായി,'' എന്ന് ദുൽഖർ പറഞ്ഞു.

''സ്വന്തം കരിയറിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ വിമർശനങ്ങൾ തനിക്കെതിരെ മാത്രമാണ് ഉയരുന്നതെന്ന് ചിലപ്പോൾ തോന്നിയേക്കാം. എന്നാൽ മറ്റ് അഭിനേതാക്കൾ നേരിടുന്ന സമാനമായ അനുഭവങ്ങൾ കൂടി ശ്രദ്ധിക്കുമ്പോഴാണ് ഇത് സിനിമാ മേഖലയിൽ സാധാരണമായ കാര്യമാണെന്ന് മനസിലാകുന്നത്. വിമർശനങ്ങൾ ഇപ്പോഴും ഒരു പരിധിവരെ തന്നെ ബാധിക്കുന്നുണ്ടെങ്കിലും അവയെ ദേഷ്യമായോ നിരാശയായോ കൊണ്ടുനടക്കാൻ ആഗ്രഹിക്കുന്നില്ല. മറിച്ച്, വിമർശനങ്ങളെ കൂടുതൽ മികച്ച പ്രകടനങ്ങൾക്കുള്ള പ്രചോദനമായി മാറ്റുകയാണ് ചെയ്യുന്നത്. എനിക്ക് കഴിയില്ലെന്ന് ചിലർ കരുതുന്ന കാര്യങ്ങൾ ഏറ്റെടുത്ത് ചെയ്യാനാണ് ഇതിലൂടെ തോന്നുന്നതെന്ന്'' എന്ന് ദുൽഖർ വ്യക്തമാക്കി.

തന്നെ ഭയപ്പെടുത്തുന്നതോ വെല്ലുവിളിക്കുന്നതോ ആയ സിനിമകളും കഥാപാത്രങ്ങളും തിരഞ്ഞെടുക്കുന്നതിൽ ഇത്തരം വിമർശനങ്ങൾ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും താരം പറഞ്ഞു. പുതിയ കാര്യങ്ങൾ പരീക്ഷിക്കാനും അഭിനയത്തിൽ വളരാനും ഇത്തരം തിരഞ്ഞെടുപ്പുകൾ സഹായിക്കുന്നുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് ഇപ്പോൾ വിമർശനങ്ങളോടുള്ള ദേഷ്യവും മനസിലെ അമർഷവും കുറഞ്ഞിട്ടുണ്ടെന്നും ദുൽഖർ കൂട്ടിച്ചേർത്തു.

അതേസമയം, പവൻ സദിനേനി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം 'ആകാശംലോ ഒക താര'യാണ് ദുൽഖറിന്റെ വരാനിരിക്കുന്ന സിനിമ. പ്രചോദനാത്മകമായ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ സാത്വിക വീരവല്ലിയും ശ്രുതി ഹാസനും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രം 2026 നവംബർ 20ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Dulquer Salmaan says online criticism and negative comments affect him less than they once did. The actor revealed that he now uses negativity as motivation to explore challenging roles and experiment with his performances. He believes criticism has helped him grow professionally and approach his career with a different perspective.