Entertainment News

"കഴിഞ്ഞ കാലത്തേക്കാൾ മോശം പ്രത്യാഘാതങ്ങളുണ്ടാകും"; കമലിന്റെ 'സണ്ടിയർ' വീണ്ടും വിവാദത്തിൽ

22 വർഷങ്ങൾക്ക് മുമ്പ് 'വിരുമാണ്ടി' എന്ന ചിത്രത്തിന് നൽകാൻ തീരുമാനിച്ചിരുന്ന 'സണ്ടിയർ' എന്ന പേര് വീണ്ടും ഉപയോഗിച്ചതാണ് വിവാദത്തിന് കാരണം.

Madism Desk

കമൽഹാസൻ നായകനാകുന്ന പുതിയ ചിത്രത്തിന്റെ പേരിനെച്ചൊല്ലി വിവാദം ശക്തമാകുന്നു. എസ്.യു. അരുണ്‍കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'സണ്ടിയർ' എന്ന് പേരിട്ടതാണ് പ്രതിഷേധങ്ങൾക്ക് കാരണമായത്. ജാതീയമായ മേൽക്കോയ്മയെയും അക്രമത്തെയും പ്രോത്സാഹിപ്പിക്കുന്ന പേരാണിതെന്നാണ് വിമർശകരുടെ ആരോപണം. ചിത്രത്തിന്റെ പ്രഖ്യാപനത്തിനൊപ്പം പുറത്തുവിട്ട പോസ്റ്ററിലെ രക്തം പുരണ്ട കാറും തോക്കുകളും വിവാദത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. "പകവീട്ടൽ രക്തത്തിലൂടെ മാത്രമേ സാധ്യമാകൂ" എന്ന അർഥം വരുന്ന വാചകവും പോസ്റ്ററിലുണ്ടായിരുന്നു.

'സണ്ടിയർ' എന്ന പേര് കമൽഹാസനുമായി ബന്ധപ്പെട്ട് വിവാദമാകുന്നത് ഇതാദ്യമല്ല. 22 വർഷങ്ങൾക്ക് മുമ്പ് 'വിരുമാണ്ടി' എന്ന ചിത്രത്തിന് ആദ്യം തീരുമാനിച്ചിരുന്ന പേരും ഇതുതന്നെയായിരുന്നു. അന്ന് വിവിധ സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്നാണ് പേര് മാറ്റിയത്. വർഷങ്ങൾക്കിപ്പുറം അതേ പേര് വീണ്ടും ഉപയോഗിച്ചതാണ് പഴയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുന്നത്.

1992ൽ പുറത്തിറങ്ങിയ 'തേവർ മകൻ' എന്ന ചിത്രവും ഈ വിവാദത്തിൽ വീണ്ടും ചർച്ചയാകുന്നുണ്ട്. ചിത്രത്തിലെ ജാതീയമായ പ്രതിനിധാനങ്ങളും 'പോട്രി പാടടി പെണ്ണേ' എന്ന ഗാനവും തമിഴ്നാട്ടിൽ ജാതീയമായ അഭിമാനബോധം ശക്തിപ്പെടുത്താൻ കാരണമായെന്ന വിമർശനം നേരത്തെയും ഉയർന്നിരുന്നു. സിനിമയുടെ കഥയും അവതരണവും ഏറെ പ്രശംസിക്കപ്പെട്ടപ്പോഴും അതിലെ ചില ഘടകങ്ങൾ സമൂഹത്തിലുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് വിമർശനങ്ങളുണ്ടായി. സംവിധായകൻ മാരി സെൽവരാജ് ഉൾപ്പെടെയുള്ളവർ ചിത്രത്തിന്റെ സ്വാധീനത്തെക്കുറിച്ച് ആശങ്കകൾ പങ്കുവെച്ചിട്ടുണ്ട്.

'സണ്ടിയർ' എന്ന പേര് വീണ്ടും പ്രഖ്യാപിച്ചതോടെ ഇത്തരം ചർച്ചകൾക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചു. തമിഴ്നാട്ടിൽ മുൻകാലങ്ങളിൽ ഉണ്ടായ ജാതീയ സംഘർഷങ്ങളും അക്രമസംഭവങ്ങളും ചൂണ്ടിക്കാട്ടിയാണ് വിവിധ സംഘടനകൾ പ്രതിഷേധിക്കുന്നത്. ചിത്രത്തിന്റെ കഥ എന്താണെന്നതിലുപരി പേര് തന്നെ പ്രശ്നമാണെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. മറുവശത്ത്, ഈ പേര് തങ്ങളുടെ സമുദായത്തിന്റെ അഭിമാനത്തെ പ്രതിനിധീകരിക്കുന്നതാണെന്ന തരത്തിലുള്ള പ്രതികരണങ്ങളും ഉയരുന്നുണ്ട്.

പുതിയ തമിഴകം പാർട്ടി നേതാവ് കൃഷ്ണസ്വാമിയും ചിത്രത്തിനെതിരെ രംഗത്തെത്തി. കമൽഹാസൻ സ്വന്തം തീരുമാനപ്രകാരമാണോ ഈ സിനിമ ഒരുക്കുന്നതെന്ന സംശയം പ്രകടിപ്പിച്ച അദ്ദേഹം, ചിത്രത്തിന്റെ റിലീസ് കഴിഞ്ഞകാലത്തേക്കാൾ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കാമെന്നും മുന്നറിയിപ്പ് നൽകി.

"കഴിഞ്ഞ 30 വർഷത്തിനിടെയാണ് തമിഴ്നാട്ടിൽ സമാധാനം നിലനിൽക്കുകയും വ്യവസായങ്ങൾ കുറച്ചെങ്കിലും വളരാൻ തുടങ്ങുകയും ചെയ്തത്. ഇപ്പോൾ ഇത്തരത്തിലുള്ള അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന സിനിമകൾ തമിഴ്നാടിനെ വീണ്ടും കലാപങ്ങളിലേക്ക് തള്ളിവിടുന്നതിന് തുല്യമായിരിക്കും. ആ സമുദായത്തിൽപ്പെട്ടവർ തന്നെ ഇതിനെ എതിർക്കണം. സിനിമയുടെ കഥ എന്താണെന്നത് പ്രശ്നമല്ല. തലക്കെട്ട് തന്നെ പ്രശ്നമാണ്," എന്നാണ് കൃഷ്ണസ്വാമിയുടെ പ്രതികരണം.

സംവിധായകൻ ലെനിൻ ഭാരതിയും പേരിനെതിരെ ശക്തമായ നിലപാടുമായി രംഗത്തെത്തിയിട്ടുണ്ട്. തെക്കൻ ജില്ലകളിൽ ജാതീയ സംഘർഷങ്ങളും കൊലപാതകങ്ങളും അതിക്രമങ്ങളും തുടരുന്ന സാഹചര്യത്തിൽ 'സണ്ടിയർ' എന്ന പേരിൽ സിനിമ ഒരുക്കുന്നത് സാമൂഹിക ഉത്തരവാദിത്തമില്ലാത്ത നടപടിയാണെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. ജാതിവെറിയെയും അക്രമത്തെയും പ്രോത്സാഹിപ്പിക്കുന്ന പേരാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാമൂഹിക ഐക്യവും അക്രമരഹിതമായ സമൂഹവും ആഗ്രഹിക്കുന്ന എഴുത്തുകാരും കലാകാരന്മാരും സംഘടനകളും പൊതുസമൂഹവും ചിത്രത്തിന്റെ പേര് മാറ്റുന്നതുവരെ പ്രതിഷേധം രേഖപ്പെടുത്തണമെന്നും ലെനിൻ ഭാരതി ആവശ്യപ്പെട്ടിട്ടുണ്ട്.

ചിത്രത്തിന്റെ ആദ്യ പ്രഖ്യാപനത്തിൽ തന്നെ പേരിനും പോസ്റ്ററിനും എതിരെ വിമർശനങ്ങൾ ഉയർന്നതോടെ കമൽഹാസന്റെ പുതിയ സിനിമയുടെ പ്രഖ്യാപനം തമിഴ് സിനിമാ മേഖലയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ചിത്രത്തിന്റെ പേര് മാറ്റുമോ എന്ന കാര്യത്തിൽ അണിയറപ്രവർത്തകരുടെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ലഭിച്ചിട്ടില്ല.

Kamal Haasan’s upcoming film, titled Sandiyar, has sparked controversy over allegations that its name glorifies caste supremacy and violence. The title was previously dropped from Virumaandi following protests 22 years ago. Political leader Krishnasamy and filmmaker Lenin Bharathi have criticised the announcement, warning of possible social consequences.