Entertainment News

'അതൊക്കെ പത്തിരുപത് വർഷം മുമ്പല്ലേ ഗയ്‌സ്'!... ട്വന്റി-ട്വന്റി ക്ലൈമാക്‌സ് വിവാദത്തിൽ കൺഫ്യൂഷൻ തീർത്ത് ജയറാം!

നടൻ ജയറാം പറഞ്ഞ ചില കാര്യങ്ങളാണ് ട്രോളന്മാർ ഏറ്റുപിടിച്ചത്

Entertainment Desk

മലയാള സിനിമയിലെ എക്കാലത്തെയും വലിയ മൾട്ടിസ്റ്റാർ ചിത്രമായ 'ട്വന്റി-ട്വന്റി' തിയേറ്ററുകളിൽ വൻ ഓളം സൃഷ്ടിച്ചിട്ട് വർഷങ്ങളായി. എന്നാൽ ഇന്നും സോഷ്യൽ മീഡിയയിൽ ആ സിനിമയെക്കുറിച്ചുള്ള ചർച്ചകൾക്ക് ഒരു കുറവുമില്ല. അടുത്തിടെയായി ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ടിംഗുമായി ബന്ധപ്പെട്ട് നടൻ ജയറാം പറഞ്ഞ ചില കാര്യങ്ങളാണ് ട്രോളന്മാർ ഏറ്റുപിടിച്ചത്. ഇപ്പോൾ ഇതാ ആ ട്രോളുകൾക്കെല്ലാം വനിതയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ മറുപടി നൽകുകയാണ് നൽകുകയാണ് താരം.

ട്വന്റി-ട്വന്റിയുടെ ക്ലൈമാക്‌സ് രംഗത്തിൽ എന്തുകൊണ്ട് ജയറാം ഉണ്ടായിരുന്നില്ല എന്ന ചോദ്യത്തിന് താരം പല അഭിമുഖങ്ങളിൽ പല മറുപടിയാണ് നൽകിയത്. ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ താൻ ദീപാവലി ആഘോഷിക്കാൻ പോയതാണെന്ന് ജയറാം പറഞ്ഞു. എന്നാൽ വർഷങ്ങൾക്ക് മുമ്പ് നൽകിയ ഒരു മലയാളം അഭിമുഖത്തിലാകട്ടെ, താൻ ശബരിമലയ്ക്ക് പോയതാണെന്നായിരുന്നു താരം പറഞ്ഞിരുന്നത്. ഇതോടെ ട്രോളന്മാർ സജീവമായി. ജയറാമിന്റെ പഴയതും പുതിയതുമായ വീഡിയോകൾ കട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ ട്രോൾ പൂരമായി.

"ഞാൻ പറഞ്ഞതിൽ തെറ്റ് പറ്റിയിട്ടുണ്ട്, അതിൽ ആൾക്കാരെ കുറ്റം പറയാൻ പറ്റില്ല. അത് പത്തിരുപത് വർഷം മുമ്പ് നടന്ന സംഭവമാണ്. സത്യം പറഞ്ഞാൽ എനിക്കും ഇപ്പോൾ കൃത്യമായി ഓർമ്മയില്ല. ഞാൻ മദ്രാസിലേക്ക് പോയതാണോ അതോ മറ്റെവിടെയെങ്കിലും പോയതാണോ എന്ന് ശരിക്കും കൺഫ്യൂഷനാണ്. അന്നത്തെ ക്രൂവിൽ ഉണ്ടായിരുന്നവരോട് ചോദിച്ചിട്ടും അവർക്കും ഓർമ്മയില്ല! അഞ്ചാറ് ദിവസം അവിടെ മാറി നിന്നിട്ടുണ്ട്. പ്രായമാകുന്നതിന്റെ മറവിയാകാം, അല്ലാതെ മനപ്പൂർവ്വം പറഞ്ഞതല്ല." ജയറാം ചിരിയോടെ പറയുന്നു.

തന്റെ നാടിനെക്കുറിച്ചുള്ള ട്രോളുകൾക്കും താരം കൃത്യമായ മറുപടി നൽകി. അമ്മ കുംഭകോണംകാരിയും അച്ഛൻ പാലക്കാട്ടുകാരനുമാണ്. അച്ഛന് ജോലി കിട്ടിയതിനെത്തുടർന്നാണ് കുടുംബം പെരുമ്പാവൂരിൽ എത്തിയത്.

"ഞാൻ ജനിച്ചതും വളർന്നതുമെല്ലാം പെരുമ്പാവൂരിലാണ്. അമ്മയ്ക്ക് മലയാളം അറിയാത്തതുകൊണ്ട് അമ്മയോട് സംസാരിച്ചിരുന്നത് തമിഴിലായിരുന്നു. കഴിഞ്ഞ 32 വർഷമായി ജോലിയുടെ ഭാഗമായി ചെന്നൈയിലാണ് താമസം. അങ്ങനെ ഞാൻ ചെന്നൈക്കാരനുമായി. പെരുമ്പാവൂരിൽ ഇപ്പോഴും വീടുണ്ട്. നമ്മൾ മലയാളികൾ എത്രയോ പേർ വർഷങ്ങളായി ഡൽഹിയിലും ദുബായിലുമൊക്കെ ജോലി ചെയ്യുന്നു. അതുകൊണ്ട് അവർ അവിടുത്തുകാരാണെന്ന് പറയാൻ പറ്റുമോ?"

എന്തായാലും ട്രോളുകളെ അതിന്റെ സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുത്ത്, 'മറവി മനുഷ്യസഹജമാണ്' എന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ജയറാം ഈ വിവാദത്തിന് ഫുൾ സ്റ്റോപ്പ് ഇട്ടിരിക്കുകയാണ്

Actor Jayaram has responded to social media trolls surrounding conflicting statements he made about missing the climax shoot of the Malayalam blockbuster Twenty:20. He admitted he genuinely cannot remember the exact reason after so many years and clarified that the confusion was unintentional.