ഇൻസ്റ്റഗ്രാം സബ്സ്ക്രിപ്ഷൻ വീഡിയോ വിവാദത്തിൽ മാപ്പുപറഞ്ഞ് നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽമീഡിയ ഇൻഫ്ളുവൻസറുമായ ഹൻസിക കൃഷ്ണ. ഒറ്റനിമിഷത്തെ തോന്നലിന്റെ പുറത്ത് പോസ്റ്റ് ചെയ്ത വീഡിയോ ആണെന്നും പണമോ പ്രശസ്തിയോ ആഗ്രഹിച്ചിരുന്നില്ലെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച നീണ്ട കുറിപ്പിൽ ഹൻസിക വ്യക്തമാക്കി. കഴിഞ്ഞ ഒരു മാസമായി വലിയ കുറ്റബോധത്തോടെയാണ് ജീവിക്കുന്നതെന്നും ഹൻസിക കുറിക്കുന്നു.
വീഡിയോയുടെ പേരിൽ താനും കുടുംബവും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് ഹൻസിക വിശദമായി തന്നെ എഴുതിയിട്ടുണ്ട്. ഒരു പബ്ലിക് ഫിഗർ എന്ന നിലയിൽ വിമർശനങ്ങൾ സ്വാഭാവികമാണെങ്കിലും ചില ആളുകൾ ഇതൊരു പ്രോജക്ട് പോലെ ഏറ്റെടുത്ത് ക്രൂരമായ ഭാഷയിൽ നിരന്തരം വീഡിയോ ചെയ്തതായും ഹൻസിക കുറ്റപ്പെടുത്തി. എനിക്ക് പറയാനുള്ളത് എന്ന തലക്കെട്ടോടെ പങ്കുവച്ച കുറിപ്പിന് സിന്ധുകൃഷ്ണയും അഹാനയും ഇഷാനിയും ദിയയുമെല്ലാം കമന്റ് ചെയ്തിട്ടുണ്ട്. തെറ്റ് പറ്റുന്നത് സ്വാഭാവികമാണെന്നും അത് തുറന്നുപറയാനുള്ള മനസ്സിനെ അഭിനന്ദിക്കുന്നുവെന്നുമാണ് കമന്റുകളിലധികവും.
കുറിപ്പിൻറെ പൂർണരൂപം.
ഏതാനും ആഴ്ചകൾക്ക് മുമ്പ് ഇൻസ്റ്റഗ്രാം സബ്സ്ക്രിപ്ഷൻ ഫീച്ചറിലൂടെ ഞാൻ പോസ്റ്റ് ചെയ്ത ഒരു വീഡിയോയുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ടായി. ആ വീഡിയോ എന്റെ ഒരു നിമിഷത്തെ അശ്രദ്ധയും വിവേകമില്ലായ്മയും ഒക്കെയായിരുന്നു. അതിലങ്ങേയറ്റം കുറ്റബോധവും എനിക്കുണ്ട്. ചെയ്ത തെറ്റിനെ ന്യായീകരിക്കുന്നില്ല. പക്ഷേ കഴിഞ്ഞ ഒരു മാസമായി ഒരുപാട് വേദനയും കുറ്റബോധവും പേറിയാണ് ഞാൻ ജീവിക്കുന്നത്. എന്നെ സ്നേഹിക്കുന്ന കുറച്ച് പേരെങ്കിലുമുണ്ടെങ്കിൽ അവരോട് എനിക്ക് പറയാനുള്ളത് പറയണം എന്ന് തോന്നി. അവർക്ക് വേണ്ടിയാണ് ഈ പോസ്റ്റ്.
എനിക്കിപ്പോഴുമറിയില്ല, എന്തിനാണ് ഞാനാ വീഡിയോ പോസ്റ്റ് ചെയ്തെന്ന്. ഒറ്റ നിമിഷത്തെ തോന്നലിന്റെ പുറത്ത് ചെയ്ത തെറ്റ് തന്നെയാണത്. തെറ്റ് മനസ്സിലാക്കി അഞ്ച് മിനിറ്റിനുള്ളിൽ വീഡിയോ ഡിലീറ്റ് ചെയ്തെങ്കിലും സബ്സ്ക്രിപ്ഷനിലുള്ള ചിലർ അതിനോടകം തന്നെ അത് സ്ക്രീൻ റെക്കോർഡ് ചെയ്തിരുന്നു. പിന്നീടത് സോഷ്യൽ മീഡിയയിലാകെ പ്രചരിച്ചു.
ഞാനത് പണത്തിനും പ്രശസ്തിക്കും വേണ്ടി ചെയ്തതാണെന്നാണ് പലരുടെയും ആരോപണം. അവർക്കങ്ങനെ തോന്നുന്നത് സ്വാഭാവികമാണ്, പക്ഷേ അങ്ങനൊരു ഉദ്ദേശവും ആ വീഡിയോയ്ക്ക് പിന്നിലുണ്ടായിരുന്നില്ല. എന്നെ നോക്കാനുള്ള വരുമാനം 20 വയസ്സിൽ എനിക്കുണ്ടാക്കാനായിട്ടുണ്ട്. വർഷങ്ങളായി എനിക്കും എന്റെകുടുംബത്തിനും നിങ്ങൾ നൽകുന്ന സ്നേഹവും പിന്തുണയും കാണുന്നതാണ് ഞാൻ. അതിനാൽ പ്രശസ്തി എന്നത് ഞാൻ കൊതിക്കുന്നതോ ഞങ്ങൾക്ക് ഇല്ലാത്തതോ ആയ ഒന്നല്ല.
എനിക്കേറ്റവും വിഷമമുണ്ടാക്കിയ കാര്യം, ഞാനും കൂടി അഭിനയിച്ച, സഹോദരി അഹാനയുടെ മ്യൂസിക് വീഡിയോ പുറത്തിറങ്ങുന്നതിന് ദിവസങ്ങൾ മാത്രം ശേഷിക്കേയാണ് ഈ വീഡിയോ പുറത്ത് വന്നത് എന്നതാണ്. എന്റെ പ്രവൃത്തിയുടെ പ്രത്യാഘാതങ്ങൾ ഇത്രയധികം ആണെന്ന് ബോധ്യമുണ്ടായിരുന്നെങ്കിൽ ആ സമയത്ത് ഞാനാ വീഡിയോ ഒരിക്കലും പോസ്റ്റ് ചെയ്യുമായിരുന്നില്ല. സഹോദരി ഒരു വർഷത്തിലേറെയായി കഠിനാധ്വാനം ചെയ്ത് പുറത്തിറക്കിയ മ്യൂസിക് വീഡിയോ ആണത്. ഞാൻ ചെയ്യുന്ന കാര്യങ്ങളുടെ ആഘാതത്തെ കുറിച്ച് അല്പമെങ്കിലും ചിന്തിച്ചിരുന്നെങ്കിൽ അവളുടെ കരിയറിനെ ബാധിക്കുന്നതൊന്നും, പ്രത്യേകിച്ച് റിലീസിന് തൊട്ടുമുമ്പ് ഞാൻ ചെയ്യില്ലായിരുന്നു.
മ്യൂസിക് വീഡിയോയെ ആ വിവാദം ബാധിച്ചില്ലെങ്കിലും ആ സമയത്ത് തന്നെ വീഡിയോ ഷെയർ ചെയ്തതിൽ മറ്റൊരു ഉദ്ദേശവും ഇല്ലായിരുന്നെന്ന് വ്യക്തമാക്കുകയാണ്. അതൊരു തെറ്റ് തന്നെ ആയിരുന്നു.
എനിക്കും എന്റെ കുടുംബത്തിനും ഞാൻ ചെയ്തതിന്റെ പരിണിതഫലം അനുഭവിക്കേണ്ടി വന്നു. ഞങ്ങൾ മാത്രമായിരുന്നു അതിന്റെ ദോഷവശങ്ങൾ നേരിട്ടത്. മറ്റാരെയും അത് നേരിട്ട് ബാധിച്ചില്ല. അതുകൊണ്ട് തന്നെയാണ് സൈബർ ബുള്ളിയിംഗും കുറ്റപ്പെടുത്തലും വെറുപ്പും എനിക്കത്രയും വേദനാജനകമായത്. ഒരു പബ്ലിക് ഫിഗർ എന്ന നിലയിൽ വിമർശനങ്ങൾ സ്വാഭാവികമാണെന്ന് എനിക്കറിയാം. പക്ഷേ ചില സമയത്ത് ഇത് കൈവിട്ടുപോകാറുണ്ട്. അത് വിമർശനമായി മാത്രം ഒതുങ്ങിയില്ല. ചില ആളുകൾ ഇതൊരു അവസരമായി കണ്ട്, അവരുടെ അക്കൌണ്ടുകളിൽ റീച്ച് വർഘിപ്പിക്കാൻ നിരന്തരം വീഡിയോസ് ഉണ്ടാക്കി.
കുറ്റപ്പെടുത്തലിലൂടെ എനിക്കും എന്റെ കുടുംബത്തിനും നേരെ വെറുപ്പ് അഴിച്ചു വിടാൻ അവരാ വീഡിയോസ് ഉപയോഗിച്ചു. മറ്റൊരാളുടെ വേദനയിൽ സംതൃപ്തി കണ്ടെത്തുന്ന ഇത്തരം ആളുകളോട് എനിക്കൊന്നും പറയാനില്ല. തങ്ങളെ ഒരു തരത്തിലും ബാധിക്കാത്ത ഒരു വിഷയത്തിൽ ഒരാൾക്കെതിരെ എങ്ങനെ ഇത്രയധികം വെറുപ്പ് പടർത്താനാവുന്നു എന്നത് എനിക്കിപ്പോഴും ആശ്ചര്യമാണ്. മറ്റൊരാളോട് എന്തിന് ഇത്രയധികം ഇഷ്ടക്കേട് തോന്നുന്നു എന്നതും എന്നെ അത്ഭുതപ്പെടുത്തുന്നുണ്ട്.
ഞാൻ ചെയ്ത തെറ്റിനെ ന്യായീകരിച്ച് സിംപതി പിടിച്ചുപറ്റുകയല്ല എന്റെ ഉദ്ദേശം. കഴിഞ്ഞ ഒരുമാസമായി ഞാൻ മനസ്സിൽ കൊണ്ടുനടക്കുന്ന കാര്യം പറയണം എന്ന് തോന്നി.
പിന്നെ ചില ആളുകൾ ചോദിച്ചു എന്തിനാണ് ഞാനീ സമയത്ത് സബ്സ്ക്രിപ്ഷൻ റേറ്റ് 299 രൂപയിൽ നിന്ന് 399 ആയി ഉയർത്തിയത് എന്ന്. ഈ സംഭവം ഉണ്ടായതിന് ശേഷം എന്റെ മനസ്സിലേക്ക് ആദ്യം വന്ന തോന്നൽ സബ്സ്ക്രിപ്ഷൻ എന്നന്നേക്കുമായി നിർത്തിയാലോ എന്നതായിരുന്നു. പക്ഷേ അത് കൂടുതൽ പ്രശ്നങ്ങളുണ്ടാക്കും എന്നെനിക്കറിയാമായിരുന്നു.
റേറ്റ് കൂട്ടിയാൽ സബ്സ്ക്രൈബ് ചെയ്യുന്നവരുടെ എണ്ണം കുറയുമല്ലോ, കുറച്ച് പേരെങ്കിലും പിൻവാങ്ങുമല്ലോ എന്ന ചിന്തയിലാണ് അത് ചെയ്തത്. ഇത് വിശ്വസിക്കണം എന്നൊന്നും ഞാനാരോടും പറയുന്നില്ല. പക്ഷേ ഇതാണ് അതിന് പിന്നിലുള്ള കാരണം. ആ വർധിപ്പിച്ച സബ്സ്ക്രിപ്ഷൻ റേറ്റിൽ ഒരു പൈസ പോലും ഞാനെടുത്തിട്ടില്ല. അത് സംഭാവന ചെയ്യുകയാണ് ചെയ്തത്.
എന്റെ ഭാഗത്ത് നിന്നുണ്ടായ ആ വലിയ തെറ്റിൽ നിരാശരായവരോടും വേദനിച്ചവരോട് ആത്മാർഥമായി മാപ്പ് പറയുകയാണ്. നിങ്ങളെയൊക്കെ നിരാശരാക്കിയതിൽ അങ്ങേയറ്റം വേദനയുണ്ട്. പക്ഷേ നിങ്ങളെന്നെ മനസ്സിലാക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരുപാട് കാര്യങ്ങൾ ഈ സംഭവമെന്നെ പഠിപ്പിച്ചു. ഇനിയങ്ങോട്ടുള്ള ജീവിതത്തിൽ കൂടുതൽ വിവേചനപൂർവമായ പെരുമാറ്റം എന്റെ ഭാഗത്ത് നിന്നുണ്ടാകും.
ഈ ഒരൊറ്റ സംഭവത്തിലൂടെ എന്നോടുള്ള ചിലരുടെയെങ്കിലും കാഴ്ചപ്പാട് മാറിയിട്ടുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പക്ഷേ ഞാനെന്ന വ്യക്തിക്ക് മാറ്റമൊന്നും സംഭവിച്ചിട്ടില്ല. നിങ്ങൾ ഇതുവരെ കണ്ട, അറിഞ്ഞ ആ പഴയ വ്യക്തി തന്നെയാണ് ഞാൻ. അതേ സ്നേഹത്തോടെ നിങ്ങളെന്ന ഓർക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്റെ തെറ്റിന് നിങ്ങളെന്നോട് ക്ഷമിക്കുമെന്നും എനിക്കൊരു അവസരം കൂടി തരുമെന്ന് വിശ്വസിക്കുകയാണ് ഞാൻ. ഈ പ്രയാസഘട്ടത്തിൽ എനിക്കൊപ്പം നിന്ന എല്ലാവരോടും, പ്രത്യേകിച്ച് കുടുംബത്തോടും ആത്മാർഥ സുഹൃത്തുക്കളോടും നന്ദി.
English Summary: Hansika Krishna, daughter of actor Krishna Kumar and a social media influencer, has apologised over the Instagram subscription video controversy. In a lengthy note shared on Instagram, Hansika said the video was posted on an impulse and that she neither sought money nor fame through it. She also wrote that she has been living with immense guilt over the past month.