Entertainment News

മുടങ്ങിപ്പോയ 'അന്ന' വെള്ളിത്തിരയിലേക്ക്; ജോഷി ചിത്രത്തിന്റെ നിർമാണാവകാശം സ്വന്തമാക്കി ടോമിച്ചൻ മുളകുപാടം

'പുലിമുരുകന്റെ' പത്താം വാർഷിക വേളയിൽ മുപ്പതു വർഷം മുമ്പ് മുടങ്ങിപ്പോയ സിനിമയുടെ നിർമാണ അവകാശം സ്വന്തമാക്കിയിരിക്കുകയാണ് ടോമിച്ചൻ മുളകുപാടം

Entertainment Desk

നിവിൻ പോളി ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലൂടെ വീണ്ടും ചർച്ചയായ ‘അന്ന’ എന്ന സിനിമ വെള്ളിത്തിരയിലേക്ക് എത്തുവാൻ ഒരുങ്ങുന്നു. മൂന്ന് പതിറ്റാണ്ട് മുമ്പ് ചിത്രീകരണം മുടങ്ങിപ്പോയ സിനിമയുടെ നിർമാണ അവകാശം മുളകുപാടം ഫിലിംസിന്റെ ഉടമസ്ഥനായ ടോമിച്ചൻ മുളകുപാടം സ്വന്തമാക്കി. സൂപ്പർ ഹിറ്റ് ചിത്രം 'പുലിമുരുകന്റെ' പത്താം വാർഷിക വേളയിലാണ് നിർമാതാവ് ഈ വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

'ബെത്‌ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രത്തിൽ ഔസേപ്പച്ചൻ സംഗീതസംവിധാനം നിർവഹിച്ച് യേശുദാസ് ആലപിച്ച ‘യവനകഥയിൽ’ എന്ന ഗാനം ഉപയോഗിച്ചിരുന്നു. ഇതിനുപിന്നാലെയാണ് 90-കളിൽ ചിത്രീകരണം പാതിവഴിയിൽ നിലച്ച ‘അന്ന’ എന്ന സിനിമയെക്കുറിച്ചുള്ള ചർച്ചകൾ പ്രേക്ഷകർക്കിടയിൽ വീണ്ടും ഉയർന്നുവന്നത്.

90-കളുടെ തുടക്കത്തിൽ ജോഷിയുടെ സംവിധാനത്തിൽ എൻ. മോഹനൻ നിർമിക്കാൻ പദ്ധതിയിട്ട സ്വപ്ന പദ്ധതിയായിരുന്നു 'അന്ന'. അരവിന്ദ് സ്വാമിയും ശ്രീദേവിയും പ്രധാന വേഷങ്ങളിൽ എത്തേണ്ടിയിരുന്ന ചിത്രത്തിന്റെ ചിത്രീകരണം താരങ്ങളുടെ ഡേറ്റ് സംബന്ധിച്ച പ്രശ്നങ്ങളും മറ്റു സാങ്കേതിക തടസ്സങ്ങളും കാരണമാണ് അന്ന് മുടങ്ങിയത്. വർഷങ്ങൾക്കിപ്പുറം ഗാനം തരംഗമായതോടെ ചിത്രത്തിന്റെ കഥ പുതിയ തലമുറയിലെ എഴുത്തുകാരിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിർമാണാവകാശം ഏറ്റെടുത്തതെന്ന് ടോമിച്ചൻ മുളകുപാടം വ്യക്തമാക്കി. കാലാനുസൃതമായ മാറ്റങ്ങളോടെയാകും ചിത്രം അവതരിപ്പിക്കുക.

"മലയാള സിനിമയുടെ കച്ചവട സമവാക്യങ്ങൾ തിരുത്തിയ പുലിമുരുകന്റെ പത്താം വാർഷികത്തിൽ ഒരു പുതിയ യാത്രയുടെ പ്രഖ്യാപനം. 90-കളിൽ ആരംഭിച്ചെങ്കിലും പല കാരണങ്ങളാൽ പൂർത്തിയാകാതെ പോയ 'അന്ന’ എന്ന സിനിമയുടെ അവകാശം സ്വന്തമാക്കിയ വിവരം സന്തോഷത്തോടെ പങ്കുവെക്കുകയാണ്. മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ നിന്നുപോയ ഒരു സിനിമയ്ക്ക് ഒരു പുതിയ തുടക്കം," എന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

ചിത്രത്തിന്റെ സംവിധായകനെയും അഭിനേതാക്കളെയും സംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് പുറത്തുവിടുമെന്നും താരം വ്യക്തമാക്കി. കുറച്ചു കാര്യങ്ങൾ പ്രേക്ഷകരിലേക്ക് എത്തുവാൻ സമയമെടുക്കുമെന്നും നിലവിൽ മറ്റ് വിവരങ്ങൾ വെളിപ്പെടുത്തുന്നില്ലെന്നും അണിയറപ്രവർത്തകർ അറിയിച്ചു.

Director Joshiy’s shelved 1990s film Anna is set for a new beginning after producer Tomichan Mulakuppadam acquired its production rights. The project, originally planned with Arvind Swamy and Sridevi, will reportedly be reworked for a new generation following renewed interest in the film after its song featured in Bethlehem Family Unit.