Entertainment News

വീണ്ടും ഹൊറര്‍ ചിത്രവുമായി രാഹുല്‍ സദാശിവന്‍; പൃഥ്വിരാജ്-മഞ്ജുവാര്യര്‍ കൂട്ടുകെട്ടില്‍ പുതിയ 'ഒടിയന്‍', നിര്‍മാണ പങ്കാളിയായി കരണ്‍ ജോഹര്‍

19-ാം നൂറ്റാണ്ടിലെ കേരളത്തിലെ നാടോടിക്കഥകളെയും സാംസ്‌കാരിക ഐതിഹ്യങ്ങളെയും അടിസ്ഥാനമാക്കി ഒരുങ്ങുന്ന ബ്രഹ്‌മാണ്ഡ ചിത്രം

Entertainment Desk

മലയാള സിനിമയിലേക്ക് ചുവടുവെച്ച് കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന്'ഒടിയന്‍: ദി ഏജ് ഓഫ് ഇല്ല്യൂഷന്‍' (Odiyan: The Age of Illusion) എന്ന ചിത്രമാണ് ധര്‍മ്മ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്നത്. 19-ാം നൂറ്റാണ്ടിലെ കേരളത്തിലെ നാടോടിക്കഥകളെയും സാംസ്‌കാരിക ഐതിഹ്യങ്ങളെയും അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഒരു ബ്രഹ്‌മാണ്ഡ ചിത്രമായിരിക്കും ഒടിയന്‍. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് കരണ്‍ ജോഹര്‍ ഈ വാര്‍ത്ത പങ്കുവെച്ചത്. 'ഞങ്ങള്‍ ധര്‍മ്മ മൂവീസ് മലയാള സിനിമാ ലോകത്തേക്ക് ആദ്യ ചുവടുവെപ്പ് നടത്തുകയാണ്. ഇതിനായി ഏറ്റവും മികച്ച പങ്കാളികളെത്തന്നെ ലഭിച്ചതില്‍ എനിക്ക് ഏറെ അഭിമാനമുണ്ട്', അദ്ദേഹം കുറിച്ചു.

പൃഥ്വിരാജ് സുകുമാരനും മഞ്ജു വാര്യരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഉള്‍പ്പെടെയുള്ള ഭാഷകളില്‍ പാന്‍-ഇന്ത്യന്‍ റിലീസായാണ് തിയേറ്ററുകളില്‍ എത്തുക. ചിത്രം സൈക്കോളജിക്കല്‍ ത്രില്ലര്‍ ആകും എന്നാണ് പുറത്തുവരുന്ന സൂചനകള്‍. രാഹുല്‍ സദാശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ഒടിയന്‍' എന്ന ഐതിഹ്യത്തെ ആസ്പദമാക്കി വലിയ സ്‌ക്രീനില്‍ ഒരുങ്ങുന്ന രണ്ടാമത്തെ പ്രധാന ചിത്രമാണിത്. നേരത്തെ മോഹന്‍ലാലും മഞ്ജു വാര്യരും പ്രധാന വേഷങ്ങളിലെത്തി ശ്രീകുമാര്‍ മേനോന്‍ 'ഒടിയന്‍' എന്ന പേരില്‍ തന്നെ സിനിമ പുറത്തിറങ്ങിയിരുന്നു. എന്നാല്‍ രാഹുല്‍ സദാശിവന്റെ ഈ പതിപ്പ് ഡാര്‍ക്ക് ഫോക്ക് ഹൊറര്‍ (dark folk horror) ഗണത്തില്‍ ഉള്‍പ്പെട്ടതാണ്.

'ഭൂതകാലം', 'ഭ്രമയുഗം', 'ഡയസ് ഇറേ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹൊറര്‍ സിനിമകളുടെ മാസ്റ്ററായ രാഹുല്‍ സദാശിവന്‍ ഈ ഴോണറില്‍ ഒരുക്കുന്ന അടുത്ത ചിത്രമാണ് ഒടിയന്‍. മൂന്ന് ചിത്രങ്ങളും അവയുടെ മികച്ച സൃഷ്ടി കൊണ്ടും റിയലിസ്റ്റിക് ആയ കഥ പറച്ചില്‍ രീതി കൊണ്ടും ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു. 'നാടോടിക്കഥകള്‍ എപ്പോഴും ഭയത്തിന്റെ വലിയൊരു ഉറവിടമാണ്, കാരണം അവ ഓര്‍മ്മകള്‍ക്കും വിശ്വാസങ്ങള്‍ക്കും ഭാവനകള്‍ക്കും ഇടയിലാണ് നിലനില്‍ക്കുന്നത്. 'ഒടിയന്‍: ദി ഏജ് ഓഫ് ഇല്ല്യൂഷന്‍' എന്ന ചിത്രത്തിലൂടെ കേരളത്തിലെ ഏറ്റവും ജനപ്രിയമായ ഒരു ഐതിഹ്യത്തെ പുനരവതരിപ്പിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഒപ്പം നിഗൂഢതയും വൈകാരികതയും നിറഞ്ഞ ഒരു സിനിമാറ്റിക് ഭാഷയിലൂടെ അതിന് ജീവന്‍ നല്‍കാനും', രാഹുല്‍ സദാശിവന്‍ പറഞ്ഞു.

തന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണിതെന്നും ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെയും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും പിന്തുണ ഈ കഥയ്ക്ക് അര്‍ഹിക്കുന്ന വലിയൊരു ക്യാന്‍വാസ് നല്‍കുന്നുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 'സത്യത്തിനും മിഥ്യയ്ക്കും ഇടയിലുള്ള പോരാട്ടം ഉടന്‍ ആരംഭിക്കുന്നു' എന്നാണ് ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് കുറിച്ചത്. കരണ്‍ ജോഹര്‍, അദര്‍ പൂനവാല, അപൂര്‍വ മേത്ത, സുപ്രിയ മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ധര്‍മ്മ പ്രൊഡക്ഷന്‍സില്‍ നിന്ന് അദര്‍ പൂനവാലയും അപൂര്‍വ മേത്തയും നിര്‍മ്മാണ പങ്കാളികളാകുന്നു.

മലയാള സിനിമയുടെ കഥപറച്ചില്‍ ശൈലിയോടുള്ള ആദരവാണ് ഈ ചിത്രത്തിലൂടെ പ്രകടിപ്പിക്കുന്നതെന്ന് ധര്‍മ്മ പ്രൊഡക്ഷന്‍സ് മേധാവി കരണ്‍ ജോഹര്‍ വ്യക്തമാക്കി. കേരളത്തിന്റെ സാംസ്‌കാരിക സ്വത്വത്തിന്റെ ഭാഗമായ ഒടിയന്റെ കഥ ഏറ്റവും മികച്ച രീതിയില്‍ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് പൃഥ്വിരാജ് സുകുമാരനും പറഞ്ഞു. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

Karan Johar has announced Dharma Productions’ first venture into Malayalam cinema with ‘Odiyan: The Age of Illusion’, co-produced with Prithviraj Sukumaran’s production house. The film is based on Kerala’s 19th-century folklore and cultural legends surrounding the mythical Odiyan. Starring Prithviraj Sukumaran and Manju Warrier, the movie is being directed by Rahul Sadasivan and is expected to be a psychological thriller with strong dark folk horror elements. It will be released as a pan-Indian film in Malayalam, Hindi, Tamil, Telugu, and Kannada.