സൂപ്പർ സ്റ്റാർ വിജയ് നായകനായ ‘ജനനായകൻ' സിനിമ ചോർന്നതിനെതിരെ തമിഴ് സിനിമ ലോകം. വിജയ്ക്കും, അണിയറപ്രവർത്തകർക്കും പിന്തുണയും ആശ്വാസവുമായി രജനികാന്തും, കമൽഹാസനും, സൂര്യയുമടക്കം രംഗത്തെത്തി. സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചാണ് എല്ലാവരും പിന്തുണയറിയിച്ചത്. ചിത്രം വേഗത്തിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യണമെന്ന ആഗ്രഹവും താരങ്ങൾ പങ്കുവെച്ചു. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള സിനിമ പൂർണ്ണമായും ഇന്റർനെറ്റിൽ ചോർന്നിരുന്നു. ചിത്രത്തിന്റെ മാസ് ഇൻട്രോ രംഗങ്ങൾ, ടൈറ്റിൽ കാർഡ്, 'ദളപതി കച്ചേരി' എന്ന ഗാനത്തിന്റെ ഭാഗങ്ങൾ എന്നിവ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് സിനിമ മുഴുവനായി പുറത്തായെന്ന വാർത്തകൾ പുറത്തുവരുന്നത്.
എക്സിലൂടെ തമിഴിൽ പങ്കുവെച്ച കുറിപ്പിൽ, സിനിമകൾ ചോരുന്നതിനെതിരെ ചലച്ചിത്ര സംഘടനകൾ ശക്തമായി ശബ്ദമുയർത്തണമെന്ന് രജനികാന്ത് ആവശ്യപ്പെട്ടു. ഇതിന് ഉത്തരവാദികളായവരെ സർക്കാർ കണ്ടെത്തി കർശനമായ ശിക്ഷ ഉറപ്പാക്കണമെന്നും, ഇത്തരം കുറ്റകൃത്യങ്ങൾ ഇനി ആവർത്തിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, വിഷയത്തിൽ ശക്തമായ ഭാഷയിലാണ് കമൽഹാസൻ പ്രതികരിച്ചത്. സിനിമ പ്രഖ്യാപിച്ച സമയത്ത് തന്നെ റിലീസ് ചെയ്തിരുന്നെങ്കിൽ ഇത്തരമൊരു സാഹചര്യം ഉണ്ടാകുമായിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സിനിമ ചോരുന്നത് വെറുമൊരു അപകടമല്ല, മറിച്ച് സംവിധാനത്തിന്റെ പരാജയമാണെന്ന് അദ്ദേഹം വിമർശിച്ചു. സെൻസർ സർട്ടിഫിക്കേഷൻ നടപടികൾ സമയബന്ധിതമായി നടന്നിരുന്നെങ്കിൽ ഈ പ്രതിസന്ധി ഒഴിവാക്കാമായിരുന്നുവെന്നും, അനാവശ്യമായ കാലതാമസമാണ് പൈറസിയ്ക്ക് വഴിയൊരുക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.്
രാഷ്ട്രീയത്തിനപ്പുറം നിൽക്കുന്ന ഒരു ഗുരുതര പ്രശ്നമാണ് പൈറസിയെന്ന് കമൽഹാസൻ പറഞ്ഞു. ഇതെല്ലം കലാകാരന്മാർക്കും നേരെയുള്ള ആക്രമണമാണ്, നൂറുകണക്കിന് കലാകാരന്മാരുടെയും അണിയറപ്രവർത്തകരുടെയും പരിശ്രമത്തെയും, സത്യസന്ധമായി നികുതി അടക്കുന്ന നിർമ്മാതാക്കളുടെയും തിയേറ്റർ ഉടമകളുടെയും നിക്ഷേപത്തെയും സിനിമ ചോർന്നത് ഭീഷണി ഉയർത്തുന്നതാണ്. ഉത്തരവാദിത്വം ഉറപ്പാക്കുകയും, വേഗത്തിലുള്ള സർട്ടിഫിക്കേഷനും കർശനമായ നടപ്പിലാക്കലും, തത്സമയ നീക്കങ്ങളും അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സിനിമ പ്രേമികൾ തിയേറ്ററുകളിൽ ചിത്രം കണ്ടു പിന്തുണ നൽകണമെന്നും അഭ്യർത്ഥിച്ചാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചത്.
സിനിമ ചോർന്നത് വലിയൊരു അനീതിയാണെന്നാണ് സൂര്യ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഒരു വലിയ സംഘം ആളുകളുടെ ആവേശവും കഠിനാധ്വാനവുമാണ് ഇത്തരത്തിൽ നിസ്സാരമാക്കപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. 'ജനനായകൻ' സിനിമയുടെ വ്യാജപതിപ്പുകൾ കാണുകയോ, പങ്കുവെക്കുകയോ, അതിനെക്കുറിച്ച് ചർച്ച ചെയ്യുകയോ ചെയ്യരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. അണിയറപ്രവർത്തകരുടെ പരിശ്രമത്തെ മാനിക്കണമെന്നും, ഇത് ഒട്ടും ക്ഷമിക്കാനാവാത്ത പ്രവർത്തിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ചിത്രത്തിനായി നടത്തിയ കഠിനാധ്വാനവും സമർപ്പണവും ഇങ്ങനെ നഷ്ടപ്പെടുന്നത് വേദനാജനകമാണെന്ന് നടൻ വിശാൽ ചൂണ്ടികാണിച്ചു. കഴിഞ്ഞ ഇരുപത് വർഷകാലത്തോളം, വിജയിയുടെ ആരാധകനായ തനിക്ക്, തിയേറ്ററുകളിൽ അദ്ദേഹത്തിന്റെ സിനിമകൾ കാണുന്ന അനുഭവം പറഞ്ഞരിക്കാനാവാത്തതാണ്. ഇപ്പോഴും അതേ ആവേശത്തോടെ അദ്ദേഹത്തിന്റെ ചിത്രം കാണാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്ന് വിഷാൽ വ്യക്തമാക്കി. ഒടിടിയിലോ സാറ്റലൈറ്റിലോ റിലീസ് ചെയ്യേണ്ടിവന്നാലും ആരാധകർ ചിത്രം ആഘോഷിക്കും, എന്നാൽ തിയേറ്ററിലേ അനുഭവങ്ങൾക്ക് അതിനെക്കൊണ്ട് പകരംവയ്ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ദളപതി ഒരു ആഘോഷമാണ്. ഇത്തരത്തിലുള്ള ചെറിയ കാര്യങ്ങളിലൂടെ അദ്ദേഹത്തെ ഒരിക്കലും തടയാൻ കഴിയില്ലെന്നാണ് ജാൻവി കപൂർ കുറിച്ചത്. സജീവ രാഷ്ട്രീയത്തിലേക്ക് കടക്കാനൊരുങ്ങുന്ന വിജയിയുടെ അവസാന ചിത്രമെന്ന നിലയിലാണ് ‘ജനനായകൻ’ വലിയ ശ്രദ്ധ നേടുന്നുണ്ട്. പൊങ്കൽ റിലീസായി തിയേറ്ററുകളിൽ എത്തുമെന്ന് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് പ്രഖ്യാപിച്ചിരുന്നെങ്കിലും, സെൻസർ ബോർഡിന്റെ എക്സാമിനിങ് കമ്മിറ്റി അംഗം തന്നെ സിനിമയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയതോടെ റിലീസ് പ്രതിസന്ധി തുടങ്ങുന്നത്.
തുടർന്ന് നിർമാതാക്കൾ നിയമനടപടികൾ സ്വീകരിച്ചെങ്കിലും വിധി വൈകിയ സാഹചര്യത്തിൽ ഹർജി പിൻവലിക്കേണ്ടിയും വന്നു. റിവൈസിങ് കമ്മിറ്റി വഴി സെൻസർ സർട്ടിഫിക്കറ്റ് നേടാനുള്ള ശ്രമത്തിനിടയിലാണ് പുതിയ പ്രശ്നങ്ങൾ ചിത്രത്തിനെ തേടിയെത്തിയത്. എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രം കെ.വി.എൻ. പ്രൊഡക്ഷൻസ് ബാനറിൽ വെങ്കട്ട് കെ. നാരായണനാണ് നിർമ്മിച്ച ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.
English Summary: The leak of Vijay’s much-awaited film Jana Nayagan ahead of release has triggered strong reactions from Rajinikanth, Kamal Haasan, Suriya and Vishal. Celebrities condemn piracy, call for strict action and highlight delays in certification as a major reason behind the controversy