ആരാധകരുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയുണ്ടെങ്കിലും, ഒരു സാഹചര്യത്തിലും സ്വകാര്യതയും സുരക്ഷയും ലംഘിക്കപ്പെടാൻ പാടില്ലെന്ന് നടി കാജൽ അഗർവാൾ. ഷൂട്ടിങ്ങിനിടെ തനിക്ക് നേരിട്ട ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ചുകൊണ്ടാണ് നടി ഇക്കാര്യം പറഞ്ഞത്. ഒരു ആരാധകൻ അനുവാദമില്ലാതെ കാരവാനിലേക്ക് അതിക്രമിച്ച് കയറി തന്റെ സ്വകാര്യ ഇടം ലംഘിച്ചുവെന്നും, അത്തരം സംഭവങ്ങൾ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും കാജൽ വ്യക്തമാക്കി.
ഒരു സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി കാരവാനിൽ വിശ്രമിക്കുന്ന സമയത്താണ് സംഭവം നടന്നത്. ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർമാരിൽ ഒരാൾ അനുവാദമില്ലാതെ കാരവാനിലേക്ക് കടന്നുകയറിയ ശേഷം ഷർട്ട് അഴിച്ച് നെഞ്ചിൽ പച്ചകുത്തിയിരുന്ന തന്റെ പേര് കാണിക്കുകയായിരുന്നു. അപ്രതീക്ഷിതമായ ഈ പ്രവൃത്തി തന്നെ വല്ലാതെ ഭയപ്പെടുത്തിയെന്നും, അത് കണ്ട നിമിഷം കൈകാലുകൾ വിറച്ചുപോയെന്നും കാജൽ അഗർവാൾ വെളിപ്പെടുത്തി. എ ബി പി ന്യൂസ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു കാജലിന്റെ തുറന്നുപറച്ചിൽ.
ആരാധകന്റെ സ്നേഹം താൻ വിലമതിക്കുന്നുണ്ട്. തന്റെ പേരിൽ പച്ചകുത്തിയത് സന്തോഷമുള്ള കാര്യമാണെങ്കിലും, അതിന്റെ പേരിൽ ഒരു സ്ത്രീയുടെ സ്വകാര്യ ഇടത്തിലേക്ക് അനുവാദമില്ലാതെ കടന്നുകയറുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് കാജൽ അഗർവാൾ വ്യക്തമാക്കി. മറ്റൊരു വ്യക്തിയുടെ വ്യക്തിപരമായ അതിരുകളും സ്വകാര്യതയും എല്ലാവരും മാനിക്കേണ്ടതുണ്ടെന്നും കാജൽ കൂട്ടിച്ചേർത്തു. "ഒരാൾ എത്ര വലിയ ആരാധകനാണെങ്കിലും ഇത്തരം പെരുമാറ്റം ഒരിക്കലും ന്യായീകരിക്കാനാവില്ല. ഇത്തരത്തിലുള്ള പ്രവൃത്തി വീണ്ടും ആവർത്തിച്ചാൽ ക്രിമിനൽ നടപടി സ്വീകരിക്കുമെന്ന് ഞാൻ അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു," എന്നും കാജൽ പറഞ്ഞു.
കാജൽ അഗർവാളിന്റെ വെളിപ്പെടുത്തൽ സിനിമാ താരങ്ങളുടെ സുരക്ഷയും സ്വകാര്യതയും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും വഴിവെച്ചിരിക്കുകയാണ്. ആരാധകരുടെ സ്നേഹവും പിന്തുണയും വിലപ്പെട്ടതാണെങ്കിലും, അതിന് വ്യക്തിപരമായ അതിരുകൾ ലംഘിക്കാനുള്ള അവകാശമില്ലെന്ന് തന്നെയാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങൾ. കാജലിന്റെ നിലപാടിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. താരങ്ങളുടെ സുരക്ഷയും സ്വകാര്യതയും ഒരിക്കലും ആരാധനയുടെ പേരിൽ വിട്ടുവീഴ്ച ചെയ്യാൻ പാടില്ലെന്നും, സാധാരണക്കാരും ഇത്തരം വെല്ലുവിളികൾ നേരിടേണ്ടിവരുന്നു എന്നതിന്റെ ഓർമ്മപ്പെടുത്തലാണ് ഈ സംഭവമെന്നുമാണ് വിലയിരുത്തൽ.
അതേ അഭിമുഖത്തിൽ, ബോളിവുഡിനെക്കാൾ ദക്ഷിണേന്ത്യൻ സിനിമകളിൽ കൂടുതൽ സജീവമായതിന്റെ കാരണവും കാജൽ അഗർവാൾ പങ്കുവെച്ചു. മികച്ച കഥകളും ശക്തമായ കഥാപാത്രങ്ങളുമാണ് തനിക്ക് പ്രധാനമായും ദക്ഷിണേന്ത്യൻ സിനിമകളിൽ നിന്ന് ലഭിച്ചതെന്ന് താരം പറഞ്ഞു. സിനിമകളുടെ എണ്ണം കൂട്ടുക എന്ന ലക്ഷ്യത്തോടെ മാത്രം ഹിന്ദി ചിത്രങ്ങൾ ചെയ്യാൻ ഒരിക്കലും താൽപര്യമുണ്ടായിരുന്നില്ലെന്നും, അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾക്കാണ് എപ്പോഴും മുൻഗണന നൽകിയതെന്നും കാജൽ വ്യക്തമാക്കി.
അതേസമയം, നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണം: പാർട്ട് 1' ആണ് കാജൽ അഗർവാളിന്റെ പുതിയ ചിത്രം. രൺബീർ കപൂർ, യാഷ്, സായി പല്ലവി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ മണ്ഡോദരിയുടെ വേഷത്തിലാണ് കാജൽ എത്തുന്നത്.
Actress Kajal Aggarwal revealed a shocking incident where an assistant director entered her caravan without permission and showed a tattoo of her name on his chest. She condemned the invasion of privacy, warned of legal action if repeated, and stressed that fandom should never violate personal boundaries or safety.