Entertainment News

ബോക്സ് ഓഫീസ് കുതിപ്പ് തുടർന്ന് ‘ജയിലർ 2’; ഇതുവരെ നേടിയത് എത്ര കോടി?

വിജയ് ചിത്രം ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’, ആദ്യഭാഗമായ ‘ജയിലർ’ എന്നിവയുടെ ഓപ്പണിങ് കളക്ഷനുകളെ ‘ജയിലർ 2’ മറികടന്നെങ്കിലും ‘കൂലി’, ‘ലിയോ’ എന്നീ ചിത്രങ്ങളെ മറികടക്കാനായില്ല.

Entertainment Desk

റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ ആഗോള ബോക്സ് ഓഫീസിൽ 200 കോടി രൂപയ്ക്ക് മുകളിൽ കളക്ഷൻ നേടി രജിനികാന്ത് ചിത്രം ‘ജയിലർ 2’. ആദ്യദിനം ആഗോളതലത്തിൽ 127 കോടി രൂപയായിരുന്നു ചിത്രം നേടിയത്. ഇന്ത്യയിൽ രണ്ടാം ദിനം 13,157 പ്രദർശനങ്ങളിലൂടെ 35.60 കോടി രൂപയാണ് ചിത്രം നെറ്റ് കളക്ഷനായി നേടിയത്. തമിഴ് പതിപ്പാണ് ഏറ്റവും കൂടുതൽ വരുമാനം നേടിയത്. തെലുങ്ക്, ഹിന്ദി പതിപ്പുകളാണ് പിന്നാലെ.

വിദേശ വിപണികളിൽ രണ്ടാം ദിനം 40 കോടി രൂപ നേടിയതോടെ ചിത്രത്തിന്റെ ഓവർസീസ് ഗ്രോസ് കളക്ഷൻ 97 കോടി രൂപയായി ഉയർന്നു. ഇതോടെ രണ്ട് ദിവസംകൊണ്ട് ‘ജയിലർ 2’ന്റെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ 209.10 കോടി രൂപയിലെത്തി.

‘ജയിലർ 2’ രണ്ടാം ദിനം തമിഴ് പതിപ്പിന് 63 ശതമാനം ഒക്കുപ്പൻസിയാണ് രേഖപ്പെടുത്തിയത്. രാത്രി പ്രദർശനങ്ങളിൽ ഇത് 85.92 ശതമാനമായി ഉയർന്നിരുന്നു. ആദ്യദിനം വിദേശ വിപണികളിൽ 55 കോടി രൂപ നേടിയ ചിത്രം, തമിഴ് സിനിമയിലെ ഏറ്റവും വലിയ ഓവർസീസ് ഓപ്പണിങ്ങുകളിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലിടം നേടി. വിജയ് ചിത്രം ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’, ആദ്യഭാഗമായ ‘ജയിലർ’ എന്നിവയുടെ ഓപ്പണിങ് കളക്ഷനുകളെ മറികടന്നെങ്കിലും ‘കൂലി’, ‘ലിയോ’ എന്നീ ചിത്രങ്ങളെ മറികടക്കാനായില്ല.

ടൈഗർ മുത്തുവേൽ പാണ്ഡ്യനായി രജിനികാന്ത് തിരിച്ചെത്തുന്ന ചിത്രത്തിൽ ഹൃത്വിക് റോഷൻ ഉൾപ്പെടെയുള്ള താരങ്ങളുടെ സർപ്രൈസ് കാമിയോകളുമുണ്ട്. അതേസമയം, ഹിന്ദി പതിപ്പിന്റെ തിയറ്റർ റിലീസിനെച്ചൊല്ലി ചിത്രം ഏറെ പ്രതിസന്ധികൾ നേരിട്ടിരുന്നു. തിയറ്റർ റിലീസിന് ശേഷം എട്ട് ആഴ്ച കഴിഞ്ഞേ ഒടിടി റിലീസ് പാടുള്ളൂവെന്ന മൾട്ടിപ്ലക്സ് ശൃംഖലകളുടെ നിലപാടും, നാലാഴ്ചയിൽ താഴെയുള്ള ഒടിടി വിൻഡർ തിരഞ്ഞെടുക്കാനുള്ള സൺ പിക്ചേഴ്സിന്റെ തീരുമാനവുമാണ് തർക്കത്തിന് കാരണമായത്. ഇത് ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ തിയറ്റർ റിലീസിനെ ബാധിച്ചതായാണ് റിപ്പോർട്ടുകൾ.

ആദ്യദിനം മികച്ച കളക്ഷനോടെ ബോക്സ് ഓഫീസ് കയ്യടക്കിയ ‘ജയിലർ 2’ രണ്ടാം ദിനം ഇന്ത്യയിൽ കളക്ഷനിൽ ഇടിവ് രേഖപ്പെടുത്തിയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വെള്ളിയാഴ്ച ഇന്ത്യയിൽ 35.60 കോടി രൂപ നെറ്റ് കളക്ഷൻ നേടിയ ചിത്രം, ആദ്യദിനം നേടിയ 59.70 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 40 ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയത്. അതേസമയം, ആദ്യദിനം ആഗോളതലത്തിൽ 127 കോടി രൂപ നേടിയ ചിത്രത്തിന്റെ വിദേശ വിപണികളിലെ പ്രകടനം ശക്തമായി തുടരുകയാണ്. വെള്ളിയാഴ്ച മാത്രം വിദേശ വിപണികളിൽനിന്ന് 40 കോടി രൂപ കൂടി ചിത്രം നേടി. ചിത്രത്തിന്റെ ആഗോള ബോക്സ് ഓഫീസ് പ്രകടനത്തിൽ വിദേശ വിപണികളാണ് നിർണായക പങ്കുവഹിക്കുന്നത്.

പ്രമോഷൻ മെറ്റീരിയലുകളിലൂടെ തന്നെ പ്രേക്ഷകർക്കിടയിൽ വലിയ ആവേശം സൃഷ്ടിക്കാൻ ചിത്രത്തിന് കഴിഞ്ഞിരുന്നു. ആദ്യ ഭാഗത്തേക്കാൾ വലിയ കാൻവാസിലാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. മാസ് രംഗങ്ങൾ, വമ്പൻ ആക്ഷൻ, ചടുലമായ ഗാനങ്ങൾ, വൈകാരിക മുഹൂർത്തങ്ങൾ, പഞ്ച് ഡയലോഗുകൾ എന്നിവയ്ക്കൊപ്പം സംവിധായകൻ നെൽസൺ ദിലീപ്കുമാറിന്റെ പ്രത്യേകതയായ ബ്ലാക്ക് ഹ്യൂമറും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളാണ്.

രജനികാന്തിനൊപ്പം സുരാജ് വെഞ്ഞാറമൂട്, എസ്. ജെ. സൂര്യ, വിദ്യാ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിട്ടുണ്ട്. വ്യത്യസ്ത ഭാഷകളിൽ നിന്നുള്ള താരങ്ങളുടെ സാന്നിധ്യം ചിത്രത്തിന്റെ താരമൂല്യം വർധിപ്പിച്ചിട്ടുണ്ട്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത്. രജനികാന്തിന്റെ മാസ് അവതരണത്തിന് അനിരുദ്ധിന്റെ സംഗീതം നൽകുന്ന ഊർജം ആദ്യ ഭാഗത്തിന്റെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചിരുന്നു. വിജയ് കാർത്തിക് കണ്ണനാണ് ഛായാഗ്രഹണം. ആർ നിർമലാണ് ചിത്രത്തിന്റെ എഡിറ്റർ. ആക്ഷൻ രംഗങ്ങൾക്കും ദൃശ്യാവിഷ്കാരത്തിനും പ്രാധാന്യം നൽകുന്ന സാങ്കേതിക വിഭാഗത്തിന്റെ പ്രവർത്തനവും ഈ ചിത്രത്തിൽ നിർണായകമാണ്.

Rajinikanth’s Jailer 2 crossed Rs 209 crore worldwide within two days of release. Directed by Nelson Dilipkumar, the action drama earned Rs 35.60 crore net in India on Day 2, while overseas markets contributed Rs 40 crore. The film features Suraj Venjaramoodu, SJ Suryah, Vidya Balan and Mithun Chakraborty.