സിനിമയിലെ താരപദവികള്‍ക്കും ഓഡിഷനുകള്‍ക്കും കാസ്റ്റിങ് കോളുകള്‍ക്കും ബോക്‌സ് ഓഫീസ് കണക്കുകള്‍ക്കുമെല്ലാം പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, സിനിമയില്‍ അഭിനയിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നത് പ്രത്യേകിച്ച് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം സമൂഹത്തോടുള്ള വലിയൊരു കലാപമായിരുന്നു. 1913-ല്‍ ദാദാസാഹെബ് ഫാല്‍ക്കെ 'മോഹിനി ഭസ്മാസുര' എന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരിക്കുമ്പോള്‍ ഇന്ത്യന്‍ സിനിമ തുടക്കഘട്ടത്തിലായിരുന്നു. അദ്ദേഹത്തിന്റെ ആദ്യ ഫീച്ചര്‍ ചിത്രമായ 'രാജാ ഹരിശ്ചന്ദ്ര' അതേവര്‍ഷമാണ് പുറത്തിറങ്ങിയത്. എന്നാല്‍ ആ ചിത്രം നിര്‍മ്മിച്ചപ്പോഴാണ് സിനിമാമേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഫാല്‍ക്കെ തിരിച്ചറിഞ്ഞത്, അഭിനയിക്കാന്‍ തയ്യാറായുള്ള സ്ത്രീകള്‍ ഇല്ല.
'രാജാ ഹരിശ്ചന്ദ്ര'യില്‍ താരാമതി എന്ന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒടുവില്‍ ഫാല്‍ക്കെയ്ക്ക് അണ്ണാ സാലുങ്കെ എന്ന പുരുഷനെ ആശ്രയിക്കേണ്ടി വന്നു. എന്നാല്‍ തന്റെ അടുത്ത ചിത്രത്തില്‍ സ്ത്രീകള്‍ തന്നെ അഭിനയിക്കണമെന്ന് ഫാല്‍ക്കെ ഉറപ്പിച്ചിരുന്നു. അങ്ങനെയിരിക്കെയാണ് വിധി നിയോഗം പോലെ ആ അമ്മയും മകളും അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്.
വഴിത്തിരിവായ ആ സന്ദര്‍ശനം
ആ കാലഘട്ടത്തിലാണ് രഘുനാഥ് റാവു ഗോഖലെ ഉടമസ്ഥനായ 'ചിത്താകര്‍ഷക് നാടക കമ്പനി' എന്ന യാത്രാ നാടകസംഘം നാസിക്കില്‍ എത്തുന്നത്. അവിടെ നിന്നാണ് ഫാല്‍ക്കെ സ്ത്രീ അഭിനേതാക്കളെ കണ്ടെത്തുന്നത്. ദുര്‍ഗ്ഗാഭായ് കാമത്തും അവരുടെ മകള്‍ കമല ഭായ് ഗോഖലെയും. അങ്ങനെ 'മോഹിനി ഭസ്മാസുര'യില്‍ ദുര്‍ഗ്ഗാഭായ് പാര്‍വ്വതിയായും മകള്‍ കമല മോഹിനിയായും വേഷമിട്ടു. ആ ഒരൊറ്റ തീരുമാനത്തിലൂടെ ദുര്‍ഗ്ഗാഭായ് കാമത്ത് ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ വനിതാ അഭിനേത്രിയായി ചരിത്രത്തില്‍ ഇടംനേടി. ഇന്ന് കേള്‍ക്കുമ്പോള്‍ ഇതൊരു ചെറിയ കാര്യമായി തോന്നാമെങ്കിലും അന്ന് അതൊട്ടും എളുപ്പമായിരുന്നില്ല.
ആ ഒരൊറ്റ ചിത്രത്തിലൂടെ ആ അമ്മയും മകളും ഇന്ത്യന്‍ സിനിമയുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ചു. ദുര്‍ഗ്ഗാഭായ് സിനിമയില്‍ അഭിനയിക്കുക മാത്രമല്ല ചെയ്തത്, ഒരു അഭിനയ പരമ്പരയ്ക്ക് തന്നെ തുടക്കമിടുകയായിരുന്നു. മകള്‍ കമല ആറര പതിറ്റാണ്ടിലേറെ സിനിമയിലും നാടകത്തിലും സജീവമായി. കമലയുടെ പേരക്കുട്ടി ചന്ദ്രകാന്ത് ഗോഖലെയും തുടര്‍ന്ന് വിക്രം ഗോഖലെ, മോഹന്‍ ഗോഖലെ തുടങ്ങിയ പ്രശസ്ത നടന്മാരും ഈ പരമ്പരയുടെ ഭാഗമായി മാറി.
ദുര്‍ഗ്ഗാഭായിയുടെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത് അക്കാലത്തെ രേഖകളില്‍ നിന്നല്ല, മറിച്ച് അവരെ അടുത്തറിഞ്ഞ മകളില്‍ നിന്നാണ്. സംവിധായിക റീനാ മോഹന്‍ 1992-ല്‍ ചിത്രീകരിച്ച 'കമലാഭായ്' എന്ന ഡോക്യുമെന്ററിയിലാണ് കമല തന്റെ അമ്മയെക്കുറിച്ച് തുറന്നുപറയുന്നത്. 'എന്റെ അമ്മ വളരെ കഴിവുള്ളൊരു കലാകാരിയായിരുന്നു. കതക് നൃത്തവും വീണ, സിത്താര്‍, തബല എന്നിവ വായിക്കാനും അമ്മ പഠിച്ചിരുന്നു. അമ്മയുടെ അച്ഛന്‍ പ്രശസ്തനായ സംഗീതജ്ഞനായിരുന്നു. അദ്ദേഹത്തിന്റെ കഴിവ് അമ്മയ്ക്കും, അമ്മയുടേത് എനിക്കും ലഭിച്ചു,' കമല ഓര്‍ക്കുന്നു.
അമ്മയെ അഭിനയരംഗത്തേക്ക് നയിച്ചത് എന്താണെന്ന ചോദ്യത്തിന് കമല നല്‍കിയ ഉത്തരം ലളിതമായിരുന്നു, 'വിധി'. തന്റെ കുട്ടിക്കാലത്തെക്കുറിച്ച് അതിലും വേദനയോടെയാണ് കമല സംസാരിച്ചത്, 'എന്റെ പിതാവ് നല്ലൊരു മനുഷ്യനായിരുന്നില്ല. അദ്ദേഹം അമ്മയെ ജീവച്ഛവമാകും വരെ ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നു.' ഒടുവില്‍ പീഡനങ്ങള്‍ സഹിക്കവയ്യാതായപ്പോള്‍ ദുര്‍ഗ്ഗാഭായ് ആ വീട് വിട്ടിറങ്ങി. അങ്ങനെ അമ്മയും മകളും മുംബൈയിലെ പ്രാര്‍ത്ഥനാ സമാജിലേക്ക് താമസം മാറി. അവിടെ ജീവിക്കാന്‍ ഒരു വഴി കണ്ടെത്തണമായിരുന്നു. ദുര്‍ഗ്ഗാഭായ് നാടകം തിരഞ്ഞെടുത്തു.
ഈ തീരുമാനം വലിയ വിമര്‍ശനങ്ങള്‍ക്കും സാമൂഹിക ബഹിഷ്‌കരണത്തിനും കാരണമായി. ദുര്‍ഗ്ഗാഭായിയുടെ തീരുമാനത്തെ ഒരു ഗ്ലാമറസ് തുടക്കമായി ചിത്രീകരിക്കാന്‍ എളുപ്പമാണ്. എന്നാല്‍ അവരെ സംബന്ധിച്ചിടത്തോളം അത് വെറുമൊരു ഗ്ലാമറോ പ്രശസ്തിയോ ആയിരുന്നില്ല. അതിജീവനമായിരുന്നു. ആ അതിജീവനം ഒടുവില്‍ ഒരു തൊഴിലായി മാറുകയായിരുന്നു.
സിനിമയ്ക്ക് മുമ്പേ നാടകം
ദാദാസാഹെബ് ഫാല്‍ക്കെയുടെ സിനിമയിലേക്ക് യാദൃച്ഛികമായി എത്തിയ ഒരാളായിരുന്നില്ല ദുര്‍ഗ്ഗാഭായ്. അവര്‍ അതിനുമുമ്പേ പ്രഗത്ഭയായൊരു നാടക കലാകാരിയായിരുന്നു. ഷേക്‌സ്പിയര്‍ നാടകങ്ങളായ 'കിംഗ് ലിയര്‍', 'മാക്ബത്ത്', 'ഒഥല്ലോ'യിലെ ഒഥല്ലോയുടെ ഭാര്യ, 'റോമിയോ ആന്‍ഡ് ജൂലിയറ്റി'ലെ ദാസി, 'കീചക വധ'ത്തിലെ സുദേഷണ തുടങ്ങിയ വേഷങ്ങള്‍ അവര്‍ വേദിയില്‍ തകര്‍ത്താടിയിരുന്നു. ദുര്‍ഗ്ഗാഭായിയുടെ നാടകരംഗത്തേക്കുള്ള വരവ് എല്ലാവരും സ്വാഗതം ചെയ്തില്ല. സ്ത്രീകള്‍ നാടകത്തില്‍ അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ വിനായക്റാവു കാനേട്കര്‍ ഉള്‍പ്പെടെയുള്ള ചില പുരുഷ അഭിനേതാക്കള്‍ നാടകം ഉപേക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തി. എന്നാല്‍ നാടക കമ്പനി ഉടമയായ രഘുനാഥ് റാവു ഗോഖലെ പിന്മാറാന്‍ തയ്യാറായില്ല. അദ്ദേഹം ആ സ്ത്രീകള്‍ക്കൊപ്പം ഉറച്ചുനിന്നു. നാടകവേദി നല്‍കിയ ഊര്‍ജ്ജമാണ് ദുര്‍ഗ്ഗാഭായിയെ സിനിമയിലേക്ക് എത്തിച്ചത്.
ചരിത്രം മറന്നുപോയ പ്രതിഭ
ഇന്ത്യന്‍ സിനിമയിലേക്ക് സ്ത്രീകള്‍ക്കായി വാതില്‍ തുറന്നുകൊടുത്ത ദുര്‍ഗ്ഗാഭായി കുറിച്ച് വളരെ കുറച്ച് വിവരങ്ങള്‍ മാത്രമേ ചരിത്രത്തില്‍ ലഭ്യമായിട്ടുള്ളൂ. അവരുടെ ജനനത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും അവസാന കാലത്തെക്കുറിച്ചുമെല്ലാം വൈരുദ്ധ്യമുള്ള വിവരങ്ങളാണുള്ളത്. 1879-ല്‍ ജനിച്ച് 1997-ല്‍ മരിച്ചു എന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ടെങ്കിലും കൃത്യമായ തെളിവുകളില്ല. എന്നാല്‍ മകള്‍ കമലയുടെ ഓര്‍മ്മകളില്‍ ദുര്‍ഗ്ഗാഭായ് കാമത്ത് ഗാര്‍ഹികപീഡനങ്ങള്‍ സഹിച്ച, ജോലി ചെയ്തതിന്റെ പേരില്‍ അധിക്ഷേപങ്ങള്‍ നേരിട്ട, സമൂഹത്തിന്റെ ചോദ്യങ്ങളെ നേരിട്ട ഒരു സ്ത്രീയാണ്.
Durgabai Kamat, widely regarded as India’s first female film actor, entered cinema after escaping domestic violence and social ostracism. At a time when acting was considered unacceptable for women, Dadasaheb Phalke struggled to find female actors for his films. After relying on a man, Anna Salunke, to play the female role of Taramati in Raja Harishchandra, Phalke sought women for his next production, Mohini Bhasmasur. Durgabai Kamat and her daughter Kamalabai Gokhale joined Phalke’s film. Durgabai played Parvati, while Kamalabai played Mohini, marking a historic moment for women in Indian cinema. Durgabai had already established herself as a theatre artist and had performed in several plays before entering films.