ബോളിവുഡ് സിനിമാ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരുന്ന 'ഹേരാ ഫേരി 3' എന്ന ചിത്രത്തെക്കുറിച്ച് നിരാശാജനകമായ വാർത്തകളാണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ സംവിധായക സ്ഥാനത്തുനിന്ന് പിന്മാറിയതായി പ്രിയദർശൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഈ ചിത്രം ഇനി ഒരിക്കലും വെള്ളിത്തിരയിൽ എത്തില്ലെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. ചിത്രത്തിന്റെ നിർമ്മാതാവ് ഫിറോസ് നാദിയാദ്വാല, പ്രിയദർശൻ ഈ പ്രോജക്ടിന്റെ ഭാഗമല്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സംവിധായകന്റെ ഔദ്യോഗിക പ്രതികരണം വന്നിരിക്കുന്നത്.
ഫിറോസ് പറഞ്ഞത് സത്യമാണ്. നിലവിൽ ഞാൻ 'ഹേരാ ഫേരി 3' മായി ഒരു തരത്തിലും സഹകരിക്കുന്നില്ല. എന്റെ അറിവ് ശരിയാണെങ്കിൽ, നിരവധി നിയമപ്രശ്നങ്ങളും വ്യക്തിപരമായ തർക്കങ്ങളും കാരണം ഹേരാ ഫേരി 3 ഇനി ഒരിക്കലും തിയേറ്ററുകളിൽ എത്തില്ല. അതിൽ ഞാൻ ഉണ്ടോ ഇല്ലയോ എന്നത് പ്രസക്തമല്ല
ഈ വർഷം ആദ്യം ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്ന സിനിമ, പകർപ്പവകാശവും സംഗീത അവകാശത്തെയും ചൊല്ലിയുള്ള തർക്കങ്ങൾ ചിത്രത്തെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. ചിത്രം ഈ വർഷം തിയേറ്ററുകളിലെത്തില്ലെന്ന് പ്രിയദർശൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സിനിമയുടെ അവകാശത്തെച്ചൊല്ലി വിവിധ വ്യക്തികൾ രംഗത്തെത്തിയതാണ് പ്രധാന തടസ്സമെന്ന് പ്രിയദർശൻ 'ഇ ടൈംസി'ന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. കൂടാതെ, ചിത്രത്തിലെ ഗാനങ്ങളുടെ അവകാശം സംബന്ധിച്ച തർക്കവും രൂക്ഷമാണ്. പ്രമുഖ നിർമ്മാതാവ് ഭൂഷൺ കുമാർ ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് തനിക്കാണെന്ന് പരസ്യമായി അവകാശപ്പെട്ടത് സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കി. ഈ നിയമപ്രശ്നങ്ങൾ പരിഹരിക്കാതെ ചിത്രീകരണവുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് പ്രിയദർശന്റെ നിലപാട്.
ബാർ ആൻഡ് ബെഞ്ചിന്റെ റിപ്പോർട്ടുകൾ പ്രകാരം, പ്രമുഖ പ്രൊഡക്ഷൻ ഹൗസായ 'സെവൻ ആർട്സ് ഇന്റർനാഷണൽ', നിർമ്മാതാവ് ഫിറോസ് നാദിയാദ്വാലയ്ക്കെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്. മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രമായ 'റാംജി റാവു സ്പീക്കിംഗിന്റെ' ഹിന്ദി റീമേക്ക് അവകാശം മാത്രമാണ് ഫിറോസ് നാദിയാദ്വാലയ്ക്ക് ഉണ്ടായിരുന്നതെന്നാണ് സെവൻ ആർട്സ് വാദിക്കുന്നത്. എന്നാൽ, ഈ കരാർ ലംഘിച്ചുകൊണ്ട് അദ്ദേഹം ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ഫിർ ഹേരാ ഫേരി' നിർമ്മിച്ചു. ഇതിനുപുറമെ, ഈ ഫ്രാഞ്ചൈസിയുടെ പൂർണ്ണ അവകാശങ്ങൾ നടൻ അക്ഷയ് കുമാറിന്റെ ഉടമസ്ഥതയിലുള്ള 'കേപ് ഓഫ് ഗുഡ് ഫിലിംസിന്' കൈമാറി എന്നതാണ് പ്രധാന ആരോപണം.
ഫ്രാഞ്ചൈസി അവകാശങ്ങളെച്ചൊല്ലിയുള്ള നിയമപോരാട്ടങ്ങൾക്ക് പുറമെ, കഴിഞ്ഞ വർഷം ചിത്രത്തിൽ നിന്ന് നടൻ പരേഷ് റാവൽ പിന്മാറിയതും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനെത്തുടർന്ന് അക്ഷയ് കുമാർ, പരേഷ് റാവലിനെതിരെ 25 കോടി രൂപയുടെ നഷ്ടപരിഹാരക്കേസ് ഫയൽ ചെയ്തിരുന്നു. പിന്നീട് ഇരുതാരങ്ങളും തമ്മിൽ ചർച്ചകൾ നടത്തി പ്രശ്നം സൗഹൃദപരമായി പരിഹരിക്കുകയും കേസ് പിൻവലിക്കുകയുമായിരുന്നു. എന്നാൽ, ഈ സംഭവങ്ങൾ ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു.
2000-ൽ പുറത്തിറങ്ങിയ 'ഹേരാ ഫേരി' ബോളിവുഡിലെ എക്കാലത്തെയും മികച്ച കോമഡി ചിത്രങ്ങളിൽ ഒന്നാണ്. അക്ഷയ് കുമാർ, സുനിൽ ഷെട്ടി, പരേഷ് റാവൽ എന്നിവരുടെ മികച്ച പ്രകടനം ചിത്രത്തെ ഒരു കൾട്ട് ക്ലാസിക് ആക്കി മാറ്റി. തുടർന്ന് 2006-ൽ ഇറങ്ങിയ രണ്ടാം ഭാഗവും വൻ വിജയമായിരുന്നു. ഈ വിജയങ്ങളുടെ പശ്ചാത്തലത്തിൽ മൂന്നാം ഭാഗത്തിനായി ആരാധകർ വലിയ ആവേശത്തോടെയാണ് കാത്തിരുന്നത്. എന്നാൽ, ഇപ്പോൾ ഉയർന്നിരിക്കുന്ന നിയമക്കുരുക്കുകളും അണിയറയിലെ അഭിപ്രായവ്യത്യാസങ്ങളും ചിത്രത്തിന്റെ ഭാവി ഇരുളടപ്പിച്ചിരിക്കുകയാണ്.
നിയമപ്രശ്നങ്ങൾ പരിഹരിക്കാതെ സിനിമയുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്ന സംവിധായകൻ പ്രിയദർശന്റെ വെളിപ്പെടുത്തൽ ആരാധകരെ കൂടുതൽ നിരാശരാക്കുന്നു.
Director Priyadarshan has confirmed that he is no longer associated with Hera Pheri 3 and suggested the film may never reach theatres due to ongoing legal disputes and rights issues. The uncertainty surrounding the franchise has disappointed fans of one of Bollywood's most beloved comedy series.