നടൻ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള ചോദ്യത്തിൽ നിന്നും ചിരിച്ചു കൊണ്ട് ഒഴിഞ്ഞു മാറുന്ന മമ്മൂട്ടിയുടെ വീഡിയോ വൈറലാവുന്നു. ചെന്നൈ എയർപോർട്ടിൽ നിന്നും പുറത്തേക്ക് വരുന്നതിനിടയിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെയും തമിഴ്നാട്ടിലെയും നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞിരിക്കുകയാണ്. നടൻ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് അങ്ങേയ്ക്ക് എന്താണ് പറയാനുള്ളത് എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ചിരിച്ചു കൊണ്ട് തമിഴിൽ, ക്ഷമിക്കണം എനിക്ക് അതുമായി ബന്ധപ്പെട്ട് ഒന്നും അറിയില്ല എന്നായിരുന്നു അദ്ദേഹം നടത്തിയ പ്രതികരണം. അതിനപ്പുറം ഒരു സംഭാഷണത്തിന് മുതിരാതെ അദ്ദേഹം അവിടെ നിന്ന് പോവുകയായിരുന്നു. ഒരു ചെറിയ ചിരിയോടെയുള്ള മമ്മൂട്ടിയുടെ ഈ പ്രതികരണം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.
എന്നാൽ, സമ്മിശ്ര പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് താഴെ എത്തുന്നത്. മമ്മൂക്ക ബുദ്ധിപൂർവ്വം ഒഴിഞ്ഞു മാറി എന്ന തുടങ്ങി കൗതുകകരമായ നിരവധി കമെന്റുകളാണ് നിറയുന്നത്. മെയ് ഒന്നിന് റിലീസാവാനിരിക്കുന്ന 'പേട്രിയറ്റി'ന്റെ പ്രചാരണവുമായി ബന്ധപ്പെട്ടാണോ അദ്ദേഹം തമിഴ്‌നാട്ടിൽ എത്തിയതെന്ന് വ്യക്തമല്ല.
മഹേഷ് നാരായണന്റെ സംവിധാനത്തിൽ മമ്മൂട്ടിയും മോഹൻലാലും 19 വർഷത്തിനുശേഷം ഒരുമിക്കുന്ന, ചിത്രമാണ് 'പേട്രിയറ്റ്'. മെയ് ഒന്നിന് ആഗോള തലത്തിൽ റിലീസ് ചെയ്യുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ്. രേവതി, ഫഹദ് ഫാസിൽ. ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍ എന്നിവരും പേട്രിയറ്റിലെ പ്രധാന കഥാപാത്രങ്ങളാണ്. മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടുന്ന സംവിധായകനും തിയേറ്റർ ആര്‍ട്ടിസ്റ്റുമായ പ്രകാശ് ബെലവാടിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
English Summary: Mammootty avoided commenting on Vijay’s political entry with a smile, saying he was unaware of the matter. The video of his reaction at Chennai airport has gone viral, drawing mixed responses. Meanwhile, his upcoming film ‘Patriot’ is set for a global release on May 1.