Entertainment News

'ബുർഖയിൽ തൃപ്തരെന്ന് പറയുന്ന സ്ത്രീകളോടാണ്, നിങ്ങൾ എന്നേ വിവേചനത്തിന് ഇരയാക്കപ്പെട്ടു കഴിഞ്ഞു'; ഇംതിയാസ് അലി

ഓരോ സമുദായത്തിനും ഓരോ രീതികളാണല്ലോ, അത് ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടോ എന്ന സംതിഷിന്റെ ചോദ്യത്തിന് അഭിപ്രായം പറയുന്നവരെ ശത്രുവായി കാണേണ്ടതില്ല എന്നായിരുന്നു ഇംതിയാസിന്റെ മറുപടി

Entertainment Desk

ബുർഖയും സ്ത്രീസ്വാതന്ത്ര്യവും എന്നും ചോദ്യമുനയിൽ നിൽക്കുന്ന രണ്ട് വിപരീത പദങ്ങളാണ്. ഇഷ്ടവസ്ത്രം ധരിക്കാനുള്ള സ്ത്രീകളുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടരുത് എന്ന് പറയുമ്പോഴും ബുർഖ ധരിക്കുമ്പോൾ ഹനിക്കപ്പെടുന്ന സ്ത്രീസ്വാതന്ത്ര്യം എത്രത്തോളം കണക്കിലെടുക്കപ്പെടുന്നുണ്ട് എന്ന് ചിന്തിക്കേണ്ടതുണ്ട്. ഇപ്പോഴിതാ ഇതിൽ തന്റെ നിലപാട് തുറന്ന് പറഞ്ഞിരിക്കുകയാണ് ബോളിവുഡ് സംവിധായകൻ ഇംതിയാസ് അലി.

ബുർഖയിൽ തങ്ങൾ തൃപ്തരാണ് എന്ന് പറയുന്ന സ്ത്രീകൾ എന്നേ വിവേചനത്തിന് ഇരയാക്കപ്പെട്ടു കഴിഞ്ഞു എന്നാണ് ഇംതിയാസ് പറയുന്നത്. അത്തരം സ്ത്രീകളുള്ള സമൂഹം അത്രയും അധഃപതിച്ചതാണെന്നും സംതിഷ് ഭാട്ടിയയുടെ പോഡ്കാസ്റ്റിൽ ഇംതിയാസ് കൂട്ടിച്ചേർക്കുന്നു.

ഇംതിയാസിന്റെ വാക്കുകൾ:

ഞാൻ ബുർഖയിൽ പൂർണ സന്തോഷവതിയാണ് എന്ന് പറയുന്ന സ്ത്രീകളോട് എനിക്ക് യോജിപ്പില്ല. അവരെന്നോ വിവേചനത്തിന് ഇരയാക്കപ്പെട്ടവരാണ്. അങ്ങനെ ഒരു സ്ത്രീ പറയുന്നുണ്ടെങ്കിൽ ഈ സമൂഹം അത്രയും അധഃപതിച്ച് കഴിഞ്ഞു. ബുർഖയിൽ അല്ലെങ്കിൽ പർദ്ദയിൽ എനിക്ക് സന്തോഷമേ ഉള്ളൂ എന്ന ചിന്തയേ ശരിയല്ല. അങ്ങനെ ചിന്തിക്കുന്നവരാണ് നിങ്ങളെങ്കിൽ അതൊരു കുഴപ്പം പിടിച്ച ചിന്തയാണെന്ന് നിങ്ങൾ മനസ്സിലാക്കണം.

ഓരോ സമുദായത്തിനും ഓരോ രീതികളാണല്ലോ, അത് ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടോ എന്ന സംതിഷിന്റെ ചോദ്യത്തിന് ഇങ്ങനെ പറയുന്നവരെ ശത്രുവായി കാണേണ്ടതില്ല എന്നായിരുന്നു ഇംതിയാസിന്റെ മറുപടി.

ബുർഖ ധരിക്കുന്നതിൽ നിന്ന് ഞാനാരെയും തടയുന്നില്ല. നിങ്ങൾക്കിഷ്ടമുള്ള വസ്ത്രം ധരിക്കരുതെന്ന് ഞാനാരുടെയും വീട്ടിൽ ചെന്ന് പറയുന്നുമില്ല. പക്ഷേ ഇക്കാര്യത്തോട് സംയമനം പാലിക്കണം, സഹിഷ്ണുതയുണ്ടാവണം. ഇങ്ങിനെയൊരു വിഷയം ഉയർന്നുവന്നാൽ കടുത്ത അസഹിഷ്ണുതയാണ് ആളുകൾക്ക്. സംഭാഷണങ്ങൾക്ക് പോലും ആരും മുതിരില്ല. ഇത്തരം കാര്യങ്ങൾ പറയുന്നത് കൊണ്ട് ഞാൻ നിങ്ങളുടെ ശത്രുവാകുന്നില്ല.

English Summary: The burqa and women's freedom are often seen as two opposing ideas that frequently spark debate. While many argue that a woman's freedom to wear what she chooses should not be restricted, it is also worth considering to what extent women's freedom may be affected when the burqa is worn.

Now, Bollywood filmmaker Imtiaz Ali has shared his views on the subject. According to Ali, women who say they are comfortable wearing the burqa have already been subjected to discrimination. Speaking on Santosh Bhatiya's podcast, he added that a society in which such women exist is, in his view, deeply degenerated.