മോഹൻലാലിനെ നായകനാക്കി ചെയ്യാനിരുന്ന സിനിമ ഉപേക്ഷിച്ചതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകൻ ജിത്തു മാധവൻ. ചിത്രത്തിന്റെ ഷൂട്ടിങ്ങിന് കൂടുതൽ ദിവസങ്ങൾ ആവശ്യമായിരുന്നതും മോഹൻലാലിന്റെ ഡേറ്റ് ലഭിക്കുന്നതിലെ ബുദ്ധിമുട്ടുകളുമാണ് സിനിമ മുന്നോട്ടുപോകാതിരിക്കാൻ കാരണമായതെന്നാണ് ജിത്തു പറയുന്നത്. സൂര്യയെ നായകനാക്കി ഒരുക്കുന്ന ആദ്യ തമിഴ് ചിത്രമായ 'സീനി'ന്റെ പ്രൊമോഷന്റെ ഭാഗമായി ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം പറഞ്ഞത്.
''മോഹൻലാലിനെ മനസ്സിൽ കണ്ടെഴുതിയ സിനിമ മറ്റൊരു നടനെ വെച്ച് ചെയ്യാൻ താൽപര്യമില്ല. അതുകൊണ്ടു മോഹൻലാലിനെ നായകനാക്കി ആലോചിച്ച സിനിമ ഉപേക്ഷിക്കേണ്ടിവന്നു. ചിത്രത്തിന്റെ തിരക്കഥ മോഹൻലാലിനെ മനസ്സിൽ കണ്ടാണ് എഴുതിയത്. നിരവധി ആക്ഷൻ രംഗങ്ങളുള്ള ചിത്രമായതിനാൽ കൂടുതൽ ദിവസങ്ങൾ ചിത്രീകരണത്തിന് ആവശ്യമായിരുന്നു. ഷൂട്ടിങ് ദിവസങ്ങളുടെ എണ്ണം കുറയ്ക്കാൻ ശ്രമിച്ചെങ്കിലും സിനിമയുടെ സ്വഭാവം പരിഗണിക്കുമ്പോൾ അത് സാധ്യമായിരുന്നില്ല. മോഹൻലാൽ തുടർച്ചയായി സിനിമകൾ ചെയ്യുന്നതിനാൽ ഇത്രയും ദിവസം ചിത്രത്തിനായി മാറ്റിവെക്കാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നുവെന്നാണ് ഞാൻ മനസ്സിലാക്കിയത്'' എന്ന് ജിത്തു പറഞ്ഞു.
മോഹൻലാലിനെ നായകനാക്കി ജിത്തു മാധവൻ സിനിമ ഒരുക്കുന്നുവെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു. ഇതേ യൂട്യൂബ് ചാനലിന് നൽകിയ മറ്റൊരു അഭിമുഖത്തിൽ മോഹൻലാൽ തന്നെയാണ് സംവിധായകനൊപ്പമുള്ള ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. എന്നാൽ, വരാനിരിക്കുന്ന ഏഴ് സിനിമകളുടെ സംവിധായകരെക്കുറിച്ച് സംസാരിച്ചപ്പോൾ ആ പട്ടികയിൽ ജിത്തു മാധവന്റെ പേര് ഉണ്ടായിരുന്നില്ല. ഇപ്പോൾ ചിത്രം ഉപേക്ഷിച്ചതായി സംവിധായകൻ തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്.
'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങൾക്കു ശേഷം ജിത്തു സംവിധാനം ചെയ്യുന്ന സിനിമയാണ് 'സീൻ'. സൂര്യ നായകനാകുന്ന ചിത്രത്തിൽ നസ്രിയയാണ് നായിക. നസ്ലെൻ വില്ലൻ വേഷത്തിലെത്തുന്ന ചിത്രത്തിന് സുഷിൻ ശ്യാമാണ് സംഗീതം ഒരുക്കുന്നത്. സുഷിൻ ശ്യാം സംഗീതം നൽകുന്ന ആദ്യ തമിഴ് ചിത്രം കൂടിയാണിത്. നവംബർ ആറിന് ദീപാവലി റിലീസായാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.
മോഹൻലാലിന്റെ വരാനിരിക്കുന്ന ചിത്രങ്ങളിൽ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന 'അതിമനോഹരം', വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന 'ഓപ്പറേഷൻ ഗംഗ' എന്നിവയും ഉൾപ്പെടുന്നു. അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയും നടക്കാനിരിക്കുകയാണ്. പ്രിയദർശന്റെ നൂറാം ചിത്രം, ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന 'നെടുങ്കണ്ടം മിറാക്കിൾ', സത്യൻ അന്തിക്കാട്, ജൂഡ് ആന്റണി ജോസഫ്, ജീത്തു ജോസഫ് എന്നിവരുടെ ചിത്രങ്ങളും മോഹൻലാലിന്റെ വരാനിരിക്കുന്ന സിനിമകളുടെ പട്ടികയിലുണ്ട്.
Director Jithu Madhavan has explained why he dropped his planned film starring Mohanlal. The project required an extended shooting schedule and was specifically written with Mohanlal in mind, making recasting difficult. Meanwhile, Jithu’s first Tamil film, Seeni, starring Suriya, Nazriya and Naslen, is scheduled for a Diwali release.