Entertainment News

'കാരണം വിമർശനങ്ങളല്ല'; ലൂസിഫർ 3-യെക്കുറിച്ച് പൃഥ്വിരാജ്! കാത്തിരിപ്പിന് പിന്നിലെ രഹസ്യം പുറത്ത്

ചിത്രത്തിന്റെ അടുത്ത ഭാഗം എപ്പോഴെത്തുമെന്നുള്ള ചോദ്യങ്ങൾ വലിയ പ്രചോദനമാണെന്നും, നേരത്തെ ഏറ്റുപോയ ചിത്രങ്ങൾ മൂലമുള്ള സമയ കുറവ് കൊണ്ട് മാത്രമാണ് 'L3 ' വൈകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി

Entertainment Desk

ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത മോഹൻലാൽ ചിത്രം 'എമ്പുരാൻ' (ലൂസിഫർ 2) റിലീസിന് പിന്നാലെ വലിയ രീതിയിലുള്ള രാഷ്ട്രീയ വിമർശനങ്ങളും വിവാദങ്ങളുമാണ് നേരിട്ടത്. സെൻസർ ബോർഡിന്റെ കർശന ഇടപെടലുകളും ചിത്രത്തിലെ ചില രംഗങ്ങൾ നീക്കം ചെയ്തതും സംവിധായകൻ പൃഥ്വിരാജ് സുകുമാരന് നേരെയുണ്ടായ രാഷ്ട്രീയ പകപോക്കലുകളും മലയാള സിനിമയിൽ വലിയ ചർച്ചയായിരുന്നു. ഈ പശ്ചാത്തലത്തിൽ, ലൂസിഫർ സീരീസിലെ മൂന്നാം ഭാഗത്തിന്റെ (L3) പ്രഖ്യാപനം വൈകുന്നത് ആരാധകർക്കിടയിൽ പലവിധ അഭ്യൂഹങ്ങൾക്ക് വഴിവെച്ചു.

എന്നാൽ, ഭീഷണികളോ രാഷ്ട്രീയ വിമർശനങ്ങളോ അല്ല അടുത്ത ഭാഗം വൈകാൻ കാരണമെന്ന് പൃഥ്വിരാജ് ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്. ടൊവിനോ തോമസ് ചിത്രം 'പള്ളിച്ചട്ടമ്പി'യുടെ വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ്, വിമർശകർക്കും ആരാധകർക്കും ഒരേപോലെ മറുപടി നൽകുന്ന ആ സത്യം പൃഥ്വിരാജ് വെളിപ്പെടുത്തിയത്.

പൃഥ്വിരാജിന്റെ വാക്കുകൾ:

വിമർശനങ്ങൾ ഭയന്ന് ഒരു സിനിമ ചെയ്യാനും ചെയ്യാതിരിക്കാനും തീരുമാനമെടുക്കുന്ന വ്യക്തിയല്ല ഞാൻ. 'എംപുരാൻ' എന്ന ചിത്രം ഇഷ്ടപ്പെടാത്ത ആളുകളുമുണ്ട്. എന്നിരുന്നാലും പൊതുവിൽ ചിത്രത്തിന്റെ അടുത്ത ഭാഗം വേണമെന്ന് ആഗ്രഹിക്കുന്ന മനുഷ്യരാണ് അധികവും. എന്നെ സംബന്ധിച്ച് അത് വളരെ വലിയ പ്രചോദനമാണ്. എവിടെ പോയാലും 'L3 ' എന്നാണെന്നൊരു ചോദ്യം കേൾക്കാറുണ്ട്. ഇത്തരം ചോദ്യങ്ങൾ എനിക്ക് സിനിമ ചെയ്യാനുള്ള പ്രചോദനമാണ്. വാസ്തവത്തിൽ സിനിമ വൈകുന്നതിന്റെ കാരണം നേരത്തെ ഏറ്റുപോയ ചിത്രങ്ങൾ ഉള്ളതിനാലുള്ള സമയ കുറവാണ്. എന്റെയും മോഹൻലാലിന്റേയും സമയം വളരെ പ്രധാനമാണ്. അത് കൊണ്ട് മാത്രമാണ് അടുത്ത ഭാഗം വൈകുന്നത്.

1950-60 കാലഘട്ടം പശ്ചാത്തലമാകുന്ന പീരീഡ് ഡ്രാമയാണ് 'പള്ളിച്ചട്ടമ്പി'. വേള്‍ഡ് വൈഡ് ഫിലിംസ്, സി ക്യൂബ് ബ്രോസ് എന്റര്‍ടൈന്മെന്റ് എന്നിവയുടെ ബാനറില്‍ നൗഫല്‍, ബ്രിജീഷ്, ചാണക്യ, ചൈതന്യ, ചരണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ പൃഥ്വിരാജിന്റെ കാമിയോ വേഷമായ പട്ടേലർ കുഞ്ഞമ്പു നമ്പ്യാർക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. മലയാളം ഉള്‍പ്പെടെ അഞ്ച് ഭാഷകളിലായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. എസ്. സുരേഷ് ബാബു തിരക്കഥയൊരുക്കിയ ചിത്രത്തില്‍ വിജയരാഘവന്‍, സുധീര്‍ കരമന, ബാബുരാജ് തുടങ്ങിയ വന്‍ താരനിര അണിനിരക്കുന്നുണ്ട്. തമിഴ് ചിത്രമായ 'ഡ്രാഗണി'ലൂടെ ശ്രദ്ധേയയായ കയാദു ലോഹറാണ് ടൊവിനോയുടെ നായികയായി എത്തുന്നത്.

English Summary: Prithviraj Sukumaran clarified that the delay of Empuraan is due to scheduling issues and not fear of criticism. He stated that audience demand for the next part is strong and motivating.