25 വർഷമായി ആക്ഷനും വേഗതയും കൊണ്ട് പ്രേക്ഷകരെ ആവേശത്തിലാക്കിയ ‘ഫാസ്റ്റ് & ഫ്യൂരിയസ്’ ഫ്രാഞ്ചൈസി ഇനി ടെലിവിഷനിലേക്കും. എൻബിസി യൂണിവേഴ്സലിന്റെ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ പീകോക്ക്, ‘ഫാസ്റ്റ് & ഫ്യൂരിയസ്’ യൂണിവേഴ്സിനെ അടിസ്ഥാനമാക്കിയുള്ള പുതിയ ലൈവ്-ആക്ഷൻ സീരീസിന് ഔദ്യോഗികമായി ഗ്രീൻ ലൈറ്റ് നൽകി. 2028ൽ സീരീസ് പ്രീമിയർ ചെയ്യാനാണ് നിലവിലെ തീരുമാനം.
ലോകമെമ്പാടും വലിയ ആരാധകവൃന്ദമുള്ള ഫ്രാഞ്ചൈസിയുടെ ടെലിവിഷൻ അരങ്ങേറ്റം പുതിയ കഥകൾക്കും കഥാപാത്രങ്ങൾക്കും കൂടുതൽ സാധ്യതകൾ തുറക്കുമെന്നാണ് പ്രതീക്ഷ. ഫ്രാഞ്ചൈസിലെ കഥാപാത്രങ്ങളുടെയും അവരുടെ ലോകത്തിന്റെയും കഥ കൂടുതൽ വികസിപ്പിക്കണമെന്നത് ആരാധകരുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നുവെന്ന് നേരത്തെ വിൻ ഡീസൽ പറഞ്ഞിരുന്നു.
സീരീസിന്റെ കഥയോ പ്രധാന താരനിരയോ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ ഫ്രാഞ്ചൈസിയുടെ മുഖമായ വിൻ ഡീസൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി സീരീസിന്റെ ഭാഗമാകും. വൺ റേസിന്റെ സാം വിൻസന്റ്, ഒറിജിനൽ ചിത്രത്തിന്റെ നിർമാതാവ് നീൽ എച്ച്. മോറിറ്റ്സ്, പവൻ ഷെട്ടി, ജെഫ് കിർഷൻബാം, ക്രിസ് മോർഗൻ എന്നിവരും നിർമാണത്തിൽ പങ്കാളികളാകും.
2028 ‘ഫാസ്റ്റ് & ഫ്യൂരിയസ്’ ആരാധകർക്ക് ഇരട്ടി ആഘോഷത്തിനുള്ള വർഷമാകും. ഫ്രാഞ്ചൈസിയിലെ അടുത്ത ചിത്രം ‘ഫാസ്റ്റ് ഫോറെവർ’ 2028 മാർച്ച് 17ന് തിയറ്ററുകളിലെത്തും. ഇതിന് പിന്നാലെ അതേ വർഷം ടെലിവിഷൻ സീരീസും എത്തുന്നതോടെ ഫ്രാഞ്ചൈസിയുടെ സിനിമാ-ടെലിവിഷൻ ലോകങ്ങൾ ഒരേസമയം സജീവമാകും.
2001ൽ പുറത്തിറങ്ങിയ ആദ്യ ‘ഫാസ്റ്റ് & ഫ്യൂരിയസ്’ ചിത്രം മുതൽ ഇതുവരെ 11 സിനിമകളാണ് ഫ്രാഞ്ചൈസിയുടെ ഭാഗമായി എത്തിയത്. ആഗോള ബോക്സ് ഓഫീസിൽ 7 ബില്യൺ ഡോളറിലധികം നേടിയ ‘ഫാസ്റ്റ് & ഫ്യൂരിയസ്’, യൂണിവേഴ്സലിന്റെ ഏറ്റവും വിജയകരമായ സിനിമാ ഫ്രാഞ്ചൈസികളിലൊന്നാണ്.
ഇതോടെ കാറുകളും റേസിങ്ങും ആക്ഷനും നിറഞ്ഞ ‘ഫാസ്റ്റ് & ഫ്യൂരിയസ്’ ലോകം ഇനി ബിഗ് സ്ക്രീനിൽ മാത്രം ഒതുങ്ങില്ല. 2028ൽ പീകോക്കിലൂടെ പുതിയ അധ്യായത്തിന് തുടക്കമിടുകയാണ് ഫ്രാഞ്ചൈസി.
The Fast & Furious franchise is officially expanding into television with a new live-action series for Peacock, set to premiere in 2028. Vin Diesel will serve as executive producer alongside key franchise producers. The series will introduce new stories and characters, while Fast Forever is scheduled to release in March 2028.