Entertainment News

മൂന്ന് സിനിമകള്‍, 3,000 കോടി രൂപ; ഒരു ദശാബ്ദത്തിനുള്ളില്‍ യഷ് കെട്ടിപ്പടുത്ത ബോക്‌സ് ഓഫീസ് സാമ്രാജ്യം

ഇന്ത്യന്‍ സിനിമയിലെ മറ്റ് സൂപ്പര്‍താരങ്ങള്‍ നിരവധി സിനിമകളിലൂടെ കൈവരിച്ച 3,000 കോടി ക്ലബ്ബ് നേട്ടം ഇത്രയും കുറഞ്ഞ സിനിമകളിലൂടെ സ്വന്തമാക്കുന്ന ഏക ദക്ഷിണേന്ത്യന്‍ താരമാണ് യഷ്.

Entertainment Desk

ഒരു ദശാബ്ദത്തിനുള്ളില്‍ വെറും മൂന്ന് സിനിമകളിലൂടെ ആഗോള ബോക്‌സ് ഓഫീസില്‍ 3,000 കോടി രൂപയെന്ന അവിശ്വസനീയമായ കളക്ഷന്‍ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കന്നഡ സൂപ്പര്‍താരം യഷ്. 'കെജിഎഫ്: ചാപ്റ്റര്‍ 2', 'ടോക്‌സിക്', 'രാമായണം' എന്നീ മൂന്ന് ചിത്രങ്ങളിലൂടെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് താരമെന്ന നിരയിലേക്ക് യഷ് തന്റെ പേര് എഴുതിച്ചേര്‍ത്തിരിക്കുന്നു.

തരംഗമായി മാറിയ 'റോക്കി ഭായ്'

2022-ല്‍ പുറത്തിറങ്ങിയ പ്രശാന്ത് നീല്‍ ചിത്രം 'കെജിഎഫ്: ചാപ്റ്റര്‍ 2' ആണ് യഷിന്റെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവായത്. ചിത്രത്തിലെ 'റോക്കി ഭായി' എന്ന കഥാപാത്രം രാജ്യവ്യാപകമായി ഒരു തരംഗമായി മാറുകയും ആഗോളതലത്തില്‍ ഏകദേശം 1,191 കോടി രൂപ കളക്ഷന്‍ നേടുകയും ചെയ്തു. ഒരു പ്രാദേശിക കന്നഡ ചിത്രം എന്നതിലുപരി, ഭാഷാതിര്‍ത്തികള്‍ ഭേദിച്ച് തിയറ്ററുകളില്‍ ആഘോഷങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന പാന്‍-ഇന്ത്യന്‍ താരമായി യഷിനെ ഈ ചിത്രം അടയാളപ്പെടുത്തി.

പരീക്ഷണങ്ങളുടെ 'ടോക്‌സിക്'

'കെജിഎഫി'ന്റെ വന്‍ വിജയത്തിന് ശേഷം, സമാനമായ മാസ്സ് ചിത്രങ്ങളുടെ പിന്നാലെ പോകുന്നതിന് പകരം വ്യത്യസ്തമായൊരു സിനിമാറ്റിക് പരീക്ഷണത്തിനാണ് യഷ് മുതിര്‍ന്നത്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത 'ടോക്‌സിക്' എന്ന ചിത്രത്തിലൂടെ 'റോക്കി ഭായി'യുടെ പരിവേഷത്തില്‍ നിന്ന് പുറത്തുകടക്കാന്‍ അദ്ദേഹം തയ്യാറായി. തന്റെ സിനിമകളുടെ പ്രൗഢിയും വലുപ്പവും നിലനിര്‍ത്തിക്കൊണ്ട് തന്നെ, വ്യത്യസ്തമായ കഥപറച്ചില്‍ രീതികളെ സ്വീകരിക്കാനുള്ള യഷിന്റെ ആത്മവിശ്വാസമാണ് ഈ ചിത്രം തെളിയിച്ചത്.

ചര്‍ച്ചയായി 'രാമായണം'

നിതേഷ് തിവാരിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ബ്രഹ്‌മാണ്ഡ ഇതിഹാസ ചിത്രം 'രാമായണം' യഷിന്റെ താരമൂല്യം അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തി. ചിത്രത്തില്‍ രാവണനായി വേഷമിട്ട യഷിന്റെ പ്രകടനം വലിയ പ്രശംസ നേടി. റിലീസ് ചെയ്ത് വെറും 13 ദിവസത്തിനുള്ളില്‍ ആഗോളതലത്തില്‍ 1,483.50 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. ഇതോടെ, 'കെജിഎഫ് 2', 'ടോക്‌സിക്', 'രാമായണം' എന്നീ മൂന്ന് ചിത്രങ്ങളുടെ ആകെ കളക്ഷന്‍ 3,000 കോടി രൂപ കടന്നു. കൂടാതെ, ചിത്രത്തിന്റെ കന്നഡ ഡബ്ബ് ചെയ്ത പതിപ്പ് 50 കോടി രൂപയിലധികം കളക്ഷന്‍ നേടി, ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഡബ്ബ് ചെയ്ത ചിത്രമെന്ന റെക്കോര്‍ഡും സ്വന്തമാക്കി.

ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍

ഇന്ത്യന്‍ സിനിമയിലെ മറ്റ് സൂപ്പര്‍താരങ്ങള്‍ നിരവധി സിനിമകളിലൂടെ കൈവരിച്ച 3,000 കോടി ക്ലബ്ബ് നേട്ടം ഇത്രയും കുറഞ്ഞ സിനിമകളിലൂടെ സ്വന്തമാക്കുന്ന ഏക ദക്ഷിണേന്ത്യന്‍ താരമാണ് യഷ്. 'വെറും മൂന്ന് സിനിമകള്‍ കൊണ്ട് 3,000 കോടി നേട്ടം പിന്നിടുക എന്നത് നിസ്സാര കാര്യമല്ല. യഷിന്റെ ബോക്‌സ് ഓഫീസ് കരുത്തിനെയും പാന്‍-ഇന്ത്യന്‍ സ്വീകാര്യതയെയുമാണ് ഇത് വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ മാത്രമല്ല, അന്താരാഷ്ട്ര വിപണികളിലും അദ്ദേഹത്തിന്റെ സിനിമകള്‍ വലിയ ചലനം സൃഷ്ടിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ തിയറ്റര്‍ താരങ്ങളുടെ നിരയില്‍ യഷ് തന്റെ സ്ഥാനം കൂടുതല്‍ ഉറപ്പിച്ചിരിക്കുകയാണ്.', ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് പറഞ്ഞു.

സിനിമകളുടെ എണ്ണത്തേക്കാള്‍ അവയുടെ ഗുണനിലവാരത്തിനും വ്യാപ്തിക്കും പ്രാധാന്യം നല്‍കുന്ന യഷിന്റെ ശൈലി ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ പുതിയൊരു പാഠമാണ്. മൂന്ന് സിനിമകളിലൂടെ 3,000 കോടി രൂപയെന്ന മാന്ത്രിക സംഖ്യ പിന്നിട്ട യഷ്, ഇനി വരാനിരിക്കുന്ന പ്രോജക്റ്റുകളിലൂടെ ഏതൊക്കെ പുതിയ ഉയരങ്ങള്‍ കീഴടക്കുമെന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്.

Kannada superstar Yash has reportedly crossed the ₹3,000-crore mark in global box office collections through just three films over the past decade, further strengthening his position as one of Indian cinema's leading pan-Indian stars. The films highlighted are KGF: Chapter 2, Toxic and Ramayana. The 2022 blockbuster KGF: Chapter 2, directed by Prashanth Neel, marked a major turning point in Yash's career. His portrayal of Rocky Bhai became a nationwide phenomenon, with the film reportedly earning around ₹1,191 crore worldwide and establishing him as a major pan-Indian star.