വെറും രണ്ട് കോടി രൂപ ബജറ്റിൽ ഒരുക്കി ആഗോളതലത്തിൽ 452 കോടിയിലധികം രൂപയുടെ നേട്ടം സ്വന്തമാക്കിയ ചിത്രം. എന്നാൽ വമ്പൻ വിജയത്തിനു പിന്നാലെ അണിയറയിൽ അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷമാകുന്നതായാണ് റിപ്പോർട്ടുകൾ. സിനിമയുടെ അവകാശങ്ങൾ, പ്രചാരണം, ബിസിനസ് ഇടപാടുകൾ എന്നിവ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുമായി നിർമാതാക്കൾ രംഗത്തെത്തി.
2026-ലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയങ്ങളിലൊന്നായി മാറിയ 'ഹനുമാൻ അൻഷി'ന്റെ അണിയറയിൽ ഭിന്നതകൾ രൂക്ഷമാകുന്നതായി റിപ്പോർട്ടുകൾ. വെറും രണ്ട് കോടി രൂപ ചെലവിൽ നിർമിച്ച ചിത്രം ആഗോളതലത്തിൽ 452.86 കോടി രൂപ സ്വന്തമാക്കിയതിനു പിന്നാലെയാണ് നിർമാണസംഘത്തിലെ അഭിപ്രായവ്യത്യാസങ്ങൾ വാർത്തകളിൽ ഇടംപിടിക്കുന്നത്. സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട തർക്കങ്ങളും അവകാശങ്ങളുടെ നിയന്ത്രണവും സംബന്ധിച്ച് വ്യക്തത വരുത്തി സ്വംബു മീഡിയ നെറ്റ്വർക്ക് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. സംവിധായകൻ ഡോ. വിശാൽ ചതുർവേദിയും നിർമാതാക്കളായ നമ്രത ജി. സിങ്ങും രാഗിണി സോനയും അനുപ്രിയ നഗറും ഉൾപ്പെടുന്നതാണ് ചിത്രത്തിന്റെ നിർമാണസംഘം.
നവംബർ രണ്ടിന് പുറത്തിറക്കിയ പ്രസ്താവനയിൽ നമ്രത ജി. സിങ്ങിനെയും വിശാൽ ചതുർവേദിയെയും കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർമാരായി പ്രഖ്യാപിച്ചിട്ടുണ്ട്. സിനിമയുടെ പബ്ലിക് റിലേഷൻസ്, മാർക്കറ്റിങ്, പുരസ്കാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ, വിവിധ പങ്കാളിത്തങ്ങൾ എന്നിവയുടെ ഏകോപനം ഇവരുടെ നേതൃത്വത്തിലായിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു. ചിത്രത്തിന്റെ പേരിൽ വ്യക്തികൾ സ്വതന്ത്രമായി അവകാശങ്ങൾ കൈകാര്യം ചെയ്യുന്നതും അനുമതിയില്ലാതെ ബിസിനസ് ഇടപാടുകൾ നടത്തുന്നതും അംഗീകരിക്കില്ലെന്നും നിർമാതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തിയറ്റർ, ഒടിടി, ടെലിവിഷൻ സംപ്രേഷണം, സംഗീതം, ഗെയിമിങ്, ലൈസൻസിങ് തുടങ്ങി ഇന്ത്യയിലും വിദേശത്തുമുള്ള ചിത്രത്തിന്റെ എല്ലാ അവകാശങ്ങളും നിർമാതാക്കൾ തമ്മിലുള്ള കരാറിലെ വ്യവസ്ഥകൾ അനുസരിച്ചായിരിക്കും കൈകാര്യം ചെയ്യുക. ഒരാൾക്ക് മാത്രമായി ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാനോ സിനിമയെ പ്രതിനിധീകരിച്ച് ഇടപാടുകൾ നടത്താനോ അധികാരമില്ലെന്നും പ്രസ്താവന വ്യക്തമാക്കുന്നു. ഔദ്യോഗിക നടപടിക്രമങ്ങൾ പാലിക്കാതെയുള്ള അവകാശവാദങ്ങളും പുരസ്കാര പ്രഖ്യാപനങ്ങളും ബിസിനസ് കരാറുകളും കമ്പനി അംഗീകരിക്കില്ലെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
സിനിമയുമായി ബന്ധപ്പെട്ട് പൊതുവേദികളിൽ സംസാരിക്കാനോ അഭിമുഖങ്ങൾ, പോഡ്കാസ്റ്റുകൾ, യൂട്യൂബ് പരിപാടികൾ, പ്രമോഷൻ ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാനോ ആഗ്രഹിക്കുന്ന അഭിനേതാക്കളും അണിയറപ്രവർത്തകരും ഔദ്യോഗിക ആശയവിനിമയ സംവിധാനത്തിലൂടെ മുൻകൂട്ടി അനുമതി തേടണമെന്നും നിർദേശിച്ചിട്ടുണ്ട്. സിനിമയുടെ പേരിലും ഔദ്യോഗിക ക്രെഡിറ്റുകളിലും ബൗദ്ധിക സ്വത്തവകാശത്തിലും അനധികൃത ഇടപെടലുകൾ അനുവദിക്കില്ലെന്ന നിലപാടും നിർമാതാക്കൾ ആവർത്തിച്ചു. അതേസമയം, ചിത്രത്തിന്റെ നാല് നിർമാതാക്കളുടെയും പേരുകൾ പ്രസ്താവനയിൽ വ്യക്തമായി ഉൾപ്പെടുത്തിയിട്ടുണ്ട്. നമ്രത ജി. സിങ്, ഡോ. വിശാൽ ചതുർവേദി, രാഗിണി സോന, അനുപ്രിയ നഗർ എന്നിവരാണ് ഔദ്യോഗിക നിർമാതാക്കൾ. ചിത്രത്തിന്റെ അവകാശങ്ങൾ നാലുപേരും സംയുക്തമായാണ് കൈവശം വെച്ചിരിക്കുന്നതെന്നും പ്രചാരണം, പുരസ്കാരങ്ങൾ, പങ്കാളിത്തങ്ങൾ, അവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങൾക്ക് നാലുപേരുടെയും അംഗീകാരം ആവശ്യമാണെന്നും അറിയിപ്പിൽ പ്രത്യേകം വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ ചുമതല സംബന്ധിച്ച പ്രഖ്യാപനവും സംയുക്ത ഉടമസ്ഥാവകാശവും തമ്മിലുള്ള വ്യത്യാസം പ്രസ്താവനയിൽ ശ്രദ്ധേയമാണ്.
ഇതിനിടെ 21 വയസ്സുകാരിയായ നിർമാതാവ് അനുപ്രിയ നഗറിനെച്ചൊല്ലിയും ചർച്ചകൾ സജീവമാണ്. ചിത്രത്തിന്റെ പ്രചാരണ പ്രവർത്തനങ്ങളിൽ ഏറെ ശ്രദ്ധ നേടിയ മുഖമായിരുന്നു അനുപ്രിയ. സിനിമയുടെ ചിത്രീകരണാനന്തര ജോലികൾ പുരോഗമിക്കുന്ന ഘട്ടത്തിലാണ് താൻ നിർമാണസംഘത്തിന്റെ ഭാഗമായതെന്ന് അവർ നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ വിജയത്തിനു പിന്നാലെ നിരവധി അഭിമുഖങ്ങളിലും പ്രചാരണ പരിപാടികളിലും അനുപ്രിയ സജീവമായിരുന്നു. ഇതോടെ മറ്റുള്ളവരെ അപേക്ഷിച്ച് ഒരു നിർമാതാവിന് കൂടുതൽ പ്രാധാന്യം ലഭിക്കുന്നുവെന്ന തരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങൾ അണിയറയിൽ ഉണ്ടായതായാണ് റിപ്പോർട്ടുകൾ. 'ഹനുമാൻ അൻഷ്' ഒരു ട്രിലജിയായി വികസിപ്പിക്കാനാണ് പദ്ധതിയെന്നും രണ്ടാം ഭാഗത്തിനായി അണിയറപ്രവർത്തകർ വീണ്ടും ഒന്നിക്കുമെന്നും അനുപ്രിയ നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ തുടർഭാഗത്തിന്റെ ഭാവി സംബന്ധിച്ച് വ്യക്തതയില്ല. നീം കരോളി ബാബയുടെ ജീവിതകഥയെ വ്യത്യസ്തമായ രീതിയിൽ സമീപിക്കാൻ നിർമാതാക്കൾ ആലോചിക്കുന്നതായും സൂചനകളുണ്ട്. സിനിമാ നിർമാണത്തിലെ അനുഭവങ്ങൾ പുസ്തകമാക്കാനും സ്വന്തമായി നിർമാണക്കമ്പനി ആരംഭിക്കാനും ആഗ്രഹിക്കുന്നതായി അനുപ്രിയ മുൻപ് പറഞ്ഞിരുന്നു.
നീം കരോളി ബാബയുടെ ജീവിതവും ആത്മീയ യാത്രയുമാണ് ഡോ. വിശാൽ ചതുർവേദി രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിന്റെ പ്രമേയം. അമ്മയുടെ മരണത്തിനുശേഷം ജീവിതത്തിന്റെയും മരണത്തിന്റെയും അർഥം തേടി യാത്ര തിരിക്കുന്ന ലക്ഷ്മിനാരായണൻ എന്ന യുവാവിന്റെ കഥയിലൂടെയാണ് ചിത്രം മുന്നേറുന്നത്. ഈ ആത്മീയാന്വേഷണം ഒടുവിൽ അദ്ദേഹത്തെ നീം കരോളി ബാബയിലേക്കുള്ള പരിവർത്തനത്തിലേക്ക് നയിക്കുന്നു. ഓഗസ്റ്റ് ഏഴിനായിരുന്നു ചിത്രത്തിന്റെ തിയറ്റർ റിലീസ്. ഡിജിറ്റൽ റിലീസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
ബോക്സ് ഓഫീസിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കിയ ചിത്രത്തിന്റെ അടുത്ത ഘട്ടം എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ. സാമ്പത്തിക വിജയത്തിനൊപ്പം അണിയറയിലെ അഭിപ്രായവ്യത്യാസങ്ങളും ചർച്ചയാകുമ്പോൾ, 'ഹനുമാൻ അൻഷി'ന്റെ രണ്ടാം ഭാഗവും നിർമാണസംഘത്തിന്റെ ഭാവിയും എങ്ങനെയായിരിക്കുമെന്നതാണ് ഇനി അറിയാനുള്ളത്.
Despite becoming a massive box-office success with over Rs 452 crore worldwide collections on a Rs 2 crore budget, Hanuman Ansh is reportedly facing internal disagreements. The makers have issued an official statement clarifying production responsibilities, ownership rights, promotional activities and business decisions, while producer Anupriya Nagar remains in focus.