സിനിമ പ്രേമികൾക്ക് ഇനി തിയറ്ററുകളിൽ ഉത്സവകാലം. ജൂൺ മാസത്തിൽ സിനിമാലോകത്ത് വലിയ റിലീസുകളുടെ ഒരു പെരുമഴക്കാലത്തിനാണ് തുടക്കമാകുന്നത്. പകയും പ്രതികാരവും നിറഞ്ഞ മാസ്സ് ആക്ഷൻ ചിത്രങ്ങൾ, ഹൊറർ കോമഡികൾ, ത്രില്ലറുകൾ, ഗ്രാമീണ പശ്ചാത്തലത്തിലുള്ള സിനിമകൾ എന്നിങ്ങനെ എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന വൈവിധ്യമാർന്ന ചിത്രങ്ങളാണ് ഈ മാസം റിലീസിനൊരുങ്ങുന്നത്.
'മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് 'മോളിവുഡ് ടൈംസ്'. യുവതാരം നസ്‌ലിൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ജൂൺ 5-ന് തിയറ്ററുകളിലെത്തും. നസ്‌ലിനൊപ്പം സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
'ടിയാൻ' എന്ന ചിത്രത്തിന് ശേഷം മുരളി ഗോപിയുടെ ശക്തമായ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് മലയാള ചിത്രമാണ് 'അനന്തൻ കാട്'. തമിഴ് താരം ആര്യ നായകനാകുന്ന ചിത്രം ജൂൺ 25-നാണ് പ്രേക്ഷകർക്ക് മുന്നിലെത്തുക. തമിഴ് സംസാരിക്കുന്ന ഒരു വേറിട്ട കഥാപാത്രമായാണ് ആര്യ ഇതിൽ പ്രത്യക്ഷപ്പെടുന്നത്. 'കാന്താര'യിലൂടെ തരംഗമായ ബി. അജനീഷ് ലോക്നാഥ് ആദ്യമായി സംഗീതസംവിധാനം നിർവഹിക്കുന്ന മലയാള ചിത്രം കൂടിയാണിത്. ഇന്ദ്രൻസ്, മുരളി ഗോപി, സുനിൽ (പുഷ്പ ഫെയിം), അപ്പാനി ശരത്, നിഖില വിമൽ, ദേവ് മോഹൻ, സാഗർ സൂര്യ, തുടങ്ങി വലിയൊരു താരനിര തന്നെ ഈ ചിത്രത്തിലുണ്ട്.
മലയാളത്തിന്റെ പ്രിയ ജോഡികളായ ജയറാമും ഉർവശിയും നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന തമിഴ് ചിത്രമായ പരിമള ആൻഡ് കോ ജൂൺ 5-ന് റിലീസ് ചെയ്യും. ഒപ്പം ഷാജി കൈലാസ് - ജോജു ജോർജ്ജ് കൂട്ടുകെട്ടിലൊരുങ്ങുന്ന മാസ്സ് ചിത്രം 'വരവ്' ഈ ജൂണിൽ തിയറ്ററുകളിലെത്തും. ഹൊറർ-കോമഡി പ്രേമികൾ കാത്തിരിക്കുന്ന ഇംഗ്ലീഷ് ചിത്രം 'സ്കെയറി മൂവി'യും ജൂൺ 5 മുതൽ തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.
English Summary: June is shaping up to be an exciting month for movie lovers, with a diverse lineup of Malayalam, Tamil, and international releases hitting theaters. From action-packed entertainers and thrillers to horror comedies and family dramas, the month promises something for every audience.