Entertainment News

'അവൻ എഴുതിയ പാട്ട് കൊറേ ആൾക്കാർ ഇപ്പോ കേൾക്കുന്നുണ്ട്'; വൈറലായി കാർത്തിക്കിന്റെ കുറിപ്പ്

ക്രിഞ്ച് പിക്കപ്പ് ലൈന്‍ വിട്ടു, ഇനി ഗാനരചയിതാവാണ്!

Madism Desk

ന്യൂജനറേഷൻ പാട്ടെഴുത്തുകാർ മലയാള സിനിമ തകർത്തുവാഴുന്ന കാലമാണിത്. ഹുക്കുകളും പിക്കപ്പ് ലൈനുകളുമെല്ലാം വരികളാവുമ്പോൾ പുതുതലമുറയുടെ സം​ഗീതത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അത്തരം പാട്ടെഴുത്തുകാരിൽ വളരെ ചെറിയ കാലംകൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയ വ്യക്തിയാണ് കാർത്തിക്. ക്രിഞ്ച് പിക്കപ്പ് ലൈനുകളും, ചളുവടികലുമായി ടെലിവിഷൻ സോഷ്യൽ മീഡിയാ പ്രേക്ഷകർക്കിടയിൽ നേരത്തെ തന്നെ കാർത്തിക് സുപരിചതനാണ്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന എന്ന ചിത്രത്തിലൂടെ തിരശ്ശീലയിലും കാർത്തിക് വരവറിയിച്ചിട്ടുണ്ട്. ഇൻഡസ്ട്രി റെക്കോർഡ് ചിത്രം വാഴ-2വിലെ 'ബൊമ്മാലെ'എന്ന ഗാനം എഴുതിയിരിക്കുന്നത് കാർത്തിക്കാണ്.

'പ്രേമവതി തീ തീ…' എന്ന ഗാനമാണ് കാർത്തിക്കിനെ ​ഗാനരചയിതാവ് എന്ന നിലയിൽ മലയാളിക്ക് സുചരിചതനാക്കുന്നത്. ഇൻസ്റ്റാ​ഗ്രാമിൽ ആഴ്ച്ചകളോളം ട്രെൻഡിങ് ലിസ്റ്റിലായിരുന്നു പ്രേമവതി. അതിഭീകര കാമുകന് വേണ്ടി തന്നെ രചിച്ച 'ഡെലുലു ഡെലുലു'വും വലിയ ഹിറ്റായതോടെ ന്യൂജനറേഷൻ പാട്ടെഴുത്തുകാരുടെ പട്ടികയിൽ കാർത്തിക്കിന് വേറിട്ട ഒരിടവും ലഭിച്ചു. വളരെ ചെറിയ കാലം മുതൽ പാട്ടെഴുതാനുള്ള ആ​ഗ്രഹമുണ്ടായിരുന്നുവെന്ന് കഴിഞ്ഞ ​ദിവസം കാർത്തിക് ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചിരുന്നു. ബാലരമയിൽ കുട്ടിക്കവിത എഴുതാൻ ശ്രമിച്ച പ​രാജയപ്പെട്ട അഞ്ചാം ക്ലാസുകാരന്റെ അനുഭവമാണ് കാർത്തിക് കുറിപ്പിലൂടെ പങ്കുവെച്ചിരിക്കുന്നത്.

കാർത്തിക് പങ്കുവെച്ച കുറിപ്പ്

അമ്മാ ഞാൻ അയച്ചു കൊടുത്ത കവിത ഇന്ന് ബാലരമയിൽ വരും. കൊറേ പിള്ളേർടെ പേരും അവർ എഴുതിയ ചെറിയ പൂച്ചെന്റെയോ തവളെടെയോ ഒക്കെ കവിത എല്ലാ ആഴ്ചയും ബാലരമേടെ ലാസ്റ്റ് പേജിൽ വരുന്നത് കണ്ട 5 ആം ക്ലാസുകാരന്റെ മനസ്സിലും തോന്നി അവന്റെ കവിതേം നാല് പേരു വായ്ക്കണമെന്നു! അങ്ങനെ 7 തലതെറിച്ച പുള്ളേർ ഉണ്ടായിരുന്ന അമ്മു പൂച്ചയെ പറ്റി അവൻ എഴുതി അയച്ചു.!

അടുത്ത ലക്കം ബാലരമയിൽ 100 പേജ് പത്തു വട്ടം മറിച്ചു നോക്കിട്ടും അവന്റെ കവിത അതിൽ കണ്ടില്ല. അടുത്ത ആഴ്ച വരും എന്ന് 2 മാസം കാത്തിരുന്നു, അന്ന് പല കുട്ടികൾടെയും പൂച്ച കവിത കണ്ടു അസൂയ പെട്ടിരുന്ന 5ആം ക്ലാസ്സുകാരൻ ഇന്ന് സന്തോഷിക്കുന്നുണ്ടാവും.

അവൻ എഴുതിയ പാട്ട് കൊറേ ആൾക്കാർ ഇപ്പോ കേൾക്കുന്നുണ്ട്.

English Summary: Karthik shared a heartfelt social media note recalling how he waited months as a fifth-grade student for his poem to be published in Balarama. Though the poem never appeared, he says that child would be happy today knowing many people now listen to the songs he writes. The emotional post has gone viral online.