Entertainment News

'സന്തോഷവും സ്വാതന്ത്ര്യവും മറ്റുള്ളവർക്ക് ലഭിക്കുന്നതിനുള്ള നിരാശ', സൈബർ ആക്രമണങ്ങൾക്കെതിരെ എസ്തർ

ആഗ്രഹിച്ചിട്ടും നേടാൻ പറ്റാത്ത കാര്യങ്ങൾ സമപ്രായക്കാരായിട്ടുള്ളവർ നേടുന്നതിലുള്ള നിരാശയാണ് പലരെയും സൈബർ ആക്രമണത്തിലേക്ക് നയിക്കുന്നത്; എസ്തർ അനിൽ

Entertainment Desk

സമൂഹ മാധ്യങ്ങളിൽ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് തുറന്നടിച്ച് നടി എസ്തർ അനിൽ. സ്വന്തം ഇഷ്ടങ്ങൾക്ക് അനുസരിച്ച് സ്വതന്ത്രമായി ജീവിക്കുന്ന പെൺകുട്ടികൾക്ക് നേരെയുള്ള അതൃപ്തിയുടെ ആക്രമണമാണ് വാസ്തവത്തിൽ സമൂഹ മാധ്യമങ്ങളിൽ നടക്കുന്നതെന്നത്. ചെറിയ ഇൻഫ്ളുവൻസർമാർ മുതൽ വലിയ താരങ്ങൾക്ക് വരെ ഉപയോഗിക്കുന്ന വസ്ത്രത്തിന്റെ പേരിൽ അതിക്രമങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്നു എന്നും 'ദൃശ്യം 3'യുടെ റിലീസ് ബന്ധപ്പെട്ട് റിപ്പോർട്ടർ ഫിലിംസിനു നൽകിയ അഭിമുഖത്തിൽ എസ്തർ പറഞ്ഞു.

ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നവരും, ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം ലഭിക്കാത്തവരുമായിട്ടുള്ളവരാണ് ഭൂരിഭാഗം വരുന്ന സൈബർ അക്രമികൾ. താനടക്കമുള്ള പ്രായം കുറഞ്ഞ ആളുകൾ നടത്തുന്ന തനിച്ചുള്ള യാത്രകളും ഇഷ്ടങ്ങൾക്ക് അനുസരിച്ചുള്ള വസ്ത്രധാരണയും ജീവിത പങ്കാളിയെ കണ്ടെത്തലും പോലെയുള്ള കാര്യങ്ങൾ ആഗ്രഹിക്കുന്ന പല മനുഷ്യരുമുണ്ട്. ഇത്തരത്തിൽ ആഗ്രഹിച്ചിട്ടും നേടാൻ പറ്റാത്ത കാര്യങ്ങൾ സമപ്രായക്കാരായിട്ടുള്ളവർ നേടുന്നതിലുള്ള നിരാശയാണ് സൈബർ ആക്രമണത്തിലേക്ക് നയിക്കുന്നതെന്ന് തോന്നാറുണ്ടെന്നും എസ്തർ പ്രതികരിച്ചു.

ഒരു കാര്യം പങ്കുവെക്കുന്നതിന് പിന്നിലെ ഉദ്ദേശമെന്തെന്ന് മനസിലാക്കാൻ ഉപയോഗിക്കുന്ന ഭാഷ തന്നെ ധാരാളമാണ്. നമ്മോടുള്ള കരുതലോ സ്നേഹംകൂടുതൽ കൊണ്ടോ ആളുകൾ എന്തെങ്കിലും കാര്യം പറയുന്നുവെങ്കിൽ അവിടെണ്ടാവുന്നത് വിമർശനത്തിന്റെ കൃത്യമായ ഭാഷയാണ്. എന്നാൽ അത്തരത്തിലൊരു പ്രതികരണ സംസ്കാരമാണ് ഇവിടെ പലപ്പോഴും ഇല്ലാത്തതുമെന്നും താരം വിമർശിച്ചു.

കോവിഡ് സമയത്ത് നടത്തിയ ഒരു ഫോട്ടോഷൂട്ടിലാണ് ഏറ്റവും ക്രൂരമായ രീതിയിലെ സൈബർ ആക്രമണമുണ്ടായത്. അന്ന് ജീവിതത്തിൽ പഠിച്ച ഒരു കാര്യമാണ്, ഇത്തരം പ്രശ്നങ്ങൾ അതിജീവിച്ച് പുറത്തെത്തുമ്പോഴേക്കും നമ്മുടെ ജീവിതത്തിന്റെ നല്ല ഭാഗമാവുന്ന കുറച്ചു മനുഷ്യരെ നമുക്ക് ലഭിക്കുമെന്നത്. നമ്മുടെ യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് തിരിച്ചറിയാൻ സാധിക്കുമെന്നും എസ്തർ കൂട്ടിച്ചേർത്തു.

English Summary: Esther Anil criticizes the growing cyber harassment on social media, stating that independent women are often targeted out of resentment and frustration by those lacking freedom in their own lives.