മമ്മൂട്ടിയെയും മോഹൻലാലിനെയും അടക്കം ട്രോളി സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന ജയറാം ഇത്തവണ പുലിവാല് പിടിച്ചിരിക്കുകയാണ്. മലയാളത്തിലെ എക്കാലത്തെയും മൾട്ടിസ്റ്റാർ ചിത്രമായ 'ട്വന്റി 20'യുടെ ക്ലൈമാക്‌സുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യമാണ് ജയറാമിനെതിരായ ട്രോളുകൾക്കു കാരണം.
ചിത്രത്തിന്റെ ക്ലൈമാക്‌സ് ഫൈറ്റിനു ശേഷം മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവർ ഒന്നിച്ചു നടന്നുവരുന്ന സീനുണ്ട്. ഇതിൽ ജയറാം കൂടി വേണ്ടതായിരുന്നു. എന്നാൽ അത് ചിത്രീകരിക്കുന്ന സമയത്ത് ജയറാം സെറ്റിൽ ഉണ്ടായിരുന്നില്ല. എന്തുകൊണ്ടാണ് ഇത്രയും വലിയ ഒരു സിനിമയുടെ സുപ്രധാന സീനിൽ അഭിനയിക്കാൻ കാത്തുനിൽക്കാതിരുന്നതെന്ന ചോദ്യം അതിനുശേഷം പലപ്പോഴും ജയറാം നേരിട്ടിട്ടുണ്ട്. ഈയിടെ തമിഴ്‌നാട്ടിലെ ഒരു മാധ്യമത്തിൽ അഭിമുഖം നൽകുന്നതിനിടെ ഇതേകുറിച്ച് ജയറാം പറഞ്ഞത് ഇങ്ങനെ:
''ട്വന്റി 20യുടെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോൾ എന്റെ പോർഷൻ ഫൈറ്റ് ഒക്കെ കഴിഞ്ഞു. അവസാനം ഈ അഞ്ചു പേരും ചേർന്ന് നടന്നുവരുന്ന ഒരു ഷോട്ട് മാത്രം എടുക്കാനുണ്ട്. ജോഷി സാറാണ് ഡയറക്ടർ. ഇനിയുള്ള ഒരു സീൻ ഫൈറ്റെല്ലാം കഴിഞ്ഞ് നോക്കിയിട്ടേ ചിത്രീകരിക്കാൻ പറ്റൂവെന്ന് ജോഷി സാർ പറഞ്ഞു. രണ്ടു ദിവസം കൂടി നിൽക്കേണ്ടിവരും. പക്ഷേ എനിക്ക് വീട്ടിൽ പോകേണ്ട ആവശ്യമുണ്ടായിരുന്നു. അത് ദീപാവലി സമയമാണ്. 'സാർ, എനിക്ക് ചെന്നൈയിലെ വീട്ടിൽ പോകണം, ദീപാവലി ആണ്' എന്നു ജോഷി സാറിനോടു പറഞ്ഞു. 'നിനക്ക് ദീപാവലിയാണോ വലുത്? അതോ അവസാനം എല്ലാവരും അഞ്ചു പേരും നടന്നു വരുന്നതാണോ വലുത്?' എന്ന് സർ ചോദിച്ചു. ഞാൻ ആലോചിച്ചു. 'സർ, എനിക്ക് ദീപാവലിയാണ് വലുത്' എന്ന് പറഞ്ഞു. 'എന്നാ പൊക്കോളൂ' എന്നായി ജോഷി സാർ.''
അതേസമയം ഏതാനും നാളുകൾക്കു മുൻപ് മലയാളത്തിലെ ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ ട്വന്റി 20 ക്ലൈമാക്‌സിലെ ആ സീൻ നഷ്ടപ്പെടാൻ കാരണമായി ശബരിമല ദർശനമാണ് ജയരാം പറയുന്നത്. ഈ സീൻ ഷൂട്ട് ചെയ്യാൻ വൈകി. പറഞ്ഞ സമയമെല്ലാം കഴിഞ്ഞപ്പോൾ താൻ ശബരിമലയിലേക്ക് ഡേറ്റ് ബുക്ക് ചെയ്തിട്ടുണ്ടെന്നും പോകണമെന്നും ജോഷി സാറിനോടു പറഞ്ഞു. ഈ സീനാണോ ശബരിമലയിൽ പോകുന്നതാണോ വലുതെന്ന് ആലോചിച്ചപ്പോൾ തനിക്ക് ശബരിമലയാണ് വലുതെന്ന് തോന്നി. അങ്ങനെയാണ് ആ സീനിൽ താൻ ഇല്ലാതെ പോയതെന്നാണ് ജയറാം ഈ അഭിമുഖത്തിൽ പറയുന്നത്.
ഇതിൽ ഏതാണ് സത്യമെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നിരിക്കുന്ന ചോദ്യം. തമിഴ് അഭിമുഖത്തിൽ ദീപാവലിയും മലയാളത്തിൽ ശബരിമലയും ആയത് ബ്രില്ല്യൻസ് ആണോയെന്നും ആരാധകർ ട്രോളുന്നു.
English Summary: Actor Jayaram, who frequently goes viral on social media for his playful trolling of stars including Mammootty and Mohanlal, has now found himself at the receiving end of online trolls.
The reason is a recent remark he made about the climax of Twenty20, widely regarded as Malayalam cinema's biggest multistarrer. After the film's climax fight sequence, there is a memorable scene in which Mammootty, Mohanlal, and Suresh Gopi walk together. According to Jayaram, he was also supposed to be part of that shot. However, he was not present on the set when the scene was filmed.