പൃഥ്വിരാജിനൊപ്പം നിന്നൊരു ഫോട്ടോ വലിയ ഒരാഗ്രഹമായി കൊണ്ടു നടന്ന ഒരു യുവാവുണ്ടായിരുന്നു അങ്ങ് ചിറയൻകീഴിൽ. വലുതാകുമ്പോ സിനിമാനടനാകണമെന്നും പൃഥ്വിരാജിനൊപ്പം അഭിനയിക്കണമെന്നുമൊക്കെ സ്വപ്നം കണ്ടുനടന്ന ഒരു പയ്യൻ. കളിയാക്കലുകൾ ഭയന്ന്, നാട്ടുകാരിൽനിന്നും വീട്ടുകാരിൽ നിന്നുമൊക്കെ അവൻ തന്റെ അഭിനയമോഹം മറച്ചുവെച്ചു.
പക്ഷേ കാലം അതിന്റെ കണക്ക് തീർത്തു. ആ പയ്യൻ വളർന്ന് ഒരു സിനിമാനടനായി. പൃഥ്വിരാജിനൊപ്പം സിനിമയും ചെയ്തു. ഏറെ കൗതുകകരമായ, എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഒരു സിനിമയിൽ പൃഥ്വിരാജിനു പകരം നായകനായി അയാൾ എത്തുക പോലും ചെയ്തുവെന്നുള്ളതാണ്.
പറഞ്ഞുവരുന്നത് ആരെ കുറിച്ചെന്ന് ഇതിനോടകം തന്നെ വ്യക്തമായിട്ടുണ്ടാകും. റീലുകളിലൂടെ നമ്മെ ചിരിപ്പിച്ച, ഗുരുവായൂർ അമ്പലനടയിൽ, വാഴ തുടങ്ങിയ സിനിമകളിലൂടെ കയ്യടി നേടിയ ജോമോൻ ജ്യോതിർ. മലയാള സിനിമയിലെ ശ്രദ്ധേയരായ യുവ അഭിനേതാക്കളിൽ ഒരാളാണിന്ന് ജോമോൻ. സ്വാഭാവികമായ ഹാസ്യശൈലിയും തനതായ സ്ക്രീൻ പ്രസൻസും കൈമുതലാക്കിയ നടൻ.
'പ്രേംപാറ്റ', 'സന്തോഷ് ട്രോഫി', 'പൂച്ചസർ' എന്നിങ്ങനെ തുടരെ തുടരെ മൂന്ന് ചിത്രങ്ങളാണ് ജോമോൻ ജ്യോതിറിന്റേതായി അണിയറയിലൊരുങ്ങുന്നത്. മൂന്നിലും നായകവേഷങ്ങൾ. റീലുകളിലെ സ്വാഭാവിക അഭിനയവും ഹാസ്യശൈലിയും ജോമോന് തുറന്നുനൽകിയത് മലയാള സിനിമയിലേക്കുള്ള വലിയ വാതിലുകളായിരുന്നു.
ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ, അഭിനയിച്ച ചിത്രങ്ങളിലെല്ലാം തന്റെ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട് ജോമോൻ. ഇതിൽതന്നെ വാഴയിലെ മുസ എന്ന കഥാപാത്രമായിരുന്നു ജോമോന്റെ കരിയറിലെ ഏറ്റവും വലിയ ബ്രേക്ക്. യുവാക്കളുടെ ജീവിതവും സൗഹൃദവും ഹാസ്യരീതിയിൽ അവതരിപ്പിച്ച ചിത്രത്തിൽ ജോമോന്റെ പ്രകടനം വേറിട്ടുനിന്നു. സ്വാഭാവിക ഹാസ്യവും സാധാരണക്കാരന്റെ ശൈലിയിലുള്ള അഭിനയവുമാണ് ജോമോനെന്ന നടന്റെ വളർച്ചയ്ക്കു വളംവെച്ചത്. ഫലമോ സപ്പോർട്ടിങ് റോളുകളിൽനിന്ന് കേന്ദ്രകഥാപാത്രങ്ങളിലേക്കുള്ള പരകായപ്രവേശവും.
ദൈനംദിന ജീവിതത്തിൽ നാം പരിചയപ്പെടുന്ന യുവാക്കളുടെ ഭാവങ്ങളും സംസാരശൈലിയും സ്വാഭാവികമായി അവതരിപ്പിക്കുന്നതാണ് ജോമോന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയ തലമുറയിലെ പ്രേക്ഷകർക്ക് അദ്ദേഹത്തോട് പ്രത്യേക അടുപ്പമുണ്ട്. ഹാസ്യ കഥാപാത്രങ്ങളിൽ തിളങ്ങിയിട്ടുണ്ടെങ്കിലും വ്യത്യസ്ത സ്വഭാവമുള്ള കഥാപാത്രങ്ങൾ അവതരിപ്പിക്കാനുള്ള കഴിവും അദ്ദേഹം തെളിയിച്ചുവരികയാണ്.
മലയാള സിനിമയിലെ പുതിയ തലമുറയിലെ ഏറ്റവും പ്രതീക്ഷയുണർത്തുന്ന യുവ അഭിനേതാക്കളിൽ ഒരാളായാണ് ഇന്ന് ജോമോൻ ജ്യോതിർ വിലയിരുത്തപ്പെടുന്നത്. പ്രേംപാറ്റയും പൂച്ചസാറും സന്തോഷ് ട്രോഫിയുമെത്തുന്നതോടെ ഈ ഗ്രാഫ് ഇനിയുമുയരാനാണു സാധ്യത.
English Summary: Today, Jomon Jyothir is regarded as one of the most promising young actors of Malayalam cinema's new generation. With the release of Prempatta, Poochasar and Santhosh Trophy, his career graph is expected to rise even further.
Jomon's biggest strength lies in his ability to naturally portray the mannerisms, emotions and speech patterns of the young people we encounter in everyday life. That is precisely why he enjoys a special connection with the social media generation. While he has already made a mark with comic roles, he continues to prove his versatility by taking on characters with diverse shades and personalities.