Entertainment News

ആഘോഷങ്ങളുടെ മൂല്യവും സംസ്‌കാരവും ഹൃദയത്തിലാണ്, അല്ലാതെ കഴുത്തിന്റെ അതിരുകളിലല്ല; രക്ഷാബന്ധന്‍ വിവാദത്തില്‍ പ്രതികരിച്ച് കൃതി സനോണ്‍

'സ്ത്രീകള്‍ എന്ത് ധരിക്കണമെന്ന് പറയുന്നത് നമ്മള്‍ എന്നാണ് അവസാനിപ്പിക്കുക?'

Entertainment Desk

രക്ഷാബന്ധന്‍ ആഘോഷവുമായി ബന്ധപ്പെട്ട ജ്വല്ലറി പരസ്യത്തിലെ വസ്ത്രധാരണത്തിന്റെ പേരില്‍ നേരിട്ട സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി ബോളിവുഡ് നടി കൃതി സനോണ്‍. ആഘോഷങ്ങളുടെ യഥാര്‍ഥ സംസ്‌കാരവും പാരമ്പര്യവും ഒരാളുടെ വസ്ത്രധാരണത്തിലല്ലെന്നും ഹൃദയത്തിലാണെന്നും താരം വ്യക്തമാക്കി. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് സൈബര്‍ അധിക്ഷേപങ്ങള്‍ക്കെതിരെ താരം പ്രതികരിച്ചത്.

പരസ്യ ചിത്രത്തില്‍ ബ്രാലെറ്റ് മാതൃകയിലുള്ള ബ്ലൗസും കേപ്പും ഡ്രേപ്ഡ് സ്‌കര്‍ട്ടും ധരിച്ച് കൃതി സനോണ്‍ എത്തിയത്. താരം സഹോദരനും വളര്‍ത്തുനായയ്ക്കും രാഖി കെട്ടുന്നതാണ് പരസ്യത്തില്‍ കാണിക്കുന്നത്. പരസ്യം പുറത്തുവന്നതിന് പിന്നാലെ രക്ഷാബന്ധന്‍ പരസ്യത്തില്‍ ഇത്തരമൊരു വസ്ത്രധാരണം അനുയോജ്യമല്ലെന്നും ഇത് സംസ്‌കാരത്തിന് നിരക്കാത്തതാണെന്നും ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ആളുകള്‍ താരത്തിനെതിരെ വിമര്‍ശനം ഉന്നയിക്കുകയായിരുന്നു.

'ആഘോഷങ്ങളുടെ മൂല്യം നിങ്ങള്‍ ധരിക്കുന്ന വസ്ത്രങ്ങളിലല്ല, മറിച്ച് പാരമ്പര്യങ്ങളോട് നിങ്ങള്‍ വെച്ചുപുലര്‍ത്തുന്ന വികാരങ്ങളിലാണ്. രക്ഷാബന്ധന്‍ എന്നത് പരസ്പരം സംരക്ഷിക്കുമെന്ന ബന്ധത്തിന്റെ പ്രതീകമാണ്. ഞാനും എന്റെ സഹോദരിയും പരസ്പരം രാഖി കെട്ടാറുണ്ട്. സഹോദരനെപ്പോലെ പരസ്പരം സംരക്ഷിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്കറിയാം. പരസ്പരം ആരോഗ്യത്തിനും സന്തോഷത്തിനും ആയുര്‍ദൈര്‍ഘ്യത്തിനും വേണ്ടി ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു', നടി കുറിച്ചു. 'ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ പ്രാര്‍ഥനയും വാഗ്ദാനവും ഞങ്ങളുടെ വളര്‍ത്തുനായകള്‍ക്കും കൂടിയുള്ളതാണ്. എല്ലാത്തിനുമുപരി, അവരും ഞങ്ങളുടെ കുടുംബമാണ്', കൃതി പറഞ്ഞു.

'സ്ത്രീകള്‍ എന്ത് ധരിക്കണമെന്ന് പറയുന്നത് നമ്മള്‍ എന്നാണ് അവസാനിപ്പിക്കുക? കാലങ്ങള്‍ കടന്നുപോകുമ്പോള്‍ എത്നിക് ഫാഷനില്‍ മാറ്റങ്ങളുണ്ടായിട്ടുണ്ട്. എന്നിട്ടും ഒരു സ്ത്രീക്ക് അവളുടെ സംസ്‌കാരത്തോടുള്ള ബഹുമാനം ഇപ്പോഴും അളക്കുന്നത് അവളുടെ വസ്ത്രങ്ങള്‍ വെച്ചാണ്. സംസ്‌കാരവും പാരമ്പര്യവും ഹൃദയത്തിലാണ്, അല്ലാതെ കഴുത്തിന്റെ ആകൃതിയിലോ വസ്ത്രത്തിലോ അല്ല', അവര്‍ കൂട്ടിച്ചേര്‍ത്തു.

പരസ്യത്തിലെ വസ്ത്രധാരണത്തിനെതിരെ കൃതിക്കെതിരെ വിമര്‍ശനവുമായി നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണൗട്ട് ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. മറ്റ് വസ്ത്രങ്ങള്‍ ഉണ്ടെന്നിരിക്കെ സഹോദരന് ബിക്കിനിയോ അടിവസ്ത്രമോ ധരിച്ചുകൊണ്ടാണോ ഒരാള്‍ രാഖി കെട്ടേണ്ടത് എന്നായിരുന്നു കങ്കണയുടെ ചോദ്യം. പരസ്യം അറപ്പുളവാക്കുന്നതാണെന്നും കങ്കണ പറഞ്ഞിരുന്നു. വസ്ത്രധാരണത്തില്‍ അതിരുകള്‍ വേണമെന്ന് ഉപദേശിച്ച കങ്കണ, പരസ്യത്തിന്റെ ആശയം തികച്ചും അനുചിതമാണെന്ന് തുറന്നടിക്കുകയും ചെയ്തു.

Bollywood actor Kriti Sanon has responded to online criticism over her outfit in a Raksha Bandhan jewellery advertisement, saying that the true value of culture and tradition lies in people's hearts and emotions, not in what they wear. Kriti appeared in the advertisement wearing a bralette-style blouse, cape and draped skirt while tying rakhi to her brother and pet dog. Following the release of the campaign, she faced criticism on social media, with some users claiming that her outfit was inappropriate for a Raksha Bandhan advertisement.