Entertainment News

'അപകടകരമായ രംഗങ്ങളില്‍ പോലും ഡ്യൂപ്പില്ല, കൊടും തണുപ്പിൽ ഒരു ഷർട്ട് മാത്രം'; ‘കാട്ടാളൻ’ അനുഭവങ്ങൾ പങ്കുവെച്ച് ജഗദീഷ്

ഈദ് റിലീസായി തിയേറ്ററുകളിലെത്താൻ ഒരുങ്ങി ‘കാട്ടാളൻ’

Entertainment Desk

ആന്റണി വർഗീസ് പെപ്പെ കേന്ദ്രകഥാപാത്രമായി എത്തുന്ന ആക്ഷൻ ത്രില്ലർ ചിത്രം ‘കാട്ടാളൻ’ ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവെച്ച് നടൻ ജഗദീഷ്. ചിത്രത്തിലെ നിരവധി അപകടരംഗങ്ങളിൽ ഡ്യൂപ്പില്ലാതെയാണ് അഭിനയിച്ചതെന്ന് താരം വെളിപ്പെടുത്തി. മെയ് 28-ന് ഈദ് റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

‘അലി’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ജഗദീഷ് അവതരിപ്പിക്കുന്നത്. പ്രായം പോലും മറക്കേണ്ടി വന്ന തരത്തിലുള്ള കഠിനമായ ആക്ഷൻ രംഗങ്ങളായിരുന്നു ചിത്രത്തിലുണ്ടായിരുന്നതെന്ന് ജഗദീഷ് പറഞ്ഞു. ആനയുടെ മുന്നിലൂടെ ഓടുന്ന രംഗങ്ങൾ ചിത്രത്തിലുണ്ടെന്നും, പെപ്പെയോടൊപ്പം താനും ആ രംഗങ്ങളിൽ ഉണ്ടെന്നും ജഗദീഷ് വ്യക്തമാക്കി. സംവിധായകൻ പ്രായം കണക്കിലെടുക്കാതെയാണ് രംഗങ്ങൾ ഒരുക്കിയതെന്നും, പലതവണ മരങ്ങളിലേക്ക് കയറേണ്ടി വന്നതായും തമാശരൂപേണ അദ്ദേഹം പറഞ്ഞു. ശക്തമായ തണുപ്പും മഞ്ഞും നിറഞ്ഞ സാഹചര്യത്തിലായിരുന്നു ഷൂട്ടിങ് നടന്നതെന്നും, ഒരു ഷർട്ട് മാത്രം ധരിച്ചാണ് പല രംഗങ്ങളിലും അഭിനയിച്ചതെന്നും താരം കൂട്ടിച്ചേർത്തു.

തായ്‌ലൻഡിലായിരുന്നു ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളുടെ ചിത്രീകരണം നടന്നത്. അവിടെയുള്ള ആനകളെ ഉപയോഗിച്ചാണ് ചില പ്രധാന രംഗങ്ങൾ എടുത്തത്. ഒരു ദിവസം മുഴുവൻ ആനയ്‌ക്കൊപ്പം ഓടേണ്ടി വന്നതായും ജഗദീഷ് പറഞ്ഞു. മികച്ച വികാരങ്ങളും ശക്തമായ ആക്ഷൻ മുഹൂർത്തങ്ങളും ഒരുമിക്കുന്ന ചിത്രമായിരിക്കും ‘കാട്ടാളൻ’ എന്നും താരം അഭിപ്രായപ്പെട്ടു.

ആനക്കൊമ്പ് കള്ളക്കടത്തും കാടിന്റെ പശ്ചാത്തലവുമാണ് ചിത്രത്തിന്റെ പ്രമേയം. യഥാർത്ഥ ആനകളെ ഉപയോഗിച്ചാണ് സംഘട്ടനരംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നതെന്നതാണ് സിനിമയുടെ പ്രധാന സവിശേഷത. വി.എഫ്.എക്സ് സഹായമില്ലാതെയാണ് ഈ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ഹോളിവുഡ് ചിത്രം ‘ഓങ്-ബാക്’ വഴി ശ്രദ്ധേയമായ ‘പോംഗ്’ എന്ന ആനയും ചിത്രത്തിൽ എത്തുന്നുണ്ട്. ‘ബാഹുബലി 2’, ‘ജവാൻ’ അടക്കമുള്ള വലിയ ചിത്രങ്ങളുടെ സ്റ്റണ്ട് രംഗങ്ങൾ ഒരുക്കിയ കെച്ച കെംബഡികെയാണ് ‘കാട്ടാളൻ’ ചിത്രത്തിലെ ആക്ഷൻ കൈകാര്യം ചെയ്യുന്നത്.

നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുനിൽ, സിദ്ധിഖ്, കബീർ ദുഹാൻ സിങ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കുടുംബപ്രേക്ഷകരെയും ആക്ഷൻ സിനിമ പ്രേമികളെയും ഒരുപോലെ ലക്ഷ്യമിട്ടാണ് ചിത്രം ഒരുക്കുന്നതെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്.

English Summary: Actor Jagadish shared intense shooting experiences from the upcoming action thriller Kaattalan, revealing that he performed risky action scenes without a stunt double, including elephant chase sequences shot in Thailand under extreme cold conditions.