Entertainment News

'ലാലേട്ടൻ എന്റെ കൈയിൽ പിടിച്ച് ഓടി, ആ നിമിഷം ഒരിക്കലും മറക്കില്ല'; യോദ്ധ ഷൂട്ടിനിടെ ഉണ്ടായ അനുഭവം പങ്കുവച്ച് മധുബാല

മദ്യപിച്ചെത്തിയ ഒരു വലിയ ജനക്കൂട്ടം തങ്ങളുടെ തൊട്ടടുത്ത്, വെറും മൂന്ന് പടികൾ മാത്രം അകലെയെത്തി.

Entertainment Desk

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിലൊന്നാണ് സംഗീത് ശിവൻ സംവിധാനം ചെയ്ത 'യോദ്ധ'. മോഹൻലാൽ നായകനായെത്തിയ ഈ ക്ലാസിക് ചിത്രത്തിൽ മധുബാലയായിരുന്നു നായിക. ഇപ്പോഴിതാ, സിനിമയിലെ സൂപ്പർഹിറ്റ് ഗാനമായ 'കുനു കുനെ ചെറു കുറുനിരകൾ...' ചിത്രീകരിക്കുന്നതിനിടെയുണ്ടായ തന്റെയൊരു മറക്കാനാവാത്ത അനുഭവം പങ്കുവെയ്ക്കുകയാണ് താരം.

ആ ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ മദ്യപിച്ചെത്തിയ ഒരു വലിയ ജനക്കൂട്ടത്തിന് നടുവിൽ താൻ അകപ്പെട്ടുപോയെന്നും, അവിടെനിന്ന് മോഹൻലാൽ ആണ് തന്നെ സുരക്ഷിതമായി രക്ഷിച്ചതെന്നും താരം ഓർത്തെടുക്കുന്നു. തന്റെ പുതിയ ചിത്രമായ 'ചിന്ന ചിന്ന ആസൈ'യുടെ പ്രൊമോഷന്റെ ഭാഗമായി പേർളി മാണിയുമായുള്ള അഭിമുഖത്തിലാണ് നടി മധു 1992-ൽ പുറത്തിറങ്ങിയ 'യോദ്ധ' സിനിമയുടെ സെറ്റിലുണ്ടായ ഈ അനുഭവം പങ്കുവെച്ചത്.

അവിടെ എന്താണ് സംഭവിക്കുന്നതെന്ന് ലാലേട്ടൻ പെട്ടെന്ന് തിരിച്ചറിഞ്ഞു, അദ്ദേഹം ഉടൻ തന്നെ എന്റെ ഒരു കൈയിൽ പിടിച്ചു. സന്തോഷ് ശിവന്റെ സഹായിയായ ബിജോയ് എന്റെ മറുകൈയിലും പിടിച്ചു. അവർ എന്നെയും കൂട്ടി ക്ഷേത്രത്തിന്റെ പടവുകൾ താഴേക്ക് ചാടിയിറങ്ങി

മധു ഉൾപ്പെടുന്ന രംഗങ്ങൾ അടക്കം സിനിമയുടെ ഭൂരിഭാഗവും നേപ്പാളിലായിരുന്നു ചിത്രീകരിച്ചത്. തന്റെ സിനിമാ ജീവിതത്തിൽ ആദ്യമായായിരുന്നു ഷൂട്ടിംഗിനായി വിദേശത്ത് പോകുന്നതെന്ന് മധു ഓർക്കുന്നു. പതിവിന് വിപരീതമായി അച്ഛന് ഒപ്പം വരാൻ സാധിക്കാത്തതിനാൽ നേപ്പാളിൽ താൻ തികച്ചും ഒറ്റയ്ക്കായിരുന്നു. ആ സമയത്ത് വല്ലാതെ ഹോംസിക്‌നെസ് ഉണ്ടായിരുന്നതായും മധുബാല പറയുന്നു. ''രാജ്യത്തിന് പുറത്ത് ഒറ്റയ്ക്ക് നിൽക്കുകയല്ലേ. പക്ഷേ അവിടെ എന്നെ ഏറ്റവും കൂടുതല്‍ കംഫര്‍ട്ടബിള്‍ ആക്കിയത് സംവിധായകന്‍ സന്തോഷ് ശിവനാണ്, കാരണം ഞങ്ങളൊന്നിച്ച് മുൻപ് റോജയിൽ വർക്ക് ചെയ്തിരുന്നു.''

നേപ്പാളിലെ ഒരു മാർക്കറ്റ് പ്രദേശത്തുള്ള ക്ഷേത്രത്തിന് മുകളിൽ വെച്ചായിരുന്നു ആ പാട്ടിന്റെ ചിത്രീകരണം. അവിടെ വൈകുന്നേരം ആറ് മണി കഴിഞ്ഞാൽ ആളുകൾ മദ്യപിക്കുന്നത് പതിവായിരുന്നു. ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ ഒരു കൂട്ടം ആളുകൾ പടികൾ കയറി മുകളിലേക്ക് വരുന്നത് മധുവിന്റെ ശ്രദ്ധയിൽ പെട്ടു. സഹായികളോട് ചോദിച്ചപ്പോൾ 'അങ്ങനെയൊന്നുമില്ല' എന്നായിരുന്നു മറുപടി. എന്നാൽ പെട്ടെന്നാണ് കാര്യങ്ങൾ കൈവിട്ടുപോയത്. മദ്യപിച്ചെത്തിയ ഒരു വലിയ ജനക്കൂട്ടം തങ്ങളുടെ തൊട്ടടുത്ത്, വെറും മൂന്ന് പടികൾ മാത്രം അകലെയെത്തി.

"അവിടെ എന്താണ് സംഭവിക്കുന്നതെന്ന് ലാലേട്ടൻ പെട്ടെന്ന് തിരിച്ചറിഞ്ഞു, അദ്ദേഹം ഉടൻ തന്നെ എന്റെ ഒരു കൈയിൽ പിടിച്ചു. സന്തോഷ് ശിവന്റെ സഹായിയായ ബിജോയ് എന്റെ മറുകൈയിലും പിടിച്ചു. അവർ എന്നെയും കൂട്ടി ക്ഷേത്രത്തിന്റെ പടവുകൾ താഴേക്ക് ചാടിയിറങ്ങി, ആ വലിയ ജനക്കൂട്ടത്തിനിടയിലൂടെ താഴെ കാത്തു കിടന്നിരുന്ന കാറിലേക്ക് എന്നെ എത്തിച്ചു. അവിടെ നിന്ന് അവർ എന്നെ നേരെ പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്.

തികച്ചും നിയന്ത്രണം വിട്ടൊരു ജനക്കൂട്ടമായിരുന്നു അത്. എനിക്കൊപ്പം ഡാൻസ് കളിക്കാൻ ആറോ എട്ടോ പെൺകുട്ടികൾ മാത്രമാണുണ്ടായിരുന്നത്. ഞങ്ങൾ എല്ലാവരും കൂടിയാണ് പൊലീസ് സ്റ്റേഷനിലേക്ക് പോയത്. അവിടെ വെച്ച് ഞാൻ എന്റെ അച്ഛനെ ഫോൺ വിളിച്ച് നടന്ന കാര്യങ്ങളൊക്കെ പറഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നു," മധു കൂട്ടിച്ചേർത്തു. യോദ്ധയുടെ ലൊക്കെഷനില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത അനുഭവമായിരുന്നു അതെന്നും മധു പറയുന്നു.

Actress Madhoo recently recounted a terrifying incident from the sets of the 1992 Malayalam classic Yodha. While shooting the popular song 'Kunu Kune' in Nepal, she was surrounded by an unruly, drunk crowd. Actor Mohanlal, along with cinematographer Santosh Sivan's assistant Bijoy, quickly stepped in, held her hands, and safely escorted her through the mob to a waiting car. Madhoo recalled how Mohanlal's timely intervention and care ensured her safety, an experience she says she will never forget.