തമിഴ് നടൻ വിജയ് യുടെ പുതിയ ചിത്രം ‘ജന നായകൻ’ റിലീസിനും കളക്ഷൻ പ്രകടനത്തിനും ചുറ്റിപ്പറ്റി അനിശ്ചിതത്വം തുടരുന്നു. ചിത്രം തിയേറ്ററുകളിൽനിന്ന് മികച്ച കളക്ഷൻ നേടാൻ സാധിക്കാത്ത പക്ഷം വിജയ് വീണ്ടും മറ്റൊരു സിനിമയിൽ അഭിനയിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആദ്യം ജനുവരി ഒൻപത് പൊങ്കൽ റിലീസായി പ്രഖ്യാപിച്ചിരുന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ എത്തിക്കാൻ നിർമാതാക്കൾക്ക് കഴിഞ്ഞിട്ടില്ല.
സെൻസർ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട പ്രതിസന്ധികളിൽ പെട്ട ചിത്രം അടുത്തിടെ ഇന്റർനെറ്റിൽ ചോർന്നതും റിലീസിനെ ബാധിച്ച പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നു. നിലവിൽ മെയ് പകുതിയോടെ ചിത്രം തിയേറ്ററുകളിൽ എത്തിക്കാൻ ശ്രമം പുരോഗമിക്കുകയാണ്. എന്നാൽ വലിയ ബജറ്റിൽ ഒരുക്കിയിരിക്കുന്നതിനാൽ അതിന് അനുപാതമായ കളക്ഷൻ ലഭിക്കുമോ എന്ന ആശങ്ക നിർമ്മാതാക്കളെ അലട്ടുന്നുണ്ട്. കളക്ഷൻ പ്രതീക്ഷിച്ചതുപോലെ ലഭിക്കാത്ത പക്ഷം ഇതേ നിർമ്മാതാവിനായി വിജയ് വീണ്ടും ഡേറ്റ് നൽകാൻ സാധ്യതയുണ്ടെന്നാണ് വിവരം.
ഇതിനിടെ പുതിയ ചിത്രത്തിനായുള്ള കഥ ആലോചിക്കാൻ വിജയ് നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്. ‘ജന നായകൻ’ സിനിമയുടെ അന്തിമ കളക്ഷൻ റിപ്പോർട്ട് പുറത്തുവന്ന ശേഷമാകും വീണ്ടും അഭിനയിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. തന്റെ സിനിമാ ജീവിതത്തിലെ അവസാന ചിത്രമായാണ് ‘ജന നായകൻ’ എന്ന സിനിമയെ വിജയ് വിശേഷിപ്പിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
അതേസമയം ചിത്രത്തിന് സെൻസർ സർട്ടിഫിക്കേഷൻ നേടാനുള്ള ശ്രമങ്ങൾ തുടരുകയാണ്. നിർമ്മാതാക്കളായ കെ വി എൻ പ്രൊഡക്ഷൻസ് ഇതിനായി നടപടികൾ ശക്തമാക്കിയിട്ടുണ്ട്. സെൻസർ ബോർഡിന്റെ റിവൈസിങ് കമ്മിറ്റി ചിത്രം വീണ്ടും കണ്ടുവെങ്കിലും ഇതുവരെ സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്നാണ് ലഭ്യമായ വിവരം. വിജയ് തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷമാകും സർട്ടിഫിക്കറ്റ് അനുവദിക്കുകയെന്ന വിവരവും പുറത്തുവരുന്നു.
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ‘ജന നായകൻ’ ചിത്രത്തിൽ ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിത ബൈജു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വെങ്കട്ട് കെ നാരായണ നിർമ്മിക്കുന്ന ചിത്രം ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെ യും ചേർന്നാണ് സഹനിർമ്മിക്കുന്നത്.
English Summary : Vijay’s upcoming film “Jana Nayagan” is facing uncertainty over release delays, censorship issues, and expected box office performance. Reports suggest Vijay may decide on continuing his acting career based on the film’s final commercial success, while the censor certification process is still pending