Entertainment News

താപ്സിയെ ‌‘സസ്തി കോപ്പി’യെന്ന് വിളിച്ച് കങ്കണ; മാതാപിതാക്കളെയും വാക്‌പോരിലേക്ക് വലിച്ചിഴച്ച് താരം

താപ്സി അവരുടെ വരാനിരിക്കുന്ന ബി ഗ്രേഡ് ചിത്രത്തിന്റെ പേരിലല്ല, മറിച്ച് തന്റെ പേര് പരാമർശിച്ചുകൊണ്ടാണ് മാധ്യമങ്ങളിൽ വാർത്തയാകുന്നതെന്ന് കങ്കണ പരിഹസിച്ചു.

Entertainment Desk

ബിജെപി എംപി കങ്കണ റണാവത്തും, നടി താപ്സി പന്നുവും തമ്മിലുള്ള വാക്‌പോര് വീണ്ടും സജീവമാകുന്നു. 2019 മുതൽ പരസ്പരം നേരിട്ടും പരോക്ഷമായും വിമർശനങ്ങളുന്നയിച്ചിട്ടുള്ള ഇരുവരും വീണ്ടും ഏറ്റുമുട്ടലിലേക്ക് നീങ്ങിയത് താപ്സി അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിന് പിന്നാലെയാണ്. കങ്കണയെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ തന്നെ വർത്തിയപ്പോൾ പഠിപ്പിച്ച മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് കഴിഞ്ഞ ദിവസം ‘ഇന്ത്യ ടുഡേ’യ്ക്ക് നൽകിയ അഭിമുഖത്തിൽ താപ്സി പറഞ്ഞിരുന്നു.

താപ്സിയുടെ പരാമർശം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് കങ്കണ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പ്രതികരിച്ചത്. താപ്സിയെ ‘സസ്തി കോപ്പി’ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള തന്റെ പഴയ പരാമർശവും കങ്കണ മറുപടിയിൽ കൂട്ടിചേർത്തു. ഇതോടെ ഇരുവരും തമ്മിലുള്ള വർഷങ്ങളായുള്ള വാക്‌പോര് വീണ്ടും ചർച്ചയായിരിക്കുകയാണ്.

ഞായറാഴ്ച രാവിലെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താപ്സിക്കെതിരെ കങ്കണ റണാവത്ത് രൂക്ഷ വിമർശനം ഉന്നയിച്ചത്. താപ്സി അവരുടെ വരാനിരിക്കുന്ന ബി ഗ്രേഡ് ചിത്രത്തിന്റെ പേരിലല്ല, മറിച്ച് തന്റെ പേര് പരാമർശിച്ചുകൊണ്ടാണ് മാധ്യമങ്ങളിൽ വാർത്തയാകുന്നതെന്ന് കങ്കണ പരിഹസിച്ചു. എന്നാൽ ഇത്തവണ താപ്സി എല്ലാ പരിധികളും ലംഘിച്ചുവെന്നും, തന്റെ മാതാപിതാക്കളെ പരസ്യമായി പരിഹസിച്ചുവെന്നും കങ്കണ ആരോപിച്ചു.

എല്ലാ മാതാപിതാക്കളും തങ്ങളാൽ കഴിയുന്നത് പോലെ മക്കളെ ഏറ്റവും മികച്ച രീതിയിൽ വളർത്താനാണ് ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ ഞാൻ ഒരിക്കലും മറ്റൊരു വ്യക്തിയുടെ മാതാപിതാക്കളെ തർക്കങ്ങളിലേക്ക് വലിച്ചിഴയ്ക്കാറില്ല. എന്നാൽ ഇത്തവണ എനിക്ക് താപ്സിയുടെ മാതാപിതാക്കളോടും ഒരു ചോദ്യം ചോദിക്കാനുണ്ട്. എന്നെപ്പോലെ ഒരു ‘ഒറിജിനൽ’ വ്യക്തിയെ എന്തുകൊണ്ടാണ് നിങ്ങൾക്ക് ജനിപ്പിക്കാൻ കഴിയാതിരുന്നത്? പകരം എന്തിനാണ് ഒരു ‘സസ്തി കോപ്പി’യെ ഉണ്ടാക്കിയത്? സത്യം പറഞ്ഞാൽ നിങ്ങളുടെ ശ്രമങ്ങളിൽ എനിക്ക് സഹതാപമുണ്ട്, എന്നാണ് കങ്കണ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ കുറിച്ചത്. എന്നാൽ തൊട്ടു പിന്നാലെ ഈ കുറിപ്പ് നീക്കം ചെയ്യുകയും ചെയ്തു.

ശനിയാഴ്ചയാണ് കങ്കണയെ ചൊടിപ്പിച്ചുകൊണ്ടുള്ള പരാമർശം താപ്സി നടത്തിയത്. കങ്കണയുമായുള്ള തർക്കം അവസാനിപ്പിച്ചോ എന്ന ചോദ്യത്തിന് മറുപടിയായി, താൻ ഇതുവരെ കങ്കണയെ നേരിൽ കണ്ടിട്ടില്ലെന്നായിരുന്നു താപ്സിയുടെ മറുപടി. കങ്കണയെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ തന്നെ വർത്തിയപ്പോൾ പഠിപ്പിച്ച മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണെന്നും, കങ്കണയ്ക്ക് അവരുടേതായ കാഴ്ചപ്പാടുണ്ടെന്നും താപ്സി അഭിമുഖത്തിൽ പറഞ്ഞു.

കങ്കണ റണാവത്തും താപ്സി പന്നുവും തമ്മിലുള്ള വാക്‌പോര് ആരംഭിക്കുന്നത് 2019ലാണ്. കങ്കണ നായികയായെത്തിയ ‘ജഡ്ജ്മെന്റൽ ഹേ ക്യാ’യുടെ ട്രെയിലറിനെ താപ്സി സോഷ്യൽ മീഡിയയിലൂടെ പ്രശംസിച്ചിരുന്നു. എന്നാൽ ട്രെയിലറിനെ അഭിനന്ദിച്ചുകൊണ്ട് താപ്സി പോസ്റ്റ് പങ്കുവെച്ചെങ്കിലും ചിത്രത്തിലെ പ്രധാന താരമായ കങ്കണയുടെ പേര് പരാമർശിച്ചിരുന്നില്ല. ഇവിടെ നിന്നാണ് ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ആരംഭിക്കുന്നത്.

പിന്നാലെ കങ്കണയുടെ സഹോദരിയും അന്നത്തെ അവരുടെ മാനേജരുമായിരുന്ന രംഗോലി ചന്ദേല, താപ്സിയെ ‘സസ്തി കോപ്പി’ എന്ന് വിളിച്ചു. എന്നാൽ ചുരുണ്ട മുടിക്കും തുറന്ന അഭിപ്രായങ്ങൾക്കും കങ്കണയ്ക്ക് മാത്രമായി ‘കോപ്പിറൈറ്റ്’ ഇല്ലെന്നായിരുന്നു ഈ വിഷയത്തിലെ താപ്സിയുടെ മറുപടി. അതേസമയം, അന്ന് ഇന്ത്യയിൽ ഏറ്റവമധികം പ്രതിഫലം വാങ്ങുന്ന നടി കങ്കണയായിരുന്നതിനാൽ താൻ ‘സസ്തി’യാണെന്ന് സമ്മതിക്കുന്നുവെന്നും താപ്സി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

Kangana Ranaut and Taapsee Pannu’s long-running feud has resurfaced after Taapsee commented on Kangana’s upbringing and opinions. Kangana responded by calling Taapsee a “sasti copy” and questioning her parents in a now-deleted Instagram Story. The exchange has reignited their years-old public rivalry, which began in 2019.