യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ സിനിമ മേഖലയ്ക്ക് നല്‍കിയ പരിഗണനകളെ സ്വാഗതം ചെയ്ത് താരങ്ങളും നിര്‍മാതാക്കളും. സിനിമയെ വ്യവസായമായി അംഗീകരിച്ചതുള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങള്‍ മലയാള സിനിമ കാലങ്ങളായി കാത്തിരുന്നവയായിരുന്നു എന്നുമാണ് ഈ മേഖലലുള്ള പ്രമുഖര്‍ ഉള്‍പ്പെടെ പ്രതികരിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് മോഹന്‍ലാലാണ് ആദ്യം പ്രതികരിച്ചത്. സിനിമ മേഖലയെ കൈപിടിച്ചുയര്‍ത്താന്‍, കള്‍ച്ചറല്‍ പാര്‍ക്ക് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. ഈ പദ്ധതികള്‍ സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ചയാണ്. സിനിമയെ ഒരു വ്യവസായമായി പരിഗണിക്കാനുള്ള നടപടികളെടുക്കുമെന്ന പ്രഖ്യാപനം ആയിരക്കണക്കിന് സിനിമാപ്രവര്‍ത്തകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുമെന്നും മോഹന്‍ലാല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
മലയാളസിനിമയുടെ സ്രഷ്ടാവ് എന്നുതന്നെ വിളിക്കാവുന്ന വ്യക്തിത്വമാണ് ജെ.സി.ഡാനിയേല്‍. അദ്ദേഹത്തിന്റെ പേരില്‍ കൊച്ചിയില്‍ ഫിലിംസിറ്റി സ്ഥാപിക്കുമെന്നും സിനിമയെ വ്യവസായമാക്കുമെന്നുമുള്ള സര്‍ക്കാരിന്റെ വാക്ക് 'സെല്ലുലോയ്ഡി'നെ തൊട്ടുനില്കുന്ന ഒരാളെന്നെ നിലയില്‍ സന്തോഷവും അഭിമാനവും ആത്മവിശ്വാസവും നല്‍കുന്നതാണെന്ന് നടന്‍ പൃഥ്വിരാജ് പ്രതികരിച്ചു. ആന്റി പൈറസി സെല്‍ രൂപവത്കരിക്കുമെന്ന പ്രഖ്യാപനം സിനിമാമേഖലയ്‌ക്കൊരു രക്ഷാകവചമാകുമെന്ന് പ്രതീക്ഷിക്കാം. അന്താരാഷ്ട്രചലച്ചിത്രോത്സവത്തിന് സ്ഥിരം വേദിയെന്നതുള്‍പ്പെടെ പ്രഖ്യാപനങ്ങളും മലയാള സിനിമയ്ക്ക് ലഭിച്ച സമ്മാനമാണെന്നും പൃഥ്വിരാജ് ചൂണ്ടിക്കാട്ടി.
സിനിമാമേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ ചരിത്രത്തിലാദ്യമായി ബജറ്റില്‍ പ്രഖ്യാപിച്ച സര്‍ക്കാരിനും മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും നന്ദി പറഞ്ഞ് നിര്‍മാതാവ് ആന്റോ ജോസഫും രംഗത്തെത്തി.
സിനിമയെ വ്യവസായി പ്രഖ്യാപിക്കണമെന്നത് കാലങ്ങളായി സിനിമാപ്രവര്‍ത്തകര്‍ ഉയര്‍ത്തുന്ന ആവശ്യമായിരുന്നു. പക്ഷേ ആരും ഇതേവരെ അത് ചെവിക്കൊണ്ടിരുന്നില്ല. പക്ഷേ പുതുയുഗ കേരളം ലക്ഷ്യമിടുന്ന വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ ആദ്യ ബജറ്റില്‍ തന്നെ ആ ചരിത്രപ്രഖ്യാപനം നടത്തിയിരിക്കുന്നു. വ്യവസായ പദവി കിട്ടുന്നതോടെ സിനിമയുടെ സമസ്തമേഖലകളിലും വളര്‍ച്ചയ്ക്കുള്ള കളമൊരുങ്ങും എന്നാണ് ആന്റോ ജോസഫ് പറയുന്നത്.
നഷ്ടക്കണക്കുകളില്‍ ഉഴലുന്ന ചലച്ചിത്ര രംഗത്തിന് ജീവശ്വാസം കിട്ടുന്നതാണ് ഈ പ്രഖ്യാപനങ്ങള്‍. ഈ ചുവടുവയ്പ് കാലത്തിന്റെ ആവശ്യം കൂടിയായിരുന്നു. ആയിരങ്ങള്‍ക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അര്‍ഹമായ പരിഗണന ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ജെ.സി.ഡാനിയേലിന്റെ പേരില്‍ കൊച്ചിയില്‍ ഫിലിം സിറ്റിക്കായി 100 കോടി വകയിരുത്തിയ തീരുമാനവും സിനിമാമേഖലയോട് ഈ സര്‍ക്കാരിനുള്ള കരുതലിന്റെ മറ്റൊരു അടയാളമാണ്. നമ്മുടെ സിനിമകളൊരുക്കാന്‍ മറ്റ് നാടുകള്‍ തേടിപ്പോകേണ്ട അവസ്ഥ ഇതോടെ അവസാനിക്കും. ചലച്ചിത്രോത്സവത്തിന് സ്ഥിരമായ വേദിയും, ദേശീയ അന്തര്‍ദേശീയ സിനിമാ നിര്‍മാണത്തെ ആകര്‍ഷിക്കുന്നതിനുള്ള അന്തരീക്ഷവും ഒരുക്കുമെന്ന പ്രഖ്യാപനവും ആന്റി പൈറസി സെല്‍ രൂപീകരിക്കുമെന്ന വാഗ്ദാനവും സിനിമാപ്രവര്‍ത്തകര്‍ക്ക് നല്കുന്ന ആത്മവിശ്വാസവും ആര്‍ജവവും ചെറുതല്ല. സിനിമയെ കൈവെള്ളയിലെന്നോണം കാത്ത സര്‍ക്കാരിനോട് കടപ്പാടും സ്‌നേഹവുമുണ്ടെന്നും ആന്റോ ജോസഫ് പറഞ്ഞു.
Actors, filmmakers, and producers have welcomed the special focus given to the film industry in the first budget of the UDF government. Industry representatives said that key announcements, including granting industry status to cinema, were long-standing demands of the Malayalam film sector. Prominent personalities from the industry noted that the budget measures could help strengthen film production, attract investment, create employment opportunities, and support the overall growth of Kerala's entertainment sector.