മൊബൈല്‍ ഫോണില്‍ ടിക്കറ്റ് നിരക്ക് പരിശോധിച്ച ശേഷം ഓണ്‍ലൈന്‍ ബുക്കിങ് ചാര്‍ജ് ലാഭിക്കാമല്ലോ എന്ന് കരുതി തിയറ്ററില്‍ പോയി ടിക്കറ്റ് എടുക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ കൗണ്ടറിലെത്തുമ്പോള്‍ ഇതേ സീറ്റിന് ഓണ്‍ലൈനില്‍ കണ്ടതിനേക്കാള്‍ കൂടുതല്‍ പണം നല്‍കേണ്ടി വന്നാലോ? മിക്ക സിനിമ പ്രേമികള്‍ക്കും നേരിടേണ്ടി വരുന്ന ഒരു പൊതുവായ അനുഭവമാണിത്. ഇതിന് പിന്നിലെ വില്ലന്‍ 'ഡൈനാമിക് പ്രൈസിങ്' ആണ്. ആവശ്യക്കാരുടെ എണ്ണത്തിനനുസരിച്ച് ടിക്കറ്റ് നിരക്കുകളില്‍ മാറ്റം വരുത്തുന്ന രീതിയാണിത്. വിമാന ടിക്കറ്റുകളിലും ഹോട്ടല്‍ ബുക്കിങുകളിലും വര്‍ഷങ്ങളായി ഈ രീതി ഉപയോഗിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ മള്‍ട്ടിപ്ലക്‌സുകളും ഡൈനാമിക് പ്രൈസിംഗ് നിശബ്ദമായി നടപ്പാക്കി കഴിഞ്ഞു.
വര്‍ഷങ്ങളായി നിലനില്‍ക്കുന്ന മാതൃക
പ്രമുഖ മള്‍ട്ടിപ്ലക്‌സ് ശൃംഖലയായ പിവിആര്‍ പറയുന്നതനുസരിച്ച്, ഡൈനാമിക് പ്രൈസിങ് എന്നത് അടുത്തിടെ തുടങ്ങിയ പരീക്ഷണമല്ല, മറിച്ച് തങ്ങളുടെ വരുമാന തന്ത്രത്തിന്റെ ഭാഗമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ നടപ്പാക്കിയ ഒന്നാണ്. പിന്നീട് മറ്റ് മള്‍ട്ടിപ്ലക്‌സുകളും ഇത് പിന്തുടരുകയായിരുന്നു. പിവിആര്‍ ഐനോക്‌സില്‍ തിയറ്ററുകളിലെ സീറ്റുകള്‍ പരമാവധി ആളുകളെക്കൊണ്ട് നിറയ്ക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് വിവിധ നിരക്കുകളില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കുന്നതിനുമായാണ് ഈ രീതി അവതരിപ്പിച്ചതെന്ന് പിവിആര്‍ ഐനോക്‌സ് ലിമിറ്റഡിന്റെ ചീഫ് ബിസിനസ് പ്ലാനിങ് ആന്‍ഡ് സ്ട്രാറ്റജി ഓഫീസറായ കമല്‍ ഗ്യാന്‍ചന്ദാനി വ്യക്തമാക്കുന്നു.
മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് കൂടിയായ അദ്ദേഹം ടിക്കറ്റ് വില നിശ്ചയിക്കുന്നത് ഡിമാന്‍ഡ് മാത്രം നോക്കിയല്ലെന്നും മറ്റ് ഘടകങ്ങളും ഇതിനെ സ്വാധീനിക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ആഴ്ചയിലെ ഏത് ദിവസമാണ്, ഏത് സമയത്തെ ഷോയാണ്, തിയറ്ററിന്റെ ലൊക്കേഷന്‍, സീറ്റിംഗ് കാറ്റഗറി, സ്‌ക്രീന്‍ ഫോര്‍മാറ്റ് എന്നിവയെല്ലാം ഇതില്‍ പ്രധാനമാണ്. വന്‍ തിരക്കുള്ള സമയങ്ങളില്‍ വില കൂടുമെങ്കിലും, പ്രവൃത്തിദിനങ്ങളിലോ തിരക്കില്ലാത്ത സമയങ്ങളിലോ നേരത്തെ ബുക്ക് ചെയ്യുമ്പോഴോ കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കാന്‍ ഇത് സഹായിക്കുമെന്നാണ് തിയറ്റര്‍ ഉടമകളുടെ വാദം. അതായത്, വലിയ സിനിമകള്‍ റിലീസ് ചെയ്യുമ്പോള്‍ വില കൂടുമെങ്കിലും, സാധാരണ ദിവസങ്ങളിലെ മോര്‍ണിങ് ഷോകള്‍ക്ക് വില കുറവായിരിക്കും.
വില കൂടുമ്പോള്‍ ലാഭം ആര്‍ക്കാണ്?
ഡൈനാമിക് പ്രൈസിങിലൂടെ ടിക്കറ്റ് നിരക്ക് കൂട്ടുമ്പോള്‍ ആ പണം മുഴുവന്‍ തിയറ്റര്‍ ഉടമകളുടെ പോക്കറ്റിലേക്കാണ് പോകുന്നതെന്നൊരു തെറ്റായ ധാരണ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ സിനിമാ ബിസിനസ് അങ്ങനെയല്ല പ്രവര്‍ത്തിക്കുന്നതെന്ന് ട്രേഡ് അനലിസ്റ്റും നിര്‍മ്മാതാവുമായ ഗിരീഷ് ജോഹര്‍ വ്യക്തമാക്കുന്നു. 'ടിക്കറ്റ് തുകയുടെ ലാഭവിഹിതം സര്‍ക്കാരും തിയറ്റര്‍ ഉടമയും വിതരണക്കാരനും തമ്മില്‍ മുന്‍കൂട്ടി നിശ്ചയിച്ച ശതമാനക്കണക്കില്‍ വീതിച്ചെടുക്കും. ഒരു ടിക്കറ്റിന് 100 രൂപയാണെങ്കിലും 500 രൂപയാണെങ്കിലും ഈ ശതമാനക്കണക്കില്‍ മാറ്റമുണ്ടാകില്ല,' അദ്ദേഹം പറഞ്ഞു.
ഡൈനാമിക് പ്രൈസിങ് വഴി ടിക്കറ്റിന്റെ അടിസ്ഥാന വില മാത്രമാണ് കൂടുന്നത്. വരുമാനം പങ്കിടുന്ന ഫോര്‍മുല പഴയപടി തന്നെ തുടരും. വിമാന ടിക്കറ്റ് നിരക്കുകള്‍ മാറുന്നത് പോലെയാണ് ഇതെങ്കിലും, സിനിമ ടിക്കറ്റുകള്‍ക്ക് ഇങ്ങനെ വില മാറുന്നത് ഉള്‍ക്കൊള്ളാന്‍ പ്രേക്ഷകര്‍ ഇനിയും ശീലിച്ചിട്ടില്ല. ഓണ്‍ലൈനില്‍ ഒരു വില കണ്ട് കൗണ്ടറില്‍ എത്തുമ്പോള്‍ വില മാറുന്നത് ആളുകളില്‍ വലിയ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ടെന്ന് ജോഹര്‍ സമ്മതിക്കുന്നു. മെട്രോ നഗരങ്ങളിലെ പ്രീമിയം മാളുകളില്‍ ഈ രീതി നടപ്പാക്കുന്നതില്‍ തെറ്റില്ലെങ്കിലും സാധാരണക്കാരുള്ള ചെറുകിട നഗരങ്ങളില്‍ ഡിമാന്‍ഡ് കൂടി എന്ന് പറഞ്ഞ് അമിത വില ഈടാക്കുന്നത് ഉപഭോക്താക്കളോട് ചെയ്യുന്ന അനീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത് ചതിയോ?
സിനിമാ തിയറ്ററുകളില്‍ ഡൈനാമിക് പ്രൈസിങ് കൊണ്ടുവരുന്നത് ശരിയല്ലെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ അഭിപ്രായം. ഉപഭോക്താക്കളെ കൃത്യമായി അറിയിക്കാതെ ഇങ്ങനെ വില മാറ്റുന്നത് തികച്ചും തെറ്റായ ഒരു നടപടിയാണെന്ന് അനലിസ്റ്റുകള്‍ വാദിക്കുന്നു. കൗണ്ടറിലെത്തുമ്പോള്‍ ഉണ്ടാകുന്ന ചെറിയ വിലവര്‍ദ്ധനവ് പോലും കാണികളുടെ ബഡ്ജറ്റിനെ ബാധിക്കും. പ്രത്യേകിച്ച് കോളജ് വിദ്യാര്‍ഥികളും യുവാക്കളും കൃത്യമായ പണവുമായാണ് സിനിമയ്ക്ക് വരുന്നത്. കൗണ്ടറിലെത്തുമ്പോള്‍ ഉണ്ടാകുന്ന ചെറിയ വിലവര്‍ദ്ധനവ് പോലും അവരുടെ കണക്കുകൂട്ടലുകളെ തെറ്റിക്കും. ഇത് ഒരുതരം 'ചതി'യാണെന്ന് വിശേഷിപ്പിച്ച അനലിസ്റ്റുകള്‍, വരുമാനം കൂട്ടുന്നതിനേക്കാള്‍ ഉപഭോക്താക്കളോടുള്ള സുതാര്യതയ്ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് ഓര്‍മ്മിപ്പിച്ചു.
അതേസമയം, പിവിആര്‍ ഈ വാദങ്ങളെ തള്ളി. വെബ്സൈറ്റുകളിലും മൊബൈല്‍ ആപ്പുകളിലും ബുക്കിങ് കണ്‍ഫേം ചെയ്യുന്നതിന് മുമ്പ് തന്നെ കൃത്യമായ വില കാണിക്കുന്നുണ്ടെന്നും ഉപഭോക്താക്കള്‍ക്ക് ഇത് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ തക്കവണ്ണമുള്ള ആശയവിനിമയ സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും പിവിആര്‍ ഐനോക്‌സ് അറിയിച്ചു.
വരുന്നത് പുതിയ തിയറ്റര്‍ സംസ്‌കാരം
നിലവിലെ സാഹചര്യത്തില്‍ ഡൈനാമിക് പ്രൈസിങ രീതി തിയറ്ററുകളില്‍ നിന്ന് അത്രപെട്ടെന്ന് മാറാന്‍ സാധ്യതയില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ തിയറ്ററുകള്‍ ഈ വഴി സ്വീകരിക്കാനാണ് സാധ്യത. എന്നാല്‍ വിമാനക്കമ്പനികളുടെ തന്ത്രങ്ങള്‍ കടമെടുക്കുന്ന മള്‍ട്ടിപ്ലക്‌സുകള്‍, ഈ രീതി എന്തുകൊണ്ടാണെന്ന് സാധാരണക്കാരായ പ്രേക്ഷകര്‍ക്ക് കൃത്യമായി വിശദീകരിച്ചു കൊടുക്കാന്‍ കൂടി തയ്യാറാകേണ്ടതുണ്ട്. കാരണം, ഒരു ബിഗ് ബജറ്റ് ചിത്രത്തിന് കൂടുതല്‍ പണം നല്‍കാന്‍ പ്രേക്ഷകര്‍ തയ്യാറായാലും തങ്ങള്‍ അറിയാതെ ടിക്കറ്റ് വില കണ്‍മുന്നില്‍ വെച്ച് പെട്ടെന്ന് മാറുന്ന രീതികള്‍ അവരെ പ്രതിഷേധത്തിലാക്കുന്നുണ്ട്.
Dynamic pricing has quietly become a standard practice in India's multiplex industry, often leading to ticket prices changing between the time customers check online rates and purchase tickets at the theatre counter. While the model has long been used by airlines and hotels, multiplex chains like PVR INOX say it helps optimize seat occupancy by adjusting prices based on demand, show timings, location, seating category, and screen format.