Entertainment News

‘ഗോന്ധൽ’ ഓസ്കർ വേദിയിലേക്ക്; 2027ലെ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചിത്രം

ഓസ്കർ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന നാലാമത്തെ മറാത്തി ചിത്രമാണ് ‘ഗോന്ധൽ’

Entertainment Desk

സന്തോഷ് ദവാഖർ സംവിധാനം ചെയ്ത മറാത്തി ത്രില്ലർ ചിത്രം ‘ഗോന്ധൽ’ 99-ാമത് അക്കാദമി അവാർഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടു. വെള്ളിയാഴ്ച ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതോടെ മറാത്തി സിനിമയ്ക്കും മഹാരാഷ്ട്രയുടെ സാംസ്കാരിക പാരമ്പര്യങ്ങളിൽ വേരൂന്നിയ കഥയ്ക്കും അന്താരാഷ്ട്ര വേദിയിൽ ശ്രദ്ധ നേടാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്.

മഹാരാഷ്ട്രയിലെ ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറയുന്ന ‘ഗോന്ധൽ’ പരമ്പരാഗത ഗോന്ധൽ അനുഷ്ഠാനത്തെ കേന്ദ്രീകരിച്ചാണ് മുന്നോട്ടുപോകുന്നത്. സാംസ്കാരവും പാരമ്പര്യങ്ങളും വ്യക്തിപരമായ ആഗ്രഹങ്ങളും മനുഷ്യന്റെ ദുർബലതകളും തമ്മിലുള്ള സംഘർഷങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്.അസന്തുഷ്ടമായ ദാമ്പത്യജീവിതത്തിൽ കുടുങ്ങിക്കിടക്കുന്ന സുമൻ എന്ന സ്ത്രീയാണ് കഥയിലെ കേന്ദ്ര കഥാപാത്രം. തന്റെ ഭർത്താവിനെയും ഒരു ഗോന്ധളി കലാകാരനെയും ഉൾപ്പെടുത്തി ആസൂത്രണം ചെയ്യുന്ന ഒരു അപകടകരമായ പദ്ധതിയിൽ സുമൻ അകപ്പെടുന്നതോടെയാണ് കഥ കൂടുതൽ സങ്കീർണമാകുന്നത്.

കിഷോർ കദം ‘ഭിവാബ‘യായും ഇഷിത ദേശ്മുഖ് ‘സുമൻ‘ ആയും യോഗേഷ് സോഹോനി ആനന്ദ് ‘ആൻഡ്യ’യായും നിഷാദ് ഭോയർ ‘സർജേരാവ്‘ ആയും ചിത്രത്തിൽ വേഷമിടുന്നു. സുരേഷ് വിശ്വകർമ, അനൂജ് പ്രഭു, വിഠ്ഠൽ കാലെ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ദവാഖർ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘ഗോന്ധൽ’. ഗോന്ധൽ അനുഷ്ഠാനത്തെ പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ഈ സൈക്കോളജിക്കൽ ത്രില്ലറിൽ നാടോടിക്കഥകളും മനുഷ്യബന്ധങ്ങളും സമകാലിക സാമൂഹിക യാഥാർഥ്യങ്ങളും ഒരുമിച്ചുചേരുന്നു.

2025ൽ നടന്ന 56-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ ‘ഗോന്ധൽ’ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ സംവിധായകൻ സന്തോഷ് ദവാഖറിന് മികച്ച സംവിധായകനുള്ള സിൽവർ പീക്കോക്ക് പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 2025 നവംബർ 14ന് മഹാരാഷ്ട്രയിലെ തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്.

കഴിഞ്ഞ വർഷം നീരജ് ഘയ്വാൻ സംവിധാനം ചെയ്ത പാൻഡമിക് പശ്ചാത്തലത്തിലുള്ള ‘ഹോംബൗണ്ട്’ ആയിരുന്നു ഓസ്കറിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രി. എന്നാൽ ചിത്രത്തിന് അന്തിമ നോമിനേഷനിൽ ഇടം നേടാനായില്ല. ഓസ്കർ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന നാലാമത്തെ മറാത്തി ചിത്രമാണ് ‘ഗോന്ധൽ’. നേരത്തെ ‘ശ്വാസ’ (2005), ‘ഹരിശ്ചന്ദ്രാചി ഫാക്ടറി’ (2009), ‘കോർട്ട്’ (2015) എന്നീ മറാത്തി ചിത്രങ്ങൾ ഇന്ത്യയുടെ ഔദ്യോഗിക എൻട്രികളായി എത്തിയിട്ടുണ്ട്. മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമിനുള്ള പുരസ്കാരം ഇതുവരെ ഇന്ത്യയ്ക്ക് നേടാനായിട്ടില്ല. 2027 മാർച്ച് 14ന് ഹോളിവുഡിലെ ഡോൾബി തിയറ്ററിലാണ് 99-ാമത് ഓസ്കർ പുരസ്കാരച്ചടങ്ങ് നടക്കുക. കോണൻ ഒബ്രിയൻ ചടങ്ങിൽ അവതാരകനാകും.

Marathi thriller Gondhal, directed by Santosh Davakhar, has been selected as India’s official entry for the 99th Academy Awards. Set in rural Maharashtra, the psychological thriller explores tradition, relationships and human vulnerability through the Gondhal ritual. The film earned Davakhar the Silver Peacock for Best Director at IFFI 2025.