Entertainment News

'ഇത് എവിടുത്തെ മലയാളമാണ് അനി'; പാട്ടിന്റെ പ്രൊമോയ്ക്ക് പിന്നാലെ അനിരുദ്ധിന് ട്രോളും വിമർശനവും

രജനികാന്ത് ചിത്രം ജയിലർ 2-ലെ 'അലാ ബൊലേലോ' എന്ന ഗാനത്തിന് സോഷ്യൽ മീഡിയയിൽ മലയാള പ്രേക്ഷകരുടെ പ്രതിഷേധം.

Entertainment Desk

നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം ജയിലർ 2-ലെ ആദ്യ ഗാനമായ 'അലാ ബൊലേലോ'യുടെ പ്രൊമോ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയും വിമർശനവുമാണ് ഉയരുന്നത്. പാട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്ന മലയാളം വാക്കുകൾ തെറ്റായി ഉച്ചരിച്ചതാണ് മലയാളി പ്രേക്ഷകരെ പ്രകോപിപ്പിച്ചത്. അനിരുദ്ധിന്റെ സംഗീതത്തിൽ പുറത്തിറങ്ങിയ 32 സെക്കൻഡ് ദൈർഘ്യമുള്ള പ്രൊമോയിൽ ഷംന കാസിമും രജനികാന്തുമാണ് രംഗത്തുള്ളത്

വേട്ടയ്യനിലെ 'മനസിലായോ' എന്ന പാട്ടിന് ശേഷം ഓണം ലക്ഷ്യമിട്ടാണ് അണിയറപ്രവർത്തകർ മലയാളി സാന്നിധ്യവുമായി പുതിയ പാട്ട് പുറത്തുവിട്ടത്. എന്നാൽ വാക്കുകളുടെ തെറ്റായ ഉച്ചാരണം പാട്ടിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തിയെന്നാണ് പ്രധാന വിമർശനം. പ്രത്യേകിച്ച് 'ള', 'ഴ' തുടങ്ങിയ അക്ഷരങ്ങളുടെ ഉച്ചാരണം തികച്ചും തെറ്റാണെന്നും ഇത് മലയാള ഭാഷയോടുള്ള അനാദരവാണെന്നും പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നു.

തമിഴ് ഗാനങ്ങളിൽ ഇത്തരം ഭാഷാപരമായ തെറ്റുകൾ ആവർത്തിക്കുന്നത് ശരിയല്ലെന്ന് വ്യക്തമാക്കി നിരവധി ആളുകളാണ് എക്സിൽ പ്രൊമോ റീപോസ്റ്റ് ചെയ്തത്. "തമിഴ് സഹോദരങ്ങളേ, ശരിയായി ഉച്ചരിക്കാൻ കഴിയില്ലെങ്കിൽ ദയവായി പാട്ടുകളിലോ സംഭാഷണങ്ങളിലോ മലയാളം ഉൾപ്പെടുത്തരുത്. ഇത് കേൾക്കുമ്പോൾ മലയാളമല്ല, വെറുമൊരു ജിബ്രിഷ് പോലെയാണ് തോന്നുന്നത്," എന്ന് മലയാളി പ്രേക്ഷകൻ കുറിച്ചു.

സമാനമായ അഭിപ്രായവുമായി തമിഴ് സിനിമാ പ്രേക്ഷകരും രംഗത്തെത്തിയിട്ടുണ്ട്. മാതൃഭാഷ അറിയാവുന്ന ഗായകരെയോ ഗാനരചയിതാക്കളെയോ ഉപയോഗിക്കാത്തതാണ് ഇത്തരം വീഴ്ചകൾക്ക് കാരണമെന്ന് അവർ തന്നെ സമ്മതിക്കുന്നു. സ്വന്തം ഭാഷയിലെ പാട്ടുകളിൽ പോലും ശരിയായ ഉച്ചാരണം ഉറപ്പാക്കാൻ കഴിയാത്ത അവസ്ഥയാണെന്നാണ് മറ്റൊരു തമിഴ് പ്രേക്ഷകൻ കമന്റ് ചെയ്തു. മുമ്പ് തമിഴ് സിനിമകളിൽ മലയാളം വാക്കുകൾ ഉൾപ്പെടുത്തുമ്പോൾ കൃത്യമായ ഗൃഹപാഠം നടന്നിരുന്നെങ്കിൽ, ഇപ്പോൾ വെറുമൊരു ട്രെൻഡിന് വേണ്ടി മാത്രമാണ് ഇത് ചെയ്യുന്നതെന്നാണ് ഉയർന്നുവരുന്ന പൊതുവികാരം. അരുൺരാജ കാമരാജ് വരികളെഴുതിയ ഗാനത്തിന് അനിരുദ്ധിനൊപ്പം നിരഞ്ജന രാമൻ, അപർണ ഹരികുമാർ, ദീപ്തി സുരേഷ് എന്നിവരാണ് അഡീഷണൽ വോക്കൽ നൽകിയിരിക്കുന്നത്. ഓഗസ്റ്റ് 21-നാണ് പാട്ടിന്റെ പൂർണ്ണ രൂപം റിലീസ് ചെയ്യുന്നത്.

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ജയിലർ 2-ൽ രമ്യാ കൃഷ്ണൻ, യോഗി ബാബു, മിർണ, രിത്വിക് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബോക്സ് ഓഫീസ് റെക്കോർഡുകൾ ഭേദിച്ച ആദ്യ ഭാഗത്തിന്റെ വലിയ വിജയത്തിന് ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നത്.

The promo of ‘Ala Bolelo’, the first song from Rajinikanth’s Jailer 2, has sparked criticism from Malayalam-speaking audiences over the incorrect pronunciation of Malayalam words. Fans on social media have also questioned the filmmakers for not ensuring authentic Malayalam pronunciation.