'ഡല്‍ഹി-6' എന്ന ചിത്രത്തിലൂടെ ഏവരുടെയും പ്രിയങ്കരമായി മാറിയ ഗാനങ്ങളില്‍ ഒന്നാണ് 'മസാക്കലി'. എ.ആര്‍ റഹ്‌മാന്‍ ആണ് പാട്ടിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സോനം കപൂറും അഭിഷേക് ബച്ചനും ഫ്രെയിമുകളില്‍ നിറയുന്ന ഈ പാട്ട് ആദ്യം ചിട്ടപ്പെടുത്തിയത് 'ഓം ശാന്തി ഓം' സിനിമയ്ക്ക് വേണ്ടിയാണെന്ന് വെളിപ്പെടുത്തിരിയിക്കുകയാണ് സംവിധായകയും കൊറിയോഗ്രാഫറുമായ ഫറ ഖാന്‍. എ. ആര്‍ റഹ്‌മാന്‍ 'മസാക്കലി' എന്ന ഗാനം യഥാര്‍ത്ഥത്തില്‍ ചിട്ടപ്പെടുത്തിയത് ഷാരൂഖ് ഖാന്‍ നായകനായ തന്റെ ചിത്രത്തിന് വേണ്ടിയായിരുന്നു എന്നാണ് ഫറ പറഞ്ഞത്. എന്നാല്‍ സിനിമയില്‍ ഈ പാട്ട് എവിടെ ഉപയോഗിക്കണമെന്ന് അന്ന് തനിക്ക് യാതൊരു ധാരണയുമില്ലായിരുന്നുവെന്നും ഫറ കൂട്ടിച്ചേര്‍ത്തു.
സംഗീത സംവിധായകന്‍ വിശാല്‍ ദദ്ലാനിയുടെ ഫാം ഹൗസ് സന്ദര്‍ശിച്ചവേളയില്‍, തന്റെ യൂട്യൂബ് വ്‌ലോഗിന്റെ പുതിയ എപ്പിസോഡിലൂടെയാണ് ഫറ താന്‍ രഹസ്യമാക്കിയ വിവരം പങ്കുവെച്ചത്. ഇരുവര്‍ക്കുമിടയിലുള്ള നീണ്ടബന്ധത്തെക്കുറിച്ച് ഓര്‍ത്തെടുക്കുന്നതിനിടയില്‍, 'ഓം ശാന്തി ഓം' എന്ന ചിത്രത്തിന്റെ സംഗീതം എങ്ങനെയാണ് രൂപപ്പെട്ടതെന്ന് ഫറ വെളിപ്പെടുത്തി. ചിത്രത്തിന് സംഗീതം നല്‍കാന്‍ തന്റെ ആദ്യ ചോയ്സ് റഹ്‌മാന്‍ ആയിരുന്നുവെന്ന് ഫറ പറയുന്നു. ആദ്യം റഹ്‌മാനെ സമീപിക്കാനാണ് പദ്ധതിയിടുന്നതെന്നും അത് നടക്കാതെ വന്നാല്‍ മാത്രമേ വിശാലും ശേഖറും തന്റെ അടുത്ത ചോയ്സ് ആകുകയുള്ളൂവെന്നും അവര്‍ വിശാലിനോട് പറഞ്ഞിരുന്നു.
എന്നാല്‍, ഫറയും റഹ്‌മാനും ഒന്നിക്കുന്ന ചിത്രത്തില്‍ വിശാലിന് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. തനിക്കും ശേഖറിനും ഈ പ്രൊജക്റ്റില്‍ അസിസ്റ്റന്റുമാരായി പ്രവര്‍ത്തിക്കാന്‍ പോലും മടിയില്ലെന്ന് വിശാല്‍ അന്ന് പറഞ്ഞിരുന്നു എന്നും ഫറ ഓര്‍ത്തെടുത്തു. തുടര്‍ന്നാണ് ഫറ ആ അപ്രതീക്ഷിത വിവരം വെളിപ്പെടുത്തിയത്. ''ഓം ശാന്തി ഓം'മിന് വേണ്ടി റഹ്‌മാന്‍ ആദ്യം ചെയ്ത ഗാനം 'മസാക്കലി' ആയിരുന്നു. ആ പാട്ട് സിനിമയില്‍ എവിടെ ഉള്‍പ്പെടുത്തുമെന്ന് എനിക്ക് അറിയില്ലായിരുന്നു. പക്ഷേ എനിക്ക് ആ പാട്ടും 'മസാക്കലി' എന്ന വാക്കും ഒത്തിരി ഇഷ്ടപ്പെട്ടു', ഫറ ഓര്‍ത്തെടുത്തു.
എന്നാല്‍, പിന്നീട് 'ഓം ശാന്തി ഓം' റിലീസ് ചെയ്ത് ഒരു വര്‍ഷത്തിന് ശേഷം, 2009-ല്‍ രാകേഷ് ഓംപ്രകാശ് മെഹ്‌റ സംവിധാനം ചെയ്ത 'ഡല്‍ഹി-6' എന്ന ചിത്രത്തിലാണ് അഭിഷേക് ബച്ചനും സോനം കപൂറിനുമൊപ്പം ഈ ഗാനം പ്രേക്ഷകരിലേക്ക് എത്തിയത്. താനും ശേഖറും 'ഓം ശാന്തി ഓം' സിനിമയിലേക്ക് വന്നില്ലെങ്കിലും ചിത്രത്തിന് മികച്ച സംഗീതം ലഭിക്കുമായിരുന്നുവെന്ന് വിശാല്‍ തമാശയായി പറഞ്ഞു. 'ഇരുവര്‍ക്കും നന്ദി, അതുകൊണ്ട് സംഗീതം മാത്രം ഗംഭീരമായി' എന്നായിരുന്നു ഫറ നല്‍കിയ മറുപടി.
പരമ്പരാഗത ബോളിവുഡ് മസാല സിനിമകളിലെ അവസാനത്തെ മികച്ച സംഗീത ചിത്രങ്ങളിലൊന്നാണ് 'ഓം ശാന്തി ഓം' എന്ന് വിശാല്‍ വിശേഷിപ്പിച്ചു. ചിത്രത്തിലെ ദൃശ്യമനോഹാരിതയും പ്രത്യേകിച്ച് 'ധൂം താന' എന്ന പാട്ടിന്റെ ദൃശ്യങ്ങളും ഇന്നും ആളുകളെ ഏറെ ആകര്‍ഷിക്കുന്നുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിച്ചു. 2007-ല്‍ പുറത്തിറങ്ങിയ 'ഓം ശാന്തി ഓം' ഫറ ഖാന്‍ സംവിധാനം ചെയ്ത് റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിച്ച ചിത്രമാണ്. ഷാരൂഖ് ഖാനും ദീപിക പദുകോണും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തില്‍ അര്‍ജുന്‍ രാംപാല്‍, ശ്രേയസ് തല്‍പഡെ, കിരണ്‍ ഖേര്‍ എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
Director and choreographer Farah Khan recently revealed on her YouTube vlog that A.R. Rahman originally composed the hit song "Masakali" for her 2007 blockbuster film Om Shanti Om. Although she loved the track and the word "Masakali," she couldn't figure out where to place it in Shah Rukh Khan's movie. The track was later used in Rakeysh Omprakash Mehra’s 2009 film Delhi-6, featuring Abhishek Bachchan and Sonam Kapoor. During a visit to composer Vishal Dadlani's farmhouse, Farah also shared that Rahman was her first choice for Om Shanti Om, before Vishal-Shekhar eventually took over the project's iconic soundtrack.