

ബോളിവുഡിൽ വ്യത്യസ്ത കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാൻ തയ്യാറാകാത്തതാണ് സിനിമകൾ എല്ലാം ഒരേപോലെ തോന്നുന്നുവെന്ന് തപ്‌സി പന്നു. പുതിയ സിനിമയായ 'ഗാന്ധാരി'യുടെ പ്രചാരണവുമായി ബന്ധപ്പെട്ട് ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് സിനിമാമേഖലയിലെ കാസ്റ്റിംഗ് രീതികളെയും ക്രിയേറ്റീവ് പ്രതിസന്ധികളെയും കുറിച്ച് താരം സംസാരിച്ചത്. നാലോ അഞ്ചോ നടീനടന്മാരെ വെച്ച് മാത്രം സിനിമകൾ ചെയ്യുമ്പോൾ എല്ലാ ചിത്രങ്ങളും ഒരുപോലെ തോന്നുന്നത് സ്വാഭാവികമാണെന്ന് താപ്സി ചൂണ്ടിക്കാട്ടി.
റൊമാന്റിക് കോമഡികളും ഗ്ലാമറസ് റോളുകളും ചിലർ മാത്രം മാറിമാറി ചെയ്യുന്നു. ത്രില്ലറുകളുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. മേക്കപ്പിലോ വസ്ത്രധാരണത്തിലോ മാറ്റം വരുത്തിയത് കൊണ്ടു മാത്രം ഒരു നടന്റെയോ നടിയുടെയോ ഇമേജ് മാറില്ല. പ്രേക്ഷകരുടെ മനസ്സിൽ പതിയുന്ന ബിംബം അതുപോലെ നിൽക്കും. സിനിമയിൽ വ്യത്യാസം കൊണ്ടുവരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വ്യത്യസ്തരായ അഭിനേതാക്കളെ കാസ്റ്റ് ചെയ്യാൻ അണിയറപ്രവർത്തകർ തയ്യാറാകണമെന്ന് താപ്സി വ്യക്തമാക്കി. സ്വന്തം കരിയറിലും ഇത്തരം ടൈപ്പ്കാസ്റ്റിംഗ് വെല്ലുവിളിയാകുന്നുണ്ടെന്ന് താരം സമ്മതിച്ചു. തുടർച്ചയായി ശക്തമായ സ്ത്രീ കഥാപാത്രങ്ങളും സങ്കീർണ്ണമായ റോളുകളുമാണ് തന്നെ തേടിയെത്തുന്നത്. വരുന്ന കഥകളിൽ നിന്ന് മികച്ചവ തിരഞ്ഞെടുക്കുമ്പോൾ വീണ്ടും അതേ ഇമേജിൽ തന്നെ തുടരേണ്ടി വരുന്നു. അൽഗോരിതങ്ങളെയും മുൻകാല കണക്കുകളെയും മാത്രം ആശ്രയിച്ചാണ് ഇന്ന് ബോളിവുഡ് മുന്നോട്ട് പോകുന്നതെന്നും ഇത് പുതിയ പരീക്ഷണങ്ങൾക്ക് തടസ്സമാകുന്നുണ്ടെന്നും താപ്സി പറഞ്ഞു.
മുൻകാലങ്ങളിൽ വിജയകരമായ കാര്യങ്ങൾ മാത്രം ആവർത്തിച്ചാൽ ഭാവിയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയില്ല. ഹോളിവുഡ് സിനിമകളെ അതേപടി റീമേക്ക് ചെയ്യുന്നതിന് പകരം തനിമയുള്ള വിഷയങ്ങൾ ഇവിടെ അംഗീകരിക്കപ്പെടണമെന്നാണ് തന്റെ ആഗ്രഹമെന്നും താരം കൂട്ടിച്ചേർത്തു. തന്റെ പരമ്പരാഗത ഇമേജിൽ നിന്ന് വ്യത്യസ്തമായ അനുഭവമാണ് 'ഗാന്ധാരി' നൽകിയതെന്ന് താപ്സി പറഞ്ഞു. തട്ടിക്കൊണ്ടുപോകപ്പെട്ട മകളെ തിരഞ്ഞിറങ്ങുന്ന 'ബാനി' എന്ന അമ്മയുടെ വേഷത്തിലാണ് ചിത്രത്തിൽ താരം എത്തുന്നത്. മേക്കപ്പ്, കോസ്റ്റ്യൂം ടീമുകളുടെ പ്രയത്നമാണ് തന്നിൽ നിന്ന് തീർത്തും വ്യത്യസ്തയായ ബാനിയെ സ്ക്രീനിൽ എത്തിക്കാൻ സഹായിച്ചതെന്നും താപ്സി പറഞ്ഞു.
Taapsee Pannu has criticized Bollywood’s repetitive casting culture, saying the industry often relies on the same actors and familiar images. While promoting Gandhari, she called for more diverse casting and original stories instead of repeating past successes and remaking Hollywood films.