ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പുതിയ സിനിമയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ടിരിക്കുകയാണ് കമൽ ഹാസൻ. ‘ചിത്ത’ സംവിധായകൻ എസ്. യു. അരുൺ കുമാറുമായി കൈകോർക്കുന്ന വിവരം “Tho Vaaren” എന്ന കുറിപ്പോടെയാണ് താരം പങ്കുവെച്ചത്. തീയുടെ ഇമോജിക്കൊപ്പം സംവിധായകനെ ടാഗ് ചെയ്തതോടെ ഏറെനാളായി ചർച്ചയിലുണ്ടായിരുന്ന കൂട്ടുകെട്ടിനും ഔദ്യോഗിക സ്ഥിരീകരണമായി.
പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് കമൽ ഹാസന്റെ വ്യത്യസ്തമായൊരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പുതിയ സിനിമയുടെ ടെസ്റ്റ് ഷൂട്ടിനിടെ പകർത്തിയതെന്ന പേരിലാണ് ചിത്രം പുറത്തുവന്നത്. ലളിതമായ ഷർട്ടും പാന്റ്സും ധരിച്ച്, കൈയിൽ എറിയാൻ ഉപയോഗിക്കുന്ന തരത്തിലുള്ള കത്തിയുമായി നിൽക്കുന്ന കമലിനെയാണ് ചിത്രത്തിൽ കാണുന്നത്.
പതിവിൽനിന്ന് വ്യത്യസ്തമായ പരുക്കൻ രൂപവും നോട്ടത്തിലെ തീവ്രതയും ആരാധകർക്കിടയിൽ ചർച്ചയായി. കമൽ ഹാസൻ ആക്ഷന് പ്രാധാന്യമുള്ള കഥാപാത്രത്തെയാണോ അവതരിപ്പിക്കുന്നതെന്ന സംശയവും ഇതോടെ ഉയർന്നു. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതിനു പിന്നാലെ, താരത്തിന്റെ കഥാപാത്രത്തിലേക്കുള്ള ആദ്യ സൂചനയായി ഈ ചിത്രത്തെ വിലയിരുത്തുകയാണ് ആരാധകർ. എന്നാൽ പ്രചരിക്കുന്ന ചിത്രം സിനിമയുടെ ഭാഗമാണോ എന്ന കാര്യത്തിൽ അണിയറപ്രവർത്തകർ വ്യക്തത നൽകിയിട്ടില്ല.
തമിഴ് സിനിമയിൽ തന്റേതായ കഥപറച്ചിൽ ശൈലിയിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് എസ്. യു. അരുൺ കുമാർ. ‘പണ്ണയ്യാറും പത്മിനിയും’, ‘സേതുപതി’, ‘ചിത്ത’, ‘വീര ധീര സൂരൻ’ തുടങ്ങിയ ചിത്രങ്ങളാണ് അദ്ദേഹത്തെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനാക്കിയത്. വൈകാരികതയ്ക്കൊപ്പം ശക്തമായ കഥാപാത്രങ്ങളെയും സംഘർഷങ്ങളെയും അവതരിപ്പിക്കുന്നതാണ് അരുൺ കുമാർ സിനിമകളുടെ പ്രത്യേകത.
‘ചിത്ത’ പുറത്തിറങ്ങിയ സമയത്ത് അരുൺ കുമാറിനെയും സിനിമയെയും കമൽ ഹാസൻ അഭിനന്ദിച്ചിരുന്നു. അന്നുമുതൽ ഇരുവരും ഒരു ചിത്രത്തിനായി ഒന്നിക്കുമോ എന്ന ചർച്ചകളും സിനിമാവൃത്തങ്ങളിൽ സജീവമായിരുന്നു. ആ പ്രതീക്ഷകൾക്കാണ് പുതിയ പ്രഖ്യാപനത്തോടെ സ്ഥിരീകരണം ലഭിച്ചിരിക്കുന്നത്.
പുതുതലമുറ സംവിധായകരുമായി ചേർന്ന് വ്യത്യസ്തമായ കഥാപാത്രങ്ങൾ പരീക്ഷിക്കാൻ കമൽ ഹാസൻ സമീപകാലത്ത് കൂടുതൽ താൽപര്യം കാണിക്കുന്നുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘വിക്രം’ നേടിയ വമ്പൻ വിജയത്തിനുശേഷം ‘ഇന്ത്യൻ 2’, മണിരത്‌നത്തിന്റെ ‘തഗ് ലൈഫ്’ എന്നീ ചിത്രങ്ങളിലാണ് അദ്ദേഹം പ്രധാന വേഷത്തിലെത്തിയത്.
എച്ച്. വിനോദ്, അൻബറിവ് എന്നിവരുമായി കമൽ ഹാസൻ സഹകരിക്കുന്ന സിനിമകളെക്കുറിച്ചും നേരത്തെ പ്രഖ്യാപനങ്ങളും റിപ്പോർട്ടുകളും വന്നിരുന്നു. എന്നാൽ അവയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അതേസമയം, എസ്. യു. അരുൺ കുമാർ ചിത്രത്തിന്റെ കഥയോ മറ്റു താരങ്ങളെയോ സാങ്കേതികപ്രവർത്തകരെയോ കുറിച്ചുള്ള വിവരങ്ങളും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
തലമുറകളെ ബന്ധിപ്പിക്കുന്ന ഈ പുതിയ കൂട്ടുകെട്ട് ഏത് തരത്തിലുള്ള സിനിമയുമായാണ് എത്തുകയെന്നറിയാനുള്ള കാത്തിരിപ്പിലാണ് തമിഴ് സിനിമാലോകം. പുറത്തുവന്ന പരുക്കൻ ലുക്ക് സിനിമയുടെ സ്വഭാവത്തിലേക്കുള്ള സൂചനയാണെങ്കിൽ, കമൽ ഹാസനിൽനിന്ന് വീണ്ടും ശക്തമായൊരു കഥാപാത്രത്തെ പ്രതീക്ഷിക്കാമെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
Kamal Haasan has officially confirmed his first collaboration with director S U Arun Kumar after a reported test-shoot still went viral. The image shows Kamal in a rugged look, holding a throwing knife. Plot and cast details remain undisclosed, making the untitled Tamil project one of his most anticipated films.