വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ് പ്രഖ്യാപിച്ചിട്ടും നീണ്ടുപോയ നിതീഷ് സഹദേവ് മമ്മൂട്ടി ചിത്രം. പ്രോജക്ട് നിശ്ശബ്ദമായിരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പുതിയ റിപ്പോർട്ടുകൾ പ്രചരിക്കുന്നത്. പ്രത്യേകിച്ച്, സോഷ്യൽ മീഡിയ താരവും നടനുമായ ഹാഷിർ ചിത്രത്തിന്റെ ഭാഗമാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്.
'ഫാലിമി' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് നിതീഷ് സഹദേവ്. ചിത്രത്തിന്റെ വിജയത്തിനു പിന്നാലെ മമ്മൂട്ടിയെ നായകനാക്കി പുതിയൊരു ചിത്രം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചില കാരണങ്ങളാൽ പ്രോജക്ട് വൈകുകയും പിന്നീട് സംവിധായകൻ തമിഴ് സിനിമയിലേക്ക് തിരിയുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് മമ്മൂട്ടി ചിത്രത്തെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ഹാഷിറിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി നിതീഷ് സഹദേവ് റീപോസ്റ്റ് ചെയ്തതോടെയാണ് പുതിയ അഭ്യൂഹങ്ങൾക്ക് തുടക്കമായത്. ഇതോടെ ഹാഷിർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുമോ എന്ന ചർച്ച സമൂഹമാധ്യമങ്ങളിൽ ശക്തമായി. ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
ഒരു ആക്ഷൻ സിനിമയായിരുന്നാലും ആക്ഷനെ പുതിയ രീതിയിൽ അവതരിപ്പിക്കാനാണ് ശ്രമമെന്ന് നിതീഷ് സഹദേവ് നേരത്തെ വ്യക്തമാക്കിയിരുന്നു. ജിംഷി ഖാലിദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം വിഷ്ണു വിജയ് കൈകാര്യം ചെയ്യുന്നു. ചിത്രം ഈ വർഷം ക്രിസ്മസ് റിലീസ് ലക്ഷ്യമിട്ട് ഒരുങ്ങുന്നതായും സൂചനയുണ്ട്.
മമ്മൂട്ടി കമ്പനിയും കാവ്യ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നതെന്നാണ് വിവരം. മമ്മൂട്ടി കമ്പനിയുടെ വലിയ പ്രോജക്ടുകളിലൊന്നായിട്ടാണ് ഈ ചിത്രം ഒരുങ്ങുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കേരള–തമിഴ്നാട് അതിർത്തി പശ്ചാത്തലമാക്കി ഒരുങ്ങുന്ന സിനിമയിൽ മമ്മൂട്ടി ഗ്യാങ്സ്റ്റർ വേഷത്തിലാണ് എത്തുന്നതെന്ന വിവരവും പുറത്തുവരുന്നു. ഒരു ഫൺ ആക്ഷൻ കൊമേഴ്ഷ്യൽ ചിത്രമായി ഇത് ഒരുക്കപ്പെടുമെന്നാണ് സൂചന. ചിത്രത്തിൽ നായികയില്ലെന്നും, പകരം ഒൻപത് വയസുള്ള ഒരു കുട്ടിയാണ് പ്രധാന കഥാപാത്രമായി എത്തുന്നതെന്നുമാണ് മറ്റൊരു റിപ്പോർട്ട്.
English Summary: Rumors are circulating that social media influencer Hashir may join director Nithish Sahadev’s upcoming Mammootty film, after an Instagram repost sparked discussions. The project, set near the Kerala–Tamil Nadu border, is expected to be a fun action commercial entertainer.