2024 നവംബറിലാണ് ബോളിവുഡിലെ പ്രശസ്ത സംവിധായകൻ നിതേഷ് തിവാരി, തന്റെ ബ്രഹ്മാണ്ഡ ചിത്രം രാമായണ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. ശ്രീരാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയും എത്തുന്ന ചിത്രം അന്ന് മുതൽ വാർത്തകളിൽ നിറയുകയാണ്. സീതയായി സായ് പല്ലവിയെ കാസ്റ്റ് ചെയ്തതിലെ നീരസം മുതൽ, കരീന കപൂറിന്റെ പ്രതിഫലം വരെ രാമായണയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഇടം പിടിച്ചു. ഇപ്പോഴിതാ, രൺബീറിന്റെ പഴയ ഒരു പരാമർശം കുത്തിപ്പൊക്കിയാണ് സോഷ്യൽ മീഡിയ രാമായണ ചർച്ചകൾക്ക് ചൂടുപിടിപ്പിക്കുന്നത്.
2011ൽ തന്റെ ബീഫ് പ്രേമത്തെ കുറിച്ച് രൺബീർ കപൂർ ഒരു വീഡിയോയിൽ സൂചിപ്പിച്ചിരുന്നു. തന്റെ കുടുംബം പെഷാവറിൽ നിന്നുള്ളവരാണെന്നും അതിനാൽ തന്നെ ആ ഭക്ഷണപാരമ്പര്യം തനിക്കും കിട്ടിയിട്ടുണ്ടെന്നുമായിരുന്നു രൺബീറിന്റെ പരാമർശം. ഇത് ചൂണ്ടിക്കാട്ടി, ബീഫ് പ്രിയനായ രൺവീർ എങ്ങനെ ശ്രീരാമനെ അവതരിപ്പിക്കാൻ യോഗ്യനാകും എന്ന് അന്നേ വിമർശനമുയർന്നിരുന്നു. ഇത് സാവധാനം കെട്ടടങ്ങിയെങ്കിലും ഇപ്പോൾ വീണ്ടും ഈ പരാമർശത്തിൽ വിവാദം ഉയരുകയാണ്. രൺബീറിനും രാമായണയ്ക്കുമെതിരെ ബഹിഷ്കരണാഹ്വാനവും ഉയർന്നു കഴിഞ്ഞു. നടിയും നർത്തകിയുമായ നികിത റാവൽ ആണ് ഇത്തവണ വിമർശനത്തിന് പിന്നിൽ.
ബീഫ് കഴിക്കും എന്ന് പരസ്യമായി പ്രഖ്യാപിച്ച ഒരാൾക്ക് എങ്ങനെ ശ്രീരാമന്റെ വേഷം ചെയ്യാനാകും എന്നാണ് നികിത ചോദിക്കുന്നത്. ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് വിശ്വാസികളോട് രൺബീർ മാപ്പ് ചോദിക്കണമെന്നും നികിത പറയുന്നു. 'ബോളിവുഡ് മസ്കോട്ട്' എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നികിത പറയുന്നത് ഇങ്ങനെ:
ബീഫ് കഴിക്കുന്നതിനെ കുറിച്ചുള്ള രൺബീറിന്റെ വെളിപ്പെടുത്തൽ നമ്മളെല്ലാവരും കേട്ടിട്ടുള്ളതാണ്. ബീഫ് കഴിക്കും എന്ന് പരസ്യമായി പ്രഖ്യാപിച്ച ഒരാൾക്കെങ്ങനെ ശ്രീരാമന്ർറെ വേഷം ചെയ്യാനാകും? ദശലക്ഷക്കണക്കിന് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന ഒരു പരാമർശമാണത്. തെറ്റ് ചെയ്തു എന്ന് രൺബീറിന് ബോധ്യമുണ്ടെങ്കിൽ മാപ്പ് പറയാൻ തയ്യാറാകണം. മാപ്പു നൽകാൻ മനസ്സുള്ള ജനതയാണ് നമ്മുടേത്. ആത്മാർഥമായ ഖേദപ്രകടനങ്ങൾ എക്കാലവും ഇവിടെ സ്വീകരിക്കപ്പെടും. അതുകൊണ്ട്, സിനിമ ഇറങ്ങുന്നതിന് മുമ്പ് രൺബീർ അതിന് തയ്യാറാകണം. ബീഫ് കഴിക്കുന്ന അത്രയും അധഃപതിച്ച ഒരു മനുഷ്യന് ശ്രീരാമനെ പൂർണമായും മനസ്സിലാക്കാൻ സാധിക്കില്ല, അദ്ദേഹത്തെ സ്ക്രീനിൽ എത്തിക്കാനും സാധിക്കില്ല.
വിമർശനങ്ങൾക്ക് പിന്നാലെ, ബോയ്കോട്ട് രൺബീർ എന്ന ക്യാംപെയ്നിനും നികിത തുടക്കമിട്ടിട്ടുണ്ട്. ഹാഷ്ടാഗ് ഏറ്റുപിടിക്കാൻ സോഷ്യൽമീഡിയയിൽ ആളുകളുമുണ്ട് എന്നതാണ് കൌതുകകരമല്ലാത്ത വസ്തുത.
സിനിമയിൽ ശ്രീരാമനായി കാസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ, താൻ സാത്വിക് ഡയറ്റ് തുടങ്ങിയതായി രൺബീർ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. നോൺ വെജ് ഭക്ഷണവും മദ്യവും പുകവലിയും സിനിമയ്ക്കായി ഉപേക്ഷിച്ചെന്നായിരുന്നു ഒരു അഭിമുഖത്തിൽ രൺബീർ പറഞ്ഞത്. എന്നാൽ ചിത്രത്തിന്റെ ഷൂട്ടിംഗ് കാലയളവിൽ തന്നെ, ഒരു നെറ്റ്ഫ്ലിക്സ് ഷോയിൽ രൺബീർ മീനും മട്ടണും കഴിച്ചത് വലിയ വിവാദമായി. അന്നും ചിത്രത്തിനും രൺബീറിനുമെതിരെ വലിയ രീതിയിൽ ബഹിഷ്കരണാഹ്വാനമുണ്ടായിരുന്നു.
It was in November 2024 that acclaimed Bollywood director Nitesh Tiwari officially announced his magnum opus, Ramayana. Since then, the film—featuring Ranbir Kapoor as Lord Rama and Sai Pallavi as Sita—has remained in the headlines.
From criticism over Sai Pallavi's casting as Sita to debates surrounding Kareena Kapoor's remuneration, the project has been mired in controversies. Now, social media has reignited discussions around Ramayana by resurfacing an old remark made by Ranbir Kapoor, adding fresh fuel to the ongoing debate.