Entertainment News

റിലീസിന് മുൻപേ കുരുക്കിൽ 'ക്വീൻ 2'; ജിയോസ്റ്റാറിനെതിരെ 250 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫാന്റം സ്റ്റുഡിയോസ്

നിലവിൽ സിനിമയുടെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികളാണ് പുരോഗമിക്കുന്നത്.

Entertainment Desk

2013-ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം 'ക്വീനി'ന്റെ രണ്ടാം ഭാഗമായ 'ക്വീൻ 2' റിലീസിന് മുൻപേ നിയമക്കുരുക്കിൽ. തങ്ങളുടെ അനുമതിയില്ലാതെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം നിർമ്മിക്കുന്നതെന്ന് ആരോപിച്ച് ഫാന്റം സ്റ്റുഡിയോസ് ബോംബെ ഹൈക്കോടതിയെ സമീപിച്ചു. സിനിമയുടെ നിർമ്മാതാക്കളായ ജിയോ സ്റ്റാറിനെതിരെ 250 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ആഴ്‌ചയാണ് 'ക്വീൻ 2'-ന്റെ ചിത്രീകരണം പൂർത്തിയായത്. വികാസ് ബാൽ തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കങ്കണ റണാവത്താണ് നായിക. എന്നാൽ ചിത്രീകരണം പൂർത്തിയായി ദിവസങ്ങൾക്കുള്ളിൽ തന്നെ സിനിമ വിവാദത്തിലാവുകയായിരുന്നു.

ആദ്യ ഭാഗമായ 'ക്വീൻ' സിനിമയുടെ 50 ശതമാനം അവകാശം ഇപ്പോഴും തങ്ങളുടെ പക്കലാണെന്നും, തങ്ങളുടെ യാതൊരുവിധ അനുമതിയും ഇല്ലാതെയാണ് രണ്ടാം ഭാഗം ഒരുക്കുന്നതെന്നുമാണ് ഫാന്റം സ്റ്റുഡിയോസിന്റെ ആരോപണം. സിനിമയുടെ സീക്വൽ, മറ്റ് ഭാഷകളിലേക്കുള്ള മാറ്റം എന്നിവയ്ക്കൊന്നും തങ്ങൾ ഇതുവരെ ആർക്കും അനുമതി നൽകിയിട്ടില്ലെന്നാണ് ഇവരുടെ വാദം.

വിഷയത്തിൽ ഒത്തുതീർപ്പിനായി പലതവണ ജിയോസ്റ്റാറിനെയും വികാസ് ബാലിനെയും സമീപിച്ചെങ്കിലും യാതൊരു പ്രതികരണവും ലഭിക്കാത്തതിനെ തുടർന്നാണ് നിയമനടപടി സ്വീകരിക്കേണ്ടി വന്നത്. നിലവിൽ സിനിമയുടെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികളാണ് പുരോഗമിക്കുന്നത്.

വികാസ് ബാൽ, അനുരാഗ് കശ്യപ്, വിക്രമാദിത്യ മോട്‌വാനെ, മധു മണ്ടേന എന്നിവർ ചേർന്ന് ആരംഭിച്ച ഫാന്റം ഫിലിംസ് ആയിരുന്നു ക്വീൻ സിനിമ നിർമ്മിച്ചത്. ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്ന ചിത്രം മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും നേടിയിരുന്നു.

എന്നാൽ മീ ടൂ (MeToo) വിവാദങ്ങളിൽ വികാസ് ബാലിന്റെ പേര് ഉയർന്നതോടെ കമ്പനിയുടെ സ്ഥാപകർ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടാവുകയും 2019-ൽ ഫാന്റം ഫിലിംസ് പിരിച്ചുവിടുകയും ചെയ്തു. പിന്നീട് 2022-ൽ മധു മണ്ടേനയും നിർമ്മാതാവ് ശീതൾ തൽവാറും ചേർന്നാണ് ഫാന്റം സ്റ്റുഡിയോസ് എന്ന പേരിൽ ഈ നിർമ്മാണക്കമ്പനി പുനരുജ്ജീവിപ്പിച്ചത്.

ക്വീൻ സിനിമയുടെ വൻ വിജയത്തിന് ശേഷം 2018-ൽ നാല് തെന്നിന്ത്യൻ ഭാഷകളിലേക്കുള്ള റീമേക്കുകൾ പ്രഖ്യാപിച്ചിരുന്നു. കങ്കണ അവതരിപ്പിച്ച കഥാപാത്രത്തെ നായികയാക്കി തമിഴിൽ കാജൽ അഗർവാൾ, തെലുങ്കിൽ (ദാറ്റ് ഈസ് മഹാലക്ഷ്മി) തമന്ന ഭാട്ടിയ, മലയാളത്തിൽ (സാം സാം) മഞ്ജിമ മോഹൻ, കന്നഡയിൽ പരുൾ യാദവ് എന്നിവരാണ് അഭിനയിച്ചത്. തമിഴ്, കന്നഡ റീമേക്കുകൾ രമേഷ് അരവിന്ദും തെലുങ്ക് പ്രശാന്ത് വർമ്മയും മലയാളം നീലകണ്ഠനുമാണ് സംവിധാനം ചെയ്തത്.

എന്നാൽ നിർമ്മാണത്തിലെ തർക്കങ്ങളും സെൻസർ ബോർഡിന്റെ ഇടപെടലുകളും കാരണം ഈ നാല് ചിത്രങ്ങളും ഇതുവരെ റിലീസ് ചെയ്തിട്ടില്ല. ആദ്യം സാങ്കേതിക പ്രശ്നങ്ങൾ കാരണം ചിത്രീകരണം വൈകിയപ്പോൾ, പിന്നീട് ചില റീമേക്കുകളിലെ രംഗങ്ങൾക്ക് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) എതിർപ്പ് പ്രകടിപ്പിച്ചു. മനു കുമാരൻ നിർമ്മിച്ച ഈ റീമേക്കുകൾ, ഉടമസ്ഥാവകാശ തർക്കങ്ങളെ തുടർന്ന് ഒടുവിൽ റിലീസ് ചെയ്യാനാകാതെ പോവുകയായിരുന്നു.

അൻവിത ദത്ത് രചിച്ച ആദ്യത്തെ ക്വീൻ സിനിമ, വിവാഹത്തിൽ നിന്ന് പ്രതിശ്രുത വരൻ (രാജ്കുമാർ റാവു) പിന്മാറിയതിനെ തുടർന്ന് ഒറ്റയ്ക്ക് ഹണിമൂണിന് പോകാൻ തീരുമാനിക്കുന്ന കങ്കണയുടെ കഥാപാത്രമായ റാണിയെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു. പാരീസിലേക്കുള്ള തന്റെ യാത്രയ്ക്കിടെ, ലിസ ഹെയ്ഡന്റെ കഥാപാത്രമായ വിജയലക്ഷ്മി ഉൾപ്പെടെ അപ്രതീക്ഷിതമായി പലരുമായും അവൾ സൗഹൃദത്തിലാകുന്നു. ഒടുവിൽ, തന്നോട് ക്ഷമ ചോദിച്ചെത്തുകയും വീണ്ടും വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന പ്രതിശ്രുത വരന് അവൾ വിവാഹമോതിരം തിരികെ നൽകി സ്വന്തം വഴി തിരഞ്ഞെടുക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Just days after wrapping up its shoot, Queen 2, starring Kangana Ranaut and directed by Vikas Bahl, has run into major legal trouble. Phantom Studios has filed a Rs 250 crore lawsuit against the film's producer, JioStar, in the Bombay High Court, alleging that the sequel is completely unauthorized.

Phantom Studios claims that they hold 50% of the rights to the original 2013 blockbuster Queen and did not grant permission for any sequel or derivative work. The production house resorted to legal action after their repeated requests for an out-of-court settlement were ignored by JioStar and Vikas Bahl.