'ഫാലിമി'ക്കു ശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ജൂൺ ആദ്യവാരം ആരംഭിക്കും. ഷൂട്ടിങ് ആരംഭിക്കുന്ന വിവരം സംവിധായകൻ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. 'ഉടൻ ആരംഭിക്കുന്നു' എന്ന ക്യാപ്ഷനോടെ സംവിധായകൻ മമ്മൂട്ടിയുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.
മമ്മൂട്ടി കമ്പനിയാണ് ഈ ചിത്രം നിർമിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 100 ദിവസത്തോളം ചിത്രീകരണമുണ്ടാകും. ഈ വർഷം തന്നെ റിലീസ് ചെയ്യാനാണ് തീരുമാനം.
വൻ താരനിരയാണ് മമ്മൂട്ടി ചിത്രത്തിലുള്ളത്. ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീൻ, അൽഫോൺസ് പുത്രൻ എന്നിവർ ഈ സിനിമയുടെ ഭാഗമാകുമെന്നാണ് വിവരം.
പുരുഷ കേന്ദ്രീകൃത കഥയായിരിക്കുമെങ്കിലും കഥാഗതിയെ മുന്നോട്ടു നയിക്കുന്നത് ഒൻപത് വയസ്സുകാരിയായ പെൺകുട്ടിയുടെ കഥാപാത്രമായിരിക്കും. ചിത്രത്തിൽ നായിക കഥാപാത്രമില്ല. കേരള-തമിഴ്‌നാട് ബോർഡർ പശ്ചാത്തലമാക്കി ഒരുങ്ങുന്ന സിനിമയിൽ മമ്മൂട്ടി ഒരു ഗ്യാങ്സ്റ്റർ ആയിട്ടാണ് എത്തുന്നത്.
രാജമാണിക്യം പോലെ വളരെ വ്യത്യസ്തവും ഹ്യൂമർ ഉള്ള തരത്തിലുമായിരിക്കും മമ്മൂട്ടി കഥാപാത്രത്തിന്റെ സംസാരശൈലി. സിനിമയ്ക്കായി ഒരു 'ഫിക്ഷണൽ ലോകം' (സങ്കൽപ്പ ലോകം) സൃഷ്ടിച്ചായിരിക്കും ചിത്രീകരണമെന്ന് സംവിധായകൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ആക്ഷനും വലിയ പ്രാധാന്യമുണ്ടായിരിക്കും. നിതീഷിനൊപ്പം അനുരാജ് ഒ.ബി കൂടി ചേർന്നാണ് മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥ. അഗ്നിവേശ് രഞ്ജിത്താണ് പ്രൊജക്ട് ഡിസൈനർ.
English summary:
Mammootty’s upcoming film with director Nithish Sahadev, after Falimy, will begin shooting in June and is expected to be the most expensive project produced by Mammootty Kampany. The film features a strong ensemble cast including Joju George, Suraj Venjaramoodu, Sharafudheen, and Alphonse Puthren. Set in a fictional world along the Kerala–Tamil Nadu border, the movie portrays Mammootty as a humorous yet powerful gangster, while the story is driven by the character of a nine-year-old girl.